8.15.2012

ഒറ്റയ്ക്ക് വേവുന്ന വറ്റ്
മച്ചിയായുള്ളോരു 
ചോറ്റുപാത്രത്തില്‍ മെല്ലെ 
യിറ്റിറ്റുവീഴുന്ന ഉപ്പു കണ്ടോ 
സ്വപ്‌നങ്ങള്‍ പുകയുമാ 
നെഞ്ചകത്തിന്‍ ചൂടില്‍
ഒറ്റയ്ക്കു വേവുന്ന വറ്റ് കണ്ടോ ...

നാടുതെണ്ടിക്കാറ്റിന്‍ 
വിരല്‍പ്പിടിച്ചെത്തുന്ന
സ്വാദിന്‍റെ വീര്യം നീ കാണുന്നില്ലേ
വീടാകെ വാഴുമിരുട്ടില്‍പ്പരക്കുന്ന 
വേവുമണം നീയറിയുന്നുണ്ടോ..... 

പിഞ്ചിളം കണ്ണിന്‍റെ 
കൊഞ്ചലില്‍ നോക്കി 
പൊള്ളിത്തുടിക്കുന്ന 
മാറു കാണൂ ....
ഏന്തിക്കരഞ്ഞിട്ടും 
നിദ്രവരാഞ്ഞിട്ടും
ഒട്ടിയ നോവുകളൊക്കെ നോക്കൂ ...

പൊന്നളക്കും വീട്ടില്‍ 
എച്ചില്‍ക്കഴുകീട്ടു
കൈനീട്ടി നില്‍ക്കുന്നോരമ്മയുണ്ടേ ,
ഒത്തിരി വെള്ളത്തിലിത്തിരി വറ്റിനായ്‌ 
കൈനീട്ടി നില്‍ക്കുന്ന രൂപമാണെ ......