Labels

8.28.2012

എന്നെ മിഴിച്ചു നോക്കിയ ഓണം


വറുതിയുടെ പാടത്ത്
ചാഞ്ഞുനില്‍ക്കും

നോക്കുകുത്തിയില്‍ വരച്ചുചേര്‍ത്ത
സമൃദ്ധിയുടെ 
ചിരിത്തുണ്ടായ്‌ ഓണം .
അഴിഞ്ഞുലയുന്ന കാറ്റിന്നിഴകളില്‍
തൂങ്ങിപ്പറക്കുന്നത്
ഓണപ്പൂവുകള്‍ തന്‍ പാതിഗന്ധവും
പൂവിളികളുടെ തേഞ്ഞ ശീലുകളും .
മഴയുടെ ഈറനടിക്കും ഇറയത്തായ്‌
പാതിയടര്‍ന്ന കുമ്മായച്ചിത്രങ്ങളില്‍
കരിപൂശിയ മാവേലി 
വയറൊട്ടി നില്‍ക്കുന്നു .
മാറാല പിടിച്ച പത്തായത്തില്‍
സകുടുംബം വാഴുന്ന മൂഷികത്തലമുറകള്‍
അടിത്തറയുടെ മണ്ണുതുരന്നും
മാവേലിയെത്തേടുകയാണോ ?
വയല്‍ക്കിളികളെ 
പ്രണയിച്ച  ഓര്‍മ്മകളിന്നു
തൃക്കാരപ്പന്‍മാരുടെ 
നിരകളില്‍ നിന്നുയരുന്ന
പുകയേറ്റു ചുമയ്ക്കുന്നു .
പള്ളത്തി മീനിന്‍റെ പുള്ളികള്‍
ചൂണ്ടത്തുമ്പ് തേടിപ്പോകുന്ന 
ശോഷിച്ച തോടുകള്‍ .
ഒറ്റക്കാലില്‍ നോമ്പേടുത്തു അന്നം തേടുന്ന
വിശുദ്ധവെണ്മയുടെ തൂവലില്‍
കറപറ്റി യിരിക്കുന്നു.
ഇന്നിന്റെ തെരുവുകളില്‍
ചവിട്ടിത്താഴ്ത്തപ്പെട്ട  
മാവേലിയുടെ പിന്മുറക്കാര്‍
വിശപ്പളക്കുകയാണ് ,
ദൈന്യതയുടെ മുഖപടങ്ങള്‍
വാമനവര്‍ഗ്ഗത്തെയൊട്ടുമേ 
അലോസരപ്പെടുത്തുന്നുമില്ല .
കുന്നളന്നു ,പുഴയളന്നു
ആകാശം തുളയ്ക്കുമാ
നാടന്‍കളികളിലും മുഴുകിത്തിമിര്‍ക്കുന്നൂ
വാമനാവതാരലീലകള്‍  .
 .

8.27.2012

Nissar Qabbani

കൂട്ടുകാരെ,
പഴയ വാക്ക് മരിച്ചു
പഴയ പുസ്തകങ്ങളും മരിച്ചു
കീറിപ്പറിഞ്ഞ പാദുകങ്ങളെപ്പോലെ
നമ്മുടെ ഭാഷണവും മരിച്ചു.
തോല്‍വിയറിഞ്ഞ മനസ്സ് മരിച്ചതല്ലോ.
2.
നമ്മുടെ കവിതകള്‍ക്ക്‌ കയ്പ്പുരസം
രജനിയും യവനികയും മഞ്ചവും
പെണ്ണിന്റെ കൂന്തലുമെല്ലാം കയ്പ്പുരസം.
എല്ലാം തിക്തമായ്ക്കഴിഞ്ഞു.
3.
തപിക്കുന്നു എന്റെ ദേശം,
ഒരു മിന്നല്‍പിണര്‍ വീ
‎1.ശിയപ്പോള്‍
പ്രണയ കവിതകള്‍ എഴുതുന്ന കവിയില്‍ നിന്നും
വാള്‍തുമ്പ് കൊണ്ടെഴുതുന്ന കവിയായി
നീയന്നെ മാറ്റി.
4.
എന്റെ ചേതോവികാരങ്ങള്‍ വാക്കിനതീതം
നാം നമ്മുടെ കവിതകളെപ്പറ്റി ലജ്ജിക്കണം.
5.
ഒരു കിഴക്കന്‍ ബോംബു സ്ഫോടനത്തെതുടര്‍ന്ന്
ഒരീച്ചയെ പോലും കൊല്ലാത്ത വീമ്പും,
വാദ്യവും വീണയുമായി നാം യുദ്ധത്തിനു പോയി,
തോറ്റു..
6.
നമ്മുടെ വാക്കുകള്‍ പ്രവര്‍ത്തികളെക്കാള്‍ ഉച്ചത്തിലാണ്,
നമ്മുടെ വാളുകള്‍ക്ക് നമ്മളെക്കാള്‍ ഉയരവും
അതായിരുന്നു നമ്മുടെ ദുരന്തം.
7.
ചുരുക്കത്തില്‍,
നാം സംസ്കാരത്തിന്റെ മേലങ്കി
അണിഞ്ഞിട്ടുണ്ടെങ്കിലും,
നമ്മുടെ ആത്മാവ് ഇപ്പോഴും ശിലായുഗത്തിലാണ്.

8. ഈറ ക്കുഴലുംപുല്ലാന്കുഴലും കൊണ്ട്
യുദ്ധം ജയിക്കാനാവില്ല.
9.
നമ്മുടെ അക്ഷമ അമ്പതിനായിരം
കൂടാരങ്ങള്‍ നമുക്ക് സമ്മാനിച്ചിരിക്കുന്നു.
10.
സ്വര്‍ഗം നിങ്ങളെ ഉപേക്ഷിച്ചാല്‍ പഴിക്കരുത്
സാഹചര്യത്തെ പഴിക്കരുത്
ദൈവം തനിക്കിഷ്ടമുള്ളവര്‍ക്ക് ജയം കൊടുക്കും.,
ദൈവം വാളുകള്‍ മൂര്‍ച്ചപ്പെടുത്തുന്ന കൊല്ലനല്ല.
11.
പുലര്‍ച്ചെ ദുഃഖവാര്‍ത്ത കേള്‍ക്കുന്നത് വേദനാജനകം
നായ്ക്കളുടെ കുര കേള്‍ക്കുന്നതും.
12.
ശത്രുക്കള്‍ നമ്മുടെ അതിര്‍ത്തികളല്ല ലംഘിച്ചത്
അവര്‍ നമ്മുടെ ബാലഹീനതകളില്‍ കൂടി
ഉറുമ്പുകളെ പോലെ കടന്നു കൂടുകയായിരുന്നു.
13.
അയ്യായിരം വര്ഷം നാം താടിയും മുടിയും
വളര്‍ത്തിയ ഗുഹാമനുഷ്യരായിരുന്നു.
നമ്മുടെ കറന്സി നോട്ട്‌ ഇപ്പോഴും അറിയപ്പെടുന്നില്ല.
നമ്മുടെ കണ്ണുകള്‍ ഈച്ചകള്‍ക്ക് പറുദീസാ.
കൂട്ടുകാരേ,
വാതിലുകള്‍ ഇടിച്ചു തുറക്കുക
ബുദ്ധി കഴുകി വെടിപ്പാക്കുക
ഉടയാടകളും വെടിപ്പാക്കുക.
കൂട്ടുകാരെ,
പുസ്തകം വായിക്കുക
പുസ്തകം എഴുതുക
വാക്കുകളും മാതളങ്ങളും
മുന്തിരികളും വിളയിക്കുക
മൂടല്‍മഞ്ഞും ഹിമാപാതവും
നിറഞ്ഞ ദേശങ്ങളിലേക്ക് വഞ്ചിയില്‍ യാത്ര തിരിക്കുക.
നാം ഗുഹാമനുഷ്യരെന്നു ആരും അറിയുന്നില്ല
നിലവാരം കുറഞ്ഞ ഏതോ ജനുസ്സെന്നു നാം തെറ്റിദ്ധരിക്കപ്പെടും.
14.
തൊലിക്കട്ടി കൂടിയ
പൊള്ളയായ ആത്മാക്കളല്ലോ നാം,
നമ്മുടെ പകലുകള്‍ നാം ഉറങ്ങിയും
മന്ത്രവാദം ചെയ്തും ചതുരംഗം കളിച്ചും
ചിലവാക്കുന്നു.
ദൈവം മനുഷ്യരെ അനുഗ്രഹിച്ച രാജ്യമല്ലേ നമ്മള്‍?
15.
നമ്മുടെ മരുഭൂമികളിലെ എണ്ണ കിണറുകള്‍
തീക്കുന്തങ്ങളായിക്കഴിഞ്ഞു
നാം നമ്മുടെ പിതാമഹന്മാര്‍ക്ക് പരിഹാസ്യരായിക്കഴിഞ്ഞു.
നമ്മുടെ എണ്ണ വേശ്യകളുടെ കാല്വിരലുകളില്‍ കൂടി
നാം ഒഴുക്കിക്കളയുന്നു.
16.
നാം തെരുവുകളില്‍ കൂടെ ഭ്രാന്തരായി ഓടുകയാണ്
ആളുകളെ കയറില്‍ കെട്ടി വലിച്ചുകൊണ്ട്,
ചില്ല് ജാലകങ്ങള്‍ തകര്‍ത്തും താഴുകള്‍ തല്ലിപ്പൊളിച്ചും.
നാം തവളകളെ പ്പോലെ പുകഴ്ത്തുന്നു
നാം നിസ്സാരനെ വീരന്മാരാക്കുന്നു
വീരന്മാരെ ചേറ്റില്‍ തള്ളുന്നു
നാം ഒരിടത്ത് നിറുത്തിയിട്ടു ചിന്തിക്കുന്നില.
നാം പള്ളികളില്‍ വെറുതെ കുത്തിയിരിക്കും,
കവിതകള്‍ എഴുത്തും,
പഴഞ്ചൊല്ലുകള്‍ പറയും,
ജയത്തിന് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കും.
17.
ആപത്തൊന്നും പിണയാതെ പറയാന്‍ പറ്റിയാല്‍
സുല്‍ത്താനോട് ഞാന്‍ ഇങ്ങനെ പറയും:
സുല്‍ത്താന്‍,
നിന്റെ വേട്ടപ്പട്ടികള്‍
എന്റെ വസ്ത്രം കീറി,
നിന്റെ ചാരന്മാര്‍ എന്നെ വേട്ടയാടുന്നു
നിന്റെ കണ്ണുകള്‍ എന്നെ വേട്ടയാടുന്നു
നിന്റെ മൂക്കെന്നെ വേട്ടയാടുന്നു
നിന്റെ പാദങ്ങള്‍ എന്നെ വേട്ടയാടുന്നു
വിധി പോലെ എന്നെ വേട്ടയാടുന്നു
എന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നു
കൂട്ടുകാരുടെ പേര് എഴുതിയെടുക്കുന്നു.
സുല്‍ത്താന്‍,
നിന്റെ പള്ളിമേടയില്‍ വന്നെന്റെ
വേദനകള്‍ പറഞ്ഞപ്പോള്‍ നിന്റെ ഭടന്മാര്‍
എന്നെ ബൂട്ടുകള്‍ കൊണ്ട് ചവിട്ടി
എന്റെ പാദരക്ഷകള്‍ നിര്‍ബന്ധിച്ചു ഭക്ഷിപ്പിച്ചു.
സുല്‍ത്താന്‍,
നീ രണ്ടു യുദ്ധം തോറ്റു
സുല്‍ത്താന്‍,
പകുതി ജനങ്ങള്‍ക്കും നാവില്ല
നാവുകളില്ലാത്ത ജനങ്ങളെ എന്തിനു കൊള്ളാം
പകുതി ജനങ്ങള്‍ എലികളെയും ഉറുമ്പുകളെ പോലെയും
ഭിത്തികള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുന്നു
നീ രണ്ടു യുദ്ധം തോറ്റു,
നിനക്ക് കുട്ടികളുമായി ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു.
18.
നാം നമ്മുടെ ഐക്യം കുഴിച്ചു മൂടിയില്ലായിരുന്നുവേന്കില്‍
നമ്മുടെ യുവാക്കളുടെ ശരീരങ്ങള്‍ ബയനെട്ടുകള്‍ കൊണ്ട്
കീറി മുറിക്കപ്പെടില്ലായിരുന്നു,
നായ്ക്കള്‍ നമ്മുടെ മാംസം വെട്ടയാടുകയില്ലായിരുന്നു.
19.
ആകാശം ഉഴുതു മറിക്കാനും
ചരിത്രത്തെ ഊതിവീര്‍പ്പിക്കാനും
ചിന്തകളെ ഊതിവീര്‍പ്പിക്കാനും
രോഷാകുലരായ തലമുറയെ നമുക്കാവശ്യമില്ല
കുറ്റങ്ങള്‍ പൊറുക്കാത്ത, തല കുനിക്കാത്ത
ഒരു തലമുറയെ ആണ് നമുക്കാവശ്യം,
ഭീമന്മാരുടെ ഒരു തലമുറ.
20.
അറബിക്കുട്ടികളെ,
ഭാവിയുടെ ചോളക്കതിരുകളെ,
നിങ്ങള്‍ നമ്മുടെയീ ചങ്ങല പൊട്ടിക്കും
ബുദ്ധി മയക്കുന്ന കറുപ്പിനെ കൊല്ലും,
മിഥ്യാധാരണകളെ കൊല്ലും.
അറബിക്കുട്ടികളെ,
ശ്വാസം മുട്ടുന്ന ഈ തലമുറയെ വായിക്കരുത്
ഞങ്ങള്‍ക്ക് രക്ഷ ഇല്ല.
തണ്ണിമത്തന്റെ ചാറു പോലെ വിലയില്ലാത്തവര്‍.
ഞങ്ങളെ പറ്റി വായിക്കരുത്
ഞങ്ങളുടെ മനോഗതങ്ങള്‍ സ്വാംശീകരിക്കരുത്
ഞങ്ങളെ സ്വീകരിക്കരുത്
ദുര്‍ബുദ്ധികളുടെയും ജാലക്കരുടെയും
തലമുറയല്ലോ ഞങ്ങള്‍.
അറബിക്കുട്ടികളെ,
വസന്തത്തിലെ മഴയെ,
ഭാവിയുടെ ചോളക്കതിരുകളെ
തോല്‍വിയെ മറികടക്കുന്ന
തലമുറയല്ലോ നിങ്ങള്‍.
_________________________________________


neroodha നെരൂദ - നാമൊന്നടങ്ങുക

നെരൂദ - നാമൊന്നടങ്ങുക

ഇനി പന്ത്രണ്ടു വരെ എണ്ണും നാം,
പിന്നെ അനക്കമറ്റിരിക്കും നാം.

ഭൂമുഖത്തീയൊരു തവണയെങ്കിലും
ഒരു ഭാഷയും സംസാരിക്കാതിരിക്കട്ടെ നാം,
ഒരു നിമിഷത്തേക്കു നിലയ്ക്കട്ടെ നാം,
ഇത്രയ്ക്കിത്രയെങ്കിലും
കൈകളിളക്കാതെയിരിക്കട്ടെ നാം.

ഹൃദ്യമായൊരു നിമിഷമായിരിക്കുമത്,
തിരക്കുകളില്ലാതെ, എഞ്ചിനുകളില്ലാതെ,
ആകസ്മികമായൊരപരിചിതത്വത്തിൽ
പരിചയക്കാരുമാവും നാം.

തിമിംഗലങ്ങളെ ദ്രോഹിക്കില്ല
തണുത്ത കടലിലെ മുക്കുവൻ,
വെടിച്ച കൈകൾ നോക്കിനില്ക്കും
ഉപ്പളത്തിൽ ഉപ്പു കോരുന്നവൻ.

ഹരിതയുദ്ധങ്ങളൊരുക്കുന്നവർ,
വാതകയുദ്ധങ്ങൾ, അഗ്നിയുദ്ധങ്ങൾ,
ആരും ശേഷിക്കാത്ത വിജയങ്ങൾക്കു കോപ്പിടുന്നവർ,
അലക്കിത്തേച്ച വസ്ത്രങ്ങൾ ധരിക്കുമവർ,
തങ്ങളുടെ സഹോദരങ്ങൾക്കൊപ്പമുലാത്തുമവർ,
തണലത്ത്, ഒരു വസ്തു ചെയ്യാതെയും.

ജഡത്വമാണെനിക്കു വേണ്ടതെന്നു ധരിക്കരുതേ,
ജീവൻ തന്നെയാണിവിടെ വിഷയം,
മരണവുമായൊരേർപ്പാടും വേണ്ടെനിക്ക്.

ജിവിതത്തെ ഇങ്ങനെ പ്രവൃത്തിനിരതമാക്കുന്നതിൽ
ഏകാഭിപ്രായക്കാരായിരുന്നില്ല നാമെങ്കിൽ,
ഒരിക്കലെങ്കിലും ഒന്നും ചെയ്യാതിരിക്കാൻ നമുക്കായെങ്കിൽ,
ഒരു കൂറ്റൻ നിശ്ശബ്ദത തടയിട്ടുവെന്നായേനേ ഈ വിഷാദത്തെ,
ഈ അവനവനെയറിയായ്കയെ,
തുറിച്ചുനോക്കുന്ന ഈ മരണത്തെ.

ഭൂമിയ്ക്കൊരു പാഠം പഠിപ്പിക്കാനുണ്ടു നമ്മളെയെന്നും വരാം,
സർവതും മൃതമെന്നും തോന്നുമ്പോൾ,
അവയ്ക്കു ജീവനുണ്ടെന്നു പിന്നെത്തെളിയുമ്പോൾ.

ഇനി ഞാൻ പന്ത്രണ്ടു വരെയെണ്ണാൻ പോകുന്നു,
നിങ്ങൾ മിണ്ടാതനങ്ങാതിരിക്കും, ഞാൻ പോവുകയും ചെയ്യും

monaliza....Sachidanandan Ponkunnam

Sachidanandan Ponkunnam

മോണാലിസയുടെ ചിരിയുടെ രഹസ്യത്തിന്റെ ചുരുള്‍ അഴിയുന്നു ........); മോണാലിസ എന്നാ ഡാവിഞ്ചിയുടെ യുടെ വിഘ്യാത ചിത്രത്തിന്റെ മോഡല്‍ എന്ന് സംശയിക്കുന്ന ലിസാ ഗെരാര്‍ദിനിയുടെ അവശിഷ്ടങ്ങള്‍ ഇറ്റലിയിലെ ചരിത്ര ഗവേഷകര്‍ക് ഫ്ലോരെന്സിലെ ഒരു കന്യസ്ത്രി മഠത്തില്‍ നിന്ന് ലഭിച്ചു ,ഡെല്‍ ജിയോകൊണ്ടോ എന്നാ സില്‍ക്‌ വ്യാപാരിയുടെ ഭാര്യ ആയിരുന്നു ലിസാ .ഭര്‍ത്താവിന്‍റെ മരണ ശേഷം കന്യസ്ത്രി മഠത്തില്‍ ചേര്‍ന്നു ഇവര്‍ കന്യസ്ത്രി ആയി എന്ന് ഗവേഷകര്‍ പറയുന്നു.ഈ കന്യസ്ത്രി മഠത്തില്‍ വച്ച് തന്‍റെ 63-)0 വയസ്സില്‍ 1542 ജൂലൈ15 ന്നു ലിസാ മരിച്ചു എന്ന് ചരിത്രം .ഇപ്പോള്‍ ലിസയുടെ അന്ത്യവിശ്രമ മുറി ഗവേഷകര്‍ കണ്ടെത്തി അതില്‍ നിന്ന് ഒരു സ്ത്രിയുടെ തലയോട്ടിയും ,അസ്ഥികൂടവും കണ്ടത്തിയിരിക്കുന്നു.ഇതില്‍ നിന്നുള്ള ഡി .എന്‍. എ .ഫലം ലിസയുടെ കുട്ടികളുടെ അവഷിസ്ടങ്ങളുംമയി ഒത്തു നോക്കി അവ കൃത്യമായാല്‍ ഫോരോന്‍സിക് അര്ടിസ്റ്റുകള്‍ കൃത്യമായി ലിസയുടെ മുഖം പുനര്‍സൃഷ്ടിച്ചു ഡാവിഞ്ചി വരച്ച ചിത്രവുമായി ഒത്തു നോക്കിയാല്‍ ചിത്രത്തിലെ മോഡല്‍ ലിസാ തന്നെ ആണോ എന്ന് മനസ്സിലാക്കാം .ആ ചിരിയെ എല്ലാവരും പ്രണയിച്ചു .അതുകൊണ്ട് തന്നെ ആ രഹസ്യം അറിയാന്‍ ലോകവും കാത്തിരിക്കുന്നു ,ലോകത്തെ മയക്കിയ ആ ചിരിയുടെ രഹസ്യം .

വെട്ടുകിളികളുടെ ലോകം "Locusts, the flying plague" -(The Good Earth: Pearl S. Buck)

വെട്ടുകിളികളുടെ ലോകം
"Locusts, the flying plague"
(The Good Earth: Pearl S. Buck)

അപ്രകാരം എഴുതപ്പെട്ടിരിക്കുന്നു:
ഉറവകള്‍ വറ്റിത്തീരുകയും
കാറ്റുകള്‍ നിശ്ചലമാവുകയും ചെയ്യുമ്പോള്‍,
നദികള്‍ നുരഞ്ഞു നാറുകയും
ആകാശം പുകഞ്ഞു മൂടുകയും ചെയ്യുമ്പോള്‍,
പ്രാണവായുവില്‍ മരണവും
ജീവജലത്തില്‍ രോഗവും
മുലപ്പാലില്‍ വിഷവും കുമിയുമ്പോള്‍,
അവര്‍ വരിക തന്നെ ചെയ്യുമെന്ന്:

ചക്രവാളങ്ങളെ ഭീതിയില്‍ ആറാടിച്ചു
ആകാശത്തൊരു രാക്ഷസത്തിരയിളക്കമായി
അവസാനത്തെ കതിര്‍ക്കുലയും ലക്ഷ്യമാക്കി
ജീവന്റെ ഹരിതകം കുടിച്ചു വറ്റിക്കാന്‍
അവര്‍ വരിക തന്നെ ചെയ്യുമെന്ന്:

അവര്‍, സര്‍വനാശത്തിന്റെ ഉരുള്‍പൊട്ടലായി
വെട്ടുകിളിക്കൂട്ടമായി വരിക തന്നെ ചെയ്യുമെന്ന്
എഴുതപ്പെട്ടിരിക്കുന്നു:

വിത്തുകള്‍ മുളക്കാനുള്ളതല്ലെന്നും
നദികള്‍ ഒഴുകാനുള്ളതല്ലെന്നും
അവര്‍ നിന്നോട് പറയുമെന്ന് എഴുതപ്പെട്ടിരിക്കുന്നു:

മണ്ണില്‍ ചേര്‍ന്ന പിതൃക്കളാണ്‌ ചെടിയായ് മുളച്ചു
മരമായ് വളര്‍ന്നു പഴമായ് കനിയുന്നതെന്ന്
നീ അവരോടു പറയുന്നു.
അവരോ, പിതൃക്കളെ മറന്നവര്‍, മറമാടിയവര്‍;
നിനക്ക് പിറകെ നിന്നിലും ദുര്‍ബ്ബലര്‍;
അവരുടെ വാണിഭങ്ങളില്‍ ചാട്ടവാറേന്താന്‍
ഇനിയൊരുത്തനും വരാനില്ലെന്ന്
അവരുടെ ഗോത്രം തിട്ടൂരമെഴുതിയത്.

പവിത്രങ്ങളൊക്കെയും മലീമസമായ
പ്രകാശമൊക്കെയും ഇരുണ്ടുപോയ
അര്‍ത്ഥങ്ങളൊക്കെയും അനര്‍ത്ഥങ്ങളായ
ഈ അന്തക കാലത്ത്
വാണിഭങ്ങളുടെ വെട്ടുകിളിക്കൂട്ടം
വരിക തന്നെ ചെയ്യുമെന്ന്,
വന്നു മൂടുക തന്നെ ചെയ്യുമെന്ന്
എഴുതപ്പെട്ടിരിക്കുന്നു.

haikku ......................

രാവിനെ
രാകിരാകിത്തളരുന്നു
ചീവീടുകള്‍ .
****************************
ശാന്തമായ്‌
ഉരുകുന്നൊരു
മെഴുതിരി .
******************************
ചില്ലുകൂട്ടിലെ വെള്ളാരംകണ്ണുകളോടു
ചങ്ങാത്തം കൊതിച്ച്
തെരുവുബാല്യം .
********************************
വിസ്മൃതിയുടെ വള്ളിയില്‍
പൂത്തു കൊഴിയുന്ന
ഓര്‍മ്മപ്പൂക്കള്‍.
********************************
മടിപിടിച്ചുറങ്ങുന്ന
വികൃതി ചെറുക്കന്‍
പുലരി.
********************************
ചിതറിത്തെറിച്ച
നിലാത്തുള്ളികള്‍
മാനത്ത്.
*********************************
ഇരുള്‍ശിലയില്‍ നിന്നും
പകലിന്നുടല്‍ കടഞ്ഞെടുക്കുന്നു ,
സൂര്യശില്‍പ്പി .
**********************************
വെയില്‍നിലാവ്
കുടിച്ച് തളര്‍ന്ന
ഒരിളം പൂവ്.
*************************************
വര്‍ണ്ണങ്ങള്‍
ഇരുളില്‍ ഒളിപ്പിച്ച്
മുഖംകനപ്പിക്കുന്നൊരു രാവ്
*************************************
നിദ്രയുടെ ചില്ലകളില്‍
കൂടുമെനയുന്ന
സ്വപ്നക്കുരുവികള്‍...
*************************************
ഇരുട്ടില്‍
ഒരോട്ട തുളയ്ക്കുന്ന
ചൂട്ട്
*************************************
വളര്‍ത്തുമക്കളെയെല്ലാം
കെട്ടിച്ചയക്കുന്നു
വയലമ്മ .
*************************************
ഉരുകിയുറഞ്ഞൊരു
പകല്‍പ്പൊട്ട്
മാനത്ത് .
*************************************
ഇലകളില്‍
ഒരാകാശമൊളിപ്പിച്ച്
ഇല്ലിത്തലപ്പുകള്‍ .
*************************************
ഗൃഹാതുരതയുടെ
ഭാണ്ഡം പേറി പാണനാര്‍ ചമയുന്നു ,
വര്‍ത്തമാനകാലം
**************************************
വിണ്ട മണ്ണിനെയും
വരണ്ട സ്വപ്നങ്ങളേയും
ചേര്‍ത്തു തുന്നുന്നു മഴനൂലുകള്‍. ...
**************************************
ഒഴിഞ്ഞ
വലയുലച്ചു പരതുന്നു
വിശന്നുവലഞ്ഞൊരു കാറ്റ് .
**************************************
വെള്ളിദണ്ഡ് കൊണ്ടീ
ഇരുള്‍മരങ്ങളെ വകഞ്ഞു നീക്കി
ചന്ദ്രികയൊഴുകുന്നു .

Balram Cheruparambil____
Silver stream,
Splitting the dark woods in twain,
Moon beaming down.
***********************************
മഴമണം
ഒളിക്കുന്നു ;
ഇഴകളില്‍.
***********************************
എകാന്തമീ രാക്കൂട്ടില്‍
വിരഹമുറിവില്‍
വിങ്ങുന്നു നിന്നോര്‍മ്മ.
***********************************
മൌനത്തിന്‍ ബലിക്കല്ലില്‍
പ്രണയസ്വപ്നങ്ങളുടെ ;
ജീവത്യാഗം.
***********************************
അഭ്യാസവും ആഭാസവും
ജീവിതം ഒരു
ഞാണിന്മേല്‍ ക്കളി.
***********************************
ചായം മുക്കിയ
വാക്കുകളുടെ ചേലചുറ്റിച്ച്
നീയെന്നെ വലയ്ക്കുന്നുവോ....
*********************************
Love writes a transparent
calligraphy,so on
the empty page my soul
can read and recollect....

തെളിവാര്‍ന്ന ലിപികള്‍ കടഞ്ഞ് ഞാന്‍
ആത്മാവിന്‍ വെളുത്ത താളില്‍ വിതറുന്നു പ്രണയം,
ഒരു മാത്രയെങ്കിലും നിനക്കോര്‍മ്മിക്കുവാന്‍.
_എന്‍റെ ട്രാന്‍സ്‌))00))_
*****************************
കൈയ്യടികള്‍ക്കിടയിലും.
ഒറ്റവിരലിന്‍റെ;
ധ്യാനം .
*****************************
ഓര്‍മ്മക്കൂട്ടില്‍ നിഴല്‍ച്ഛായ തീര്‍ത്ത്‌
വര്‍ണ്ണപക്ഷിയുടെ
ചിറകൊച്ച .
******************************
അഴകിന്‍ കാനനപ്പുഷ്പ്പം 
വിടര്‍ന്നചെഞ്ചുണ്ടില്‍ ,
നീല വനഗന്ധം നുകരുന്നു ശലഭക്കണ്ണുക ള്‍.
*******************************
പകലിനു
ചിതയൊരുക്കുന്നു ,
അസ്തമയം.
********************************
















HAIKKU

ആഴ്ന്നിറങ്ങി
വേനല്‍ സൂര്യന്‍
ചത്ത്‌ മലച്ച് ഒരു കുഞ്ഞു തടാകം .
***********************************
തിരി ദൈവത്തിനു അര്‍ച്ചനയായ്‌
പൊഴിഞ്ഞു വീഴുന്നു
മഴത്തുമ്പികളുടെ പ്രാര്‍ഥനകള്‍ .
***********************************
രുചിമുകുളങ്ങളെ ഇക്കിളിയാക്കുന്നു
ഉപ്പില്‍ വീണുറങ്ങിയ
ഒരു ചീന്തുമാങ്ങ .
***********************************
പൂവിന്‍
സുഗന്ധത്തിലുമ്മവച്ചിരിപ്പൂ
പ്രണയം പകര്‍ന്നൊരു ശലഭം .
***********************************
നിദ്രയുടെ
തറിയില്‍ നെയ്ത പട്ടു സ്വപ്നം
ഊരിയെറിഞ്ഞ് ഉണര്‍വ്വ് .
***********************************
പകല്‍ക്കിനാവിലെയ്ക്ക്
കൂടുമാറ്റം നടത്തി
നിദ്രയുടെ വിരുന്നുകാര്‍ .
***********************************
പ്രായം നനച്ച
കടലാസുതോണി
എന്റെ ജീവിതം
***********************************
വിരല്‍ത്തുമ്പില്‍
നിന്നൂര്‍ന്നിറങ്ങുന്നൂ
ബോണ്‍സായി കവിതകള്‍ .
***********************************
വെയിലില്‍ നരച്ചും
മഴയില്‍ കുതിര്‍ന്നും
ഒരുപിടി ഓര്‍മ്മമണം.
************************************




ഒരു ഷേക്‌സ്പിയര്‍ കവിത...! പരിഭാഷ: സച്ചിദാനന്ദന്‍ അരുത് ____________________________________


ഒരു ഷേക്‌സ്പിയര്‍ കവിത...! പരിഭാഷ: സച്ചിദാനന്ദന്‍
അരുത് ____________________________________

നിന്റെ നിര്‍ദയത്വം എന്റെ ഹൃദയത്തോടു ചെയ്യുന്ന തെറ്റ്
ന്യായീകരിക്കാനെന്നോടു പറയരുതേ;
നിന്റെ കണ്ണുകൊണ്ടെന്നെ മുറിപ്പെടുത്തരുതേ, നാവുകൊണ്ടു മതി;
അധികാരം ശക്തിയോടെ ഉപയോഗിക്കൂ, അഭിനയംകൊണ്ടെന്നെ
കൊല്ലാതെ.
നിനക്കു വേറെയും കാമുകരുണ്ടെന്നു പറഞ്ഞുകൊള്ളൂ; പക്ഷേ,
ഞാന്‍ കാണെ, പ്രിയഹൃദയമേ, മറ്റുള്ളവരെ നോക്കാതിരിക്കണേ:
എന്റെ പീഡിതമായ രക്ഷാകവചത്തിനു താങ്ങാവുന്നതിലേറെ ശക്തി
നിനക്കുള്ളപ്പോള്‍ കൗശലം കൊണ്ടെന്നെ മുറിപ്പെടുത്തുന്നതെന്തിന്?
ഞാന്‍ നിനക്കു മാപ്പുതരാം: ഹാ, എന്റെ പ്രിയക്കു നന്നായറിയാം
അവളുടെ അഴകുറ്റ കണ്ണുകള്‍ എന്റെ ശത്രുക്കളായിരുന്നുവെന്ന്;
അതുകൊണ്ട് എന്റെ മുഖത്തുനിന്ന് അവള്‍ എന്റെ ശത്രുക്കളെ
മറ്റുള്ളവരെ മുറിവേല്പിക്കാനായി തിരിച്ചുവിടുകയാണ്:
എങ്കിലുമങ്ങനെ ചെയ്യരുതേ; ഞാന്‍ പാതി കൊല്ലപ്പെട്ടുകഴിഞ്ഞു
എന്നെ നിന്റെ നോട്ടത്താല്‍ നേരിട്ടുകൊല്ലൂ. എന്റെ വേദനയ്ക്ക്
അറുതി വരുത്തൂ.

സൂഫിസം _ എം.കെ.ഖരീം ================


സൂഫിസം _ എം.കെ.ഖരീം
================
‘അനുരാഗികള്‍ക്കിടയിലൊരു
വിശുദ്ധ പ്രതിജ്ഞയുണ്ട്
തമ്മില്‍ തേടാന്‍….”
ജലാലുദീന്‍ റൂമിയിലേക്ക് ഇറങ്ങുകയെന്നാല്‍ പ്രണയത്തിന്റെ അനന്ത സാഗരത്തില്‍ ആഴുകയാണ്… അവിടെ നാം നാം അല്ലാതാവുന്നു. നമ്മില്‍ എന്താണോ ഉള്ളത് അത് വെളിപ്പെടുന്നു. മുഖം മൂടികളെ പ്രണയം വിരോധിക്കുന്നു.
നമ്മില്‍ എന്തോ ഒരു കുറവുണ്ട്, അല്ലെങ്കില്‍ ഭ്രാന്തമായൊരു കൊടുങ്കാറ്റില്‍ എന്നവണ്ണം നിന്ന് പോകുന്നു. എന്തോ ഒന്ന് വന്നു ചേര്‍ന്നാല്‍ , അല്ലെങ്കില്‍ ആ ഒന്നില്‍ എത്തിയാല്‍ പരിപൂര്‍ണ സുഖമായി.. ഓരോ സന്ചാരിയിലും അതിലേക്കുള്ള യാത്രയിലെക്കാണ് .
ചിലര്‍ പറയുന്നു സൂഫിസത്തിനൊരു ഗുരു വേണമെന്ന്. ചില ആചാരങ്ങളും അനുഷ്ടാനങ്ങളും വേണമെന്ന്. സൂഫിസമെന്നാല്‍ മഹത്തായ പ്രണയം ആയിരിക്കെ പ്രണയത്തിനു എങ്ങനെ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും കുരുങ്ങാനാവും.. ഒരാള്‍ സൂഫിസത്തിലെക്കല്ല എടുത്തു ചാടേണ്ടത്‌, എന്താണോ അപൂര്‍ണതക്ക് ഹേതു അത് തേടി പുറപ്പെടുക.
നമ്മിലെ അപൂരനത തിരിച്ചറിയാതെ വേദ ഗ്രന്ഥങ്ങളില്‍ കിടന്നിട്ടെന്ത്! മനുഷ്യ ദൈവങ്ങള്‍ക്ക് പുറകെ പോയിട്ടെന്ത്.. അവരുടെയൊക്കെ പുറകെ പോകുമ്പോള്‍ താല്‍ക്കാലിക ശമനം കിട്ടിയേക്കാം. ഏതാനും ദിവസം കഴിയുന്നതോടെ നാം മരവിപ്പിലേക്ക് ആണ്ട് പോകുന്നു. അവിടെ നിന്നും എഴുന്നേല്‍പ്പിക്കാന്‍ വീണ്ടു മനുഷ്യ ദൈവം വേണ്ടിവരുന്നു.
അവരുടെ ദൈവം നിഴലുകളായി മാറുന്നു.
നിഴലുകള്‍ക്ക് ഒരാളെ രക്ഷിക്കാന്‍ ആവുന്നതെങ്ങനെ. ഇരുട്ട് വീണാല്‍ നിഴല്‍ മുങ്ങുമല്ലോ! അപ്പോള്‍ അശാന്തി ബാക്കി.
ഒരാള്‍ മറ്റേ ആളെ തേടി കൊണ്ടിരിക്കുക. ആ ആള്‍ എവിടെ എന്ന് അറിയാതിരിക്കുക. ഒരിക്കല്‍ പോലും കണ്ടില്ലെങ്കിലും പ്രണയിച്ചു കൊണ്ടേയിരിക്കുക. ചാവുന്ന വേദനയോടെ അലഞ്ഞു തിരിയുക. അത് കലര്‍പ്പില്ലാത്ത പ്രണയമാണ്. അവിടെ ഉടലുകള്‍ക്ക്‌ പ്രത്യേകിച്ചൊരു ക്രിയയുമില്ല. നല്ല വസ്ത്രം ധരിച്ചു സുഗന്ധദ്രവ്യത്തില്‍ മുങ്ങി ലിപ്സ്റ്റിക്ക്‌ അണിഞ്ഞ പ്രണയത്തെ കുറിച്ചല്ല. ആ പ്രണയം വെയിലത്തോ മഴയത്തോ നില്‍ക്കട്ടെ. ഉടല്‍ എന്നതിനപ്പുറം അത് ഒന്നുമല്ല. പ്രണയത്തിന്റെ മണമില്ലാത്ത സൌന്ദര്യ വസ്തു.
“പ്രണയത്തെ ഞാന്‍
എത്ര വര്‍ണ്ണിച്ചാലും
അതില്‍ മുങ്ങുമ്പോള്‍
ഞാന്‍ ലജ്ജാലുവാകുന്നു .’

പ്രണയത്തെ വിവരിയ്ക്കുമ്പോള്‍ തന്റെ ബുദ്ധി ചേറില്‍പ്പെട്ട കഴുതയെപ്പോലെ തലകുത്തി വീഴുന്നു എന്ന് റൂമി തുടരെ പാടുന്നു. റൂമിയുടെ ഭാഷയില്‍ പ്രണയത്തിനു മാത്രമേ പ്രണയത്തിന്റേയും,പ്രണയികളുടെയും
നിഗൂഢതകള്‍ മനസ്സിലാകൂ.
റൂമി പാടുകയെന്നാല്‍ കാണാമറയത്തെ സൂഫി പാടുക എന്നാണു. ഓരോ പദവും നമ്മുടെ ചേതനയില്‍ പൊട്ടിത്തെറിക്കുന്ന വെളിച്ചം. റൂമി പ്രണയിച്ചത്‌ ടബ്രിസിലെ ഷംസുദ്ദീന്‍ എന്ന സൂഫിയെ. അവിടെ പ്രണയം എന്നുപയോഗിക്കുമ്പോള്‍ അത് പുരുഷനും പുരുഷനും എന്ന് കണ്ടു നെറ്റി ചുളിക്കണ്ട. പണ്ട് മുതല്‍ ഇക്കാലത്തിലൂടെ തുടരുന്ന സ്വവര്‍ഗ രതിയോടു കൂട്ടി വായിക്കുകയും വേണ്ട.
എന്താണ് പ്രണയം?
അത് നമുക്ക് ആണും പെണ്ണും തമ്മിലുള്ളത്. അടുപ്പം എന്നോ ഇഷ്ടം എന്നോ ഒക്കെയാകും മറുപടി. അതും വിവാഹത്തിനു മുമ്പ്. അപ്പോള്‍ വിവാഹത്തിനു ശേഷമോ? സത്യത്തില്‍ നാമൊന്നും പ്രണയിക്കാന്‍ വളര്‍ന്നിട്ടില്ല. ഒരാണും പെണ്ണും തമ്മിലുള്ള അടുപ്പം, എന്തിനു ഒരുമിച്ചൊരു ബസ് യാത്ര പോലും അസ്വസ്ഥതയോടെ വീക്ഷിക്കുന്ന സമൂഹത്തിന് പ്രണയം എന്നത് ഒരു ദുഷിച്ച ഏര്‍പ്പാട് ആയി കാണുന്നതില്‍ അത്ഭുതമില്ല.
അത് രണ്ടു മതങ്ങളില്‍ ഉള്ളവര്‍ തമ്മിലെങ്കിലോ! നമുക്ക് പ്രണയിക്കുക എന്നാല്‍ കല്യാണം കഴിക്കുന്നതിനു വേണ്ടി. അപ്പോള്‍ മതം മാറ്റവും ഒളിച്ചോട്ടവും ഉണ്ടാകുന്നു. രണ്ടു മതത്തില്‍ ഉള്ളവര്‍ ഒരുമിച്ചു ജീവിക്കുന്നത് എന്തുകൊണ്ടാണ് നമ്മെ ഇങ്ങനെ അസ്വസ്ഥമാക്കി കൊണ്ടിരിക്കുന്നത്? കേരളം പ്രബുധതക്ക് പേരു കേട്ട നാടെന്ന് പറയുന്നു.
പ്രണയം എന്നാല്‍ വിപ്ലവം തന്നെ. എതിരിടലാണ് . യുദ്ധമാണ്. ഉടലിന്റെ ആസക്തികളോടുള്ള യുദ്ധം. യുദ്ധം എന്ന് കേള്‍ക്കുമ്പോള്‍ ഒരു ചോര പുഴയുടെ ചിത്രമാവും ലഭിക്കുക. അതുകൊണ്ട് അതിനെ ഇങ്ങനെ വായിക്കാം, ചെറുക്കുക. ശത്രുവെന്ന ഉടലിന്റെ ആസക്തിയെ ചെറുക്കുക…
ആത്മാവും ആത്മാവും തമ്മിലുള്ള അടുപ്പം, പരിണയം എന്ന നിലക്കാണ്. അവിടെ ഉടലിനു പ്രസക്തിയില്ല. എന്ന് പറഞ്ഞാല്‍ കാമ വിചാരങ്ങള്‍ ഇല്ല എന്ന് തന്നെ.
ആദ്യമായി ഒരു പ്രണയകഥ
കേട്ട നിമിഷം മുതല്‍
ഞാന്‍ നിനക്കായുള്ള
തിരച്ചില്‍ തുടങ്ങി.
തലമുറകള്‍ തോറും കേള്‍ക്കാവുന്ന റൂമിയുടെ ധ്യാനം കലര്‍ന്ന സ്വരം. കണ്ണും കാതും അടച്ചു ധ്യാനത്തിന്റെ വെളിമ്പറമ്പിലേക്ക്, രാത്രി ഏറ്റവും നിശബ്ദം ആവുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ഉടലില്ലാത്ത പ്രണയത്തിനായി ഉള്‍കണ്ണെറിയുക 

8.15.2012

ഒറ്റയ്ക്ക് വേവുന്ന വറ്റ്




മച്ചിയായുള്ളോരു 
ചോറ്റുപാത്രത്തില്‍ മെല്ലെ 
യിറ്റിറ്റുവീഴുന്ന ഉപ്പു കണ്ടോ 
സ്വപ്‌നങ്ങള്‍ പുകയുമാ 
നെഞ്ചകത്തിന്‍ ചൂടില്‍
ഒറ്റയ്ക്കു വേവുന്ന വറ്റ് കണ്ടോ ...

നാടുതെണ്ടിക്കാറ്റിന്‍ 
വിരല്‍പ്പിടിച്ചെത്തുന്ന
സ്വാദിന്‍റെ വീര്യം നീ കാണുന്നില്ലേ
വീടാകെ വാഴുമിരുട്ടില്‍പ്പരക്കുന്ന 
വേവുമണം നീയറിയുന്നുണ്ടോ..... 

പിഞ്ചിളം കണ്ണിന്‍റെ 
കൊഞ്ചലില്‍ നോക്കി 
പൊള്ളിത്തുടിക്കുന്ന 
മാറു കാണൂ ....
ഏന്തിക്കരഞ്ഞിട്ടും 
നിദ്രവരാഞ്ഞിട്ടും
ഒട്ടിയ നോവുകളൊക്കെ നോക്കൂ ...

പൊന്നളക്കും വീട്ടില്‍ 
എച്ചില്‍ക്കഴുകീട്ടു
കൈനീട്ടി നില്‍ക്കുന്നോരമ്മയുണ്ടേ ,
ഒത്തിരി വെള്ളത്തിലിത്തിരി വറ്റിനായ്‌ 
കൈനീട്ടി നില്‍ക്കുന്ന രൂപമാണെ ......





8.12.2012

Haiku

അന്തിവാനത്ത് 
ജപമാല തീര്‍ത്ത്‌ 
പക്ഷിപ്പട .
************************
പ്രഭാതത്തിലെ 
മഞ്ഞുതുള്ളികള്‍ക്കെല്ലാം
പുല്ലിന്‍റെ മുഖം .
************************
പുസ്തകത്താളിലെ 
വരകളിലൂടെ 
വരിതെറ്റിയൊരുറുംമ്പ് .
************************
ഇലകൊഴിഞ്ഞ മരത്തണലില്‍ 
ഉണങ്ങി വളഞ്ഞ പാഴ്ച്ചെടി രൂപം ,
ഒരു വൃദ്ധന്‍ .
*************************
കുതിരയ്ക്കൊപ്പം 
കുതിക്കുന്നു അതിന്‍ 
പാതി നിഴല്‍ .
*************************
ഗൃഹാതുരതയുടെ 
പൊന്തക്കാട്ടിലായ് 
മുയല്‍പ്പതുക്കങ്ങള്‍ .
*************************
മേഘപ്പാടങ്ങളില്‍ 
മയങ്ങുന്ന
മഴ വിത്തുകള്‍ .

**************************
ഇരുളുടുപ്പൂരുന്നു 
വെയില്‍ വിളക്കേന്തി 
പുലരിപ്പെണ്ണ്‍ .
**************************
ഓര്‍മ്മച്ചിതയിലായ് 
ചാരത്തിലൊളിച്ചിരിപ്പൂ
ഒരു നുള്ള് കനല്‍ .
********************
ശലഭസ്പര്‍ശം 
അരുതെന്ന് വിലക്കുന്നൂ തനുകൂമ്പിയോരാ 
തൊട്ടാവാടിച്ചെറുമിയവള്‍ .
**********************

ചിരിച്ചു മറിയുന്നു 
ഇളം കാറ്റിക്കിളിയാക്കിയ 
പുസ്തകത്താളുകള്‍ .
*************************






8.11.2012

ഹൈക്കു (haiku)

വറുതിയുടെ പാടത്തു
നോക്കുകുത്തിയില്‍ വരച്ചു ചേര്‍ത്ത 
ചിരിത്തുണ്ടായ്‌ ഓണം .
******************************
പെയ്തു പിറക്കുന്നു
നിറമില്ലാത്ത 
ആത്മാക്കള്‍ .
******************************
പുരാതന ദേവാലയ 
സ്തൂപങ്ങള്‍ പോല്‍ 
മഞ്ഞുമലകള്‍ .
*****************************
നിദ്രയുടെ പടിപ്പുരയില്‍ 
അന്നം തേടി തളര്‍ന്നു പോയ്‌ 
എന്‍റെ സ്വപ്നം .
******************************
പകലിന്‍റെ വിയര്‍പ്പേറ്റ്‌ 
കുളിരുന്നു 
ഒരു മരം .
*******************************
ചിതലരിച്ച വേരുകളില്‍ 
തലയുയര്‍ത്തി ആകാശം കാണുന്നു 
ഒരൊറ്റ മരം .
*********************************
കുതിര്‍ന്നു വീഴുന്നു 
മേഘത്താളിലെഴുതിയ 
അക്ഷരങ്ങള്‍ .
*********************************
ഇരുട്ടിനെ പാടിയുറക്കുന്നു
ഉറക്കമിളച്ചൊരു
പക്ഷി .
********************************** കൂട്ടിലടച്ച
പക്ഷിയുടെ വെപ്രാളം പോല്‍
കാറ്റിലൊരു വാഴക്കൈ .
**********************************
അസ്തമയത്തിലേക്കൂര്‍ന്നു
വീഴുന്നു
പകലിന്‍റെ നിഴലുകള്‍ .
**********************************
തിരി ദൈവത്തിനു അര്‍ച്ചനയായ്‌
പൊഴിഞ്ഞു വീഴുന്നു
മഴത്തുമ്പികളുടെ പ്രാര്‍ഥനകള്‍ .
***********************************
രുചിമുകുളങ്ങളെ ഇക്കിളിയാക്കുന്നു
ഉപ്പില്‍ വീണുറങ്ങിയ
ഒരു ചീന്തുമാങ്ങ .
*********************************
















8.07.2012

ഞാന്‍ _________



മുറിവേറ്റ ചിന്തയുടെ 
വേരാണു ഞാന്‍ 
ഞെട്ടറ്റ ശ്വാസത്തിന്‍ 
കാഴ്ചയാണ് .
മുറിവില്‍പ്പടര്‍ന്ന
കാറ്റിനെ പ്രണയിച്ച 
നോവും ഞാനേ 
നിറമുള്ള നൂലിന്‍റെ ഇഴയെടുത്തു 
കാഴ്ച്ചമറച്ചൊരു 
സൂചിക്കുഴയും ഞാനേ 

നീന്തിത്തുടിക്കുവാന്‍ 
സ്വപ്നം തീര്‍ത്ത 
അരയന്നപ്പിടയുടെ മിനുപ്പ്‌ ഞാന്‍ .
നാരായമുനയുടെ തുരുബെടുത്തു 
വാക്കിന്‍ പിറവിക്ക് 
നൂറു തേച്ചു 
കാഷായ വസ്ത്രത്തിന്‍ 
ത്തുമ്പു കൊണ്ട്
മാറുമറച്ചൊരു 
കവിത ഞാനേ .

മുള്ളിന്‍റെ മുനയുടെ മൂര്‍ച്ചകൂട്ടി 
പമ്മിക്കിടക്കും വികാരമൊന്നായ്‌ 
ചേര്‍ത്തു ചിരിച്ചൊരാ 
പൂവും ഞാനേ .
അലിയാത്ത കല്ലിന്‍റെ നീരെടുത്ത് 
മങ്ങാത്ത കാഴ്ചതന്‍ നീറ്റലില്‍ 
കണ്ണെഴുതിയൊരാ 
പെണ്ണും ഞാനേ.

തളര്‍ന്നു കൊഴിഞ്ഞോരാ 
ഇതളുകളെ 
കാഞ്ഞിരച്ചാറു തളിച്ചുണര്‍ത്തി 
വറ്റാത്ത വാക്കിന്‍റെ 
പുഴയോഴുക്കാന്‍ 
ഈര്‍ക്കിലു കൊണ്ടൊരുറവ തീര്‍ത്തു 

നാടാകെ വീശുന്ന 
കാറ്റിന്‍റെ കവിളിലായ്
ഇന്നു ഞാന്‍ നുള്ളിച്ചേര്‍ത്തതു 
മഞ്ഞളിന്‍ മണമുള്ളോരാനുള്ള് 
സിന്ദൂരമല്ലോ ..... .
________________________________

ധ്യാനിക്കുന്ന മൌനം ____________



നിശബ്ദതതയുടെ അറകളില്‍ 
വാക്കുകളുടെ ഒരുതിരി 
ധ്യാനമിരിക്കുന്നുണ്ട് 

അനന്ത വിഹായസ്സിലെ 
വെളിച്ചത്തിന്‍റെയും ഇരുളിന്‍റെയും 
ഇഴകള്‍ വേര്‍തിരിച്ചു 
ഭൂമിയുടെ ഉറവകളെ തൊട്ടുനോക്കി 
പക്ഷിയുടെ ചിറകില്‍ പറ്റിയിരുന്ന് 
യാത്രപോവുകയാണ് 
ഒരു മൌനം.

ചവച്ചു തുപ്പിയ വാക്കുകളില്‍ 
ചോര മണക്കുന്ന ദീര്‍ഘങ്ങള്‍ 
പിടഞ്ഞു വീഴുന്നത് 
പ്രതികാരത്തിന്‍റെ
ഉയര്‍ത്തെഴുന്നേല്‍പ്പിലേക്കായിരുന്നു . 
മുറുക്കിത്തുപ്പിയ ചില്ലക്ഷരങ്ങള്‍ 
നിസ്സഹായതയുടെ ആഴങ്ങളിലേയ്ക്ക് 
വലിച്ചെടുക്കപ്പെട്ടത്‌ 
പുതു അര്‍ത്ഥങ്ങളെ 
ഗര്‍ഭം ധരിച്ചായിരുന്നു.
മൌനത്തിന്‍റെ ശംഖിലേയ്ക്ക് 
ഒളിഞ്ഞു നോക്കിയ കാറ്റില്‍ 
പുളഞ്ഞുണര്‍ന്നതു 
നോമ്പ് നോറ്റിരുന്ന സത്യങ്ങളുടെ
തിരയിളക്കങ്ങളും .

അടച്ചു വച്ച ചിന്തയുടെ 
പുസ്തകങ്ങളില്‍ നിന്നും 
ഇറങ്ങി വരുവാന്‍ മടിച്ചു 
ഒരു കൂട്ടം അക്ഷരയോഗികള്‍ 
മൌനമന്ത്രങ്ങള്‍ ജപിക്കുന്നുണ്ട്.
ചിന്തയുടെ മൌനത്തിലെയ്ക്കു
തെന്നി വീണ അക്ഷരത്തരികള്‍ 
ഉറഞ്ഞ അര്‍ത്ഥങ്ങളില്‍ പറ്റിയിരുന്ന് 
ചിണുങ്ങുകയാണ് . 

അപ്പോഴും 
ഉറക്കത്തിന്‍റെ താളുകള്‍ ചേര്‍ത്തടുക്കി 
ഒരുപിടി ഓര്‍മ്മമണംഞാന്‍ 
നെഞ്ചോടു ചേര്‍ക്കുന്നുണ്ടായിരുന്നു .
______________________________

8.05.2012

ഹൈക്കു

ചുമരില്‍
പറ്റിപ്പിടിചിരിക്കുന്നു
ഒരുതുള്ളി സൂര്യന്‍ .

എരിയുന്ന തിരികള്‍ പോലെ
എത്ര മനോഹരമീ
ഗോതമ്പു കതിരുകള്‍ .

പൂക്കളിലേയ്ക്ക്
പ്രാര്‍ഥനകള്‍ പോലുതിരുന്നു ,
മഴമന്ത്രങ്ങള്‍  .

മഴമന്ത്രങ്ങളോടൊത്ത്
ഇതളടര്‍ത്തിയൊരു പൂവിന്‍
മോക്ഷാര്‍ച്ചന .

ദാഹമറിയിച്ച്
ഒരായിരം വായകീറി
തരിശുനിലം .

.പാതിപകുത്ത ദിനത്തിന്‍
മറുപുറം തേടിയലയുന്നു
രാപ്പക്ഷികള്‍ .

വയ്ക്കോല്‍ മണമുള്ള മാമ്പഴത്തില്‍
മുത്തശ്ശിയുടെ
വിരല്‍പ്പാടെനിക്കിന്നന്യമാണ്.

രാവിന്‍റെ മാറില്‍
വേരിറക്കി വാഴുന്നു
ഇരുള്‍ മരങ്ങള്‍ .

വേട്ടാള ശില്‍പ്പികള്‍
ചുവരില്‍ വിരിയിക്കുന്നൊരു
വിചിത്രപുഷ്പ്പം .

ഇരുള്‍ത്തുരങ്കം താണ്ടി
മഴപ്പൂക്കള്‍ വിതറി വരുന്നു
സൂര്യസഞ്ചാരി .

പുല്ലാങ്കുഴലിലൂടെ
ഒഴുകിയിറങ്ങുന്നൂ
താന്തോന്നിക്കാറ്റ് .

രാവിന്‍ ഗര്‍ഭത്തില്‍ നിന്നും
ഊര്‍ന്നു പിറക്കുന്നു
പുലര്‍ പൈതല്‍  .

വെയില്‍ത്തൂവിയ പാടത്ത്
വിതയെറിയുന്നു
ഇരുട്ട് .

മഴമേഘങ്ങളെ
ആട്ടിത്തെളിക്കുന്നു
കാലിച്ചെറുക്കന്‍ കാറ്റ് .

പൂക്കളെ ധ്യാനിച്ചു
വര്‍ണ്ണച്ചിറകു വരം വാങ്ങി
പുഴുവിന്നുടല്‍ പറക്കുന്നു .

മഴയുടെ
ചിതയെരിക്കുന്നു
ചിങ്ങ വെയില്‍

ആര്‍ക്കും വഴങ്ങാതെ
ലാളിത്യത്തിലും വന്യമായൊരു
സ്വനമായ്‌ നീ .

വീണ പൂക്കള്‍ക്ക്‌
ചരമഗീതം പാടി വിടരുന്നു
പൂമൊട്ടുകള്‍ .

എന്‍റെ മുറിവേറ്റ ഹൃത്തില്‍
പിടയ്ക്കുന്നൊരു
ചിറകറ്റ പക്ഷി .

ഇരുളിന്‍റെ
നിഴലുകള്‍ മുളയ്ക്കുന്നു
പകലിന്‍റെ എക്കലടിഞ്ഞ തീരത്ത് .

ഇരുളും വെളിച്ചവും
തണ്ടില്‍ കൊരുത്ത്
ദിനം .

ജീവിത നിമിഷങ്ങളോരോന്നും
പകര്‍ത്തിയെഴുതുമ്പോള്‍
ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്ന
നീയെന്ന കവിതയെ ഞാനെങ്ങനെ മാറ്റിനിറുത്തും .