8.27.2012

വെട്ടുകിളികളുടെ ലോകം "Locusts, the flying plague" -(The Good Earth: Pearl S. Buck)

വെട്ടുകിളികളുടെ ലോകം
"Locusts, the flying plague"
(The Good Earth: Pearl S. Buck)

അപ്രകാരം എഴുതപ്പെട്ടിരിക്കുന്നു:
ഉറവകള്‍ വറ്റിത്തീരുകയും
കാറ്റുകള്‍ നിശ്ചലമാവുകയും ചെയ്യുമ്പോള്‍,
നദികള്‍ നുരഞ്ഞു നാറുകയും
ആകാശം പുകഞ്ഞു മൂടുകയും ചെയ്യുമ്പോള്‍,
പ്രാണവായുവില്‍ മരണവും
ജീവജലത്തില്‍ രോഗവും
മുലപ്പാലില്‍ വിഷവും കുമിയുമ്പോള്‍,
അവര്‍ വരിക തന്നെ ചെയ്യുമെന്ന്:

ചക്രവാളങ്ങളെ ഭീതിയില്‍ ആറാടിച്ചു
ആകാശത്തൊരു രാക്ഷസത്തിരയിളക്കമായി
അവസാനത്തെ കതിര്‍ക്കുലയും ലക്ഷ്യമാക്കി
ജീവന്റെ ഹരിതകം കുടിച്ചു വറ്റിക്കാന്‍
അവര്‍ വരിക തന്നെ ചെയ്യുമെന്ന്:

അവര്‍, സര്‍വനാശത്തിന്റെ ഉരുള്‍പൊട്ടലായി
വെട്ടുകിളിക്കൂട്ടമായി വരിക തന്നെ ചെയ്യുമെന്ന്
എഴുതപ്പെട്ടിരിക്കുന്നു:

വിത്തുകള്‍ മുളക്കാനുള്ളതല്ലെന്നും
നദികള്‍ ഒഴുകാനുള്ളതല്ലെന്നും
അവര്‍ നിന്നോട് പറയുമെന്ന് എഴുതപ്പെട്ടിരിക്കുന്നു:

മണ്ണില്‍ ചേര്‍ന്ന പിതൃക്കളാണ്‌ ചെടിയായ് മുളച്ചു
മരമായ് വളര്‍ന്നു പഴമായ് കനിയുന്നതെന്ന്
നീ അവരോടു പറയുന്നു.
അവരോ, പിതൃക്കളെ മറന്നവര്‍, മറമാടിയവര്‍;
നിനക്ക് പിറകെ നിന്നിലും ദുര്‍ബ്ബലര്‍;
അവരുടെ വാണിഭങ്ങളില്‍ ചാട്ടവാറേന്താന്‍
ഇനിയൊരുത്തനും വരാനില്ലെന്ന്
അവരുടെ ഗോത്രം തിട്ടൂരമെഴുതിയത്.

പവിത്രങ്ങളൊക്കെയും മലീമസമായ
പ്രകാശമൊക്കെയും ഇരുണ്ടുപോയ
അര്‍ത്ഥങ്ങളൊക്കെയും അനര്‍ത്ഥങ്ങളായ
ഈ അന്തക കാലത്ത്
വാണിഭങ്ങളുടെ വെട്ടുകിളിക്കൂട്ടം
വരിക തന്നെ ചെയ്യുമെന്ന്,
വന്നു മൂടുക തന്നെ ചെയ്യുമെന്ന്
എഴുതപ്പെട്ടിരിക്കുന്നു.