8.05.2012

ഹൈക്കു

ചുമരില്‍
പറ്റിപ്പിടിചിരിക്കുന്നു
ഒരുതുള്ളി സൂര്യന്‍ .

എരിയുന്ന തിരികള്‍ പോലെ
എത്ര മനോഹരമീ
ഗോതമ്പു കതിരുകള്‍ .

പൂക്കളിലേയ്ക്ക്
പ്രാര്‍ഥനകള്‍ പോലുതിരുന്നു ,
മഴമന്ത്രങ്ങള്‍  .

മഴമന്ത്രങ്ങളോടൊത്ത്
ഇതളടര്‍ത്തിയൊരു പൂവിന്‍
മോക്ഷാര്‍ച്ചന .

ദാഹമറിയിച്ച്
ഒരായിരം വായകീറി
തരിശുനിലം .

.പാതിപകുത്ത ദിനത്തിന്‍
മറുപുറം തേടിയലയുന്നു
രാപ്പക്ഷികള്‍ .

വയ്ക്കോല്‍ മണമുള്ള മാമ്പഴത്തില്‍
മുത്തശ്ശിയുടെ
വിരല്‍പ്പാടെനിക്കിന്നന്യമാണ്.

രാവിന്‍റെ മാറില്‍
വേരിറക്കി വാഴുന്നു
ഇരുള്‍ മരങ്ങള്‍ .

വേട്ടാള ശില്‍പ്പികള്‍
ചുവരില്‍ വിരിയിക്കുന്നൊരു
വിചിത്രപുഷ്പ്പം .

ഇരുള്‍ത്തുരങ്കം താണ്ടി
മഴപ്പൂക്കള്‍ വിതറി വരുന്നു
സൂര്യസഞ്ചാരി .

പുല്ലാങ്കുഴലിലൂടെ
ഒഴുകിയിറങ്ങുന്നൂ
താന്തോന്നിക്കാറ്റ് .

രാവിന്‍ ഗര്‍ഭത്തില്‍ നിന്നും
ഊര്‍ന്നു പിറക്കുന്നു
പുലര്‍ പൈതല്‍  .

വെയില്‍ത്തൂവിയ പാടത്ത്
വിതയെറിയുന്നു
ഇരുട്ട് .

മഴമേഘങ്ങളെ
ആട്ടിത്തെളിക്കുന്നു
കാലിച്ചെറുക്കന്‍ കാറ്റ് .

പൂക്കളെ ധ്യാനിച്ചു
വര്‍ണ്ണച്ചിറകു വരം വാങ്ങി
പുഴുവിന്നുടല്‍ പറക്കുന്നു .

മഴയുടെ
ചിതയെരിക്കുന്നു
ചിങ്ങ വെയില്‍

ആര്‍ക്കും വഴങ്ങാതെ
ലാളിത്യത്തിലും വന്യമായൊരു
സ്വനമായ്‌ നീ .

വീണ പൂക്കള്‍ക്ക്‌
ചരമഗീതം പാടി വിടരുന്നു
പൂമൊട്ടുകള്‍ .

എന്‍റെ മുറിവേറ്റ ഹൃത്തില്‍
പിടയ്ക്കുന്നൊരു
ചിറകറ്റ പക്ഷി .

ഇരുളിന്‍റെ
നിഴലുകള്‍ മുളയ്ക്കുന്നു
പകലിന്‍റെ എക്കലടിഞ്ഞ തീരത്ത് .

ഇരുളും വെളിച്ചവും
തണ്ടില്‍ കൊരുത്ത്
ദിനം .

ജീവിത നിമിഷങ്ങളോരോന്നും
പകര്‍ത്തിയെഴുതുമ്പോള്‍
ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്ന
നീയെന്ന കവിതയെ ഞാനെങ്ങനെ മാറ്റിനിറുത്തും .