8.11.2012

ഹൈക്കു (haiku)

വറുതിയുടെ പാടത്തു
നോക്കുകുത്തിയില്‍ വരച്ചു ചേര്‍ത്ത 
ചിരിത്തുണ്ടായ്‌ ഓണം .
******************************
പെയ്തു പിറക്കുന്നു
നിറമില്ലാത്ത 
ആത്മാക്കള്‍ .
******************************
പുരാതന ദേവാലയ 
സ്തൂപങ്ങള്‍ പോല്‍ 
മഞ്ഞുമലകള്‍ .
*****************************
നിദ്രയുടെ പടിപ്പുരയില്‍ 
അന്നം തേടി തളര്‍ന്നു പോയ്‌ 
എന്‍റെ സ്വപ്നം .
******************************
പകലിന്‍റെ വിയര്‍പ്പേറ്റ്‌ 
കുളിരുന്നു 
ഒരു മരം .
*******************************
ചിതലരിച്ച വേരുകളില്‍ 
തലയുയര്‍ത്തി ആകാശം കാണുന്നു 
ഒരൊറ്റ മരം .
*********************************
കുതിര്‍ന്നു വീഴുന്നു 
മേഘത്താളിലെഴുതിയ 
അക്ഷരങ്ങള്‍ .
*********************************
ഇരുട്ടിനെ പാടിയുറക്കുന്നു
ഉറക്കമിളച്ചൊരു
പക്ഷി .
********************************** കൂട്ടിലടച്ച
പക്ഷിയുടെ വെപ്രാളം പോല്‍
കാറ്റിലൊരു വാഴക്കൈ .
**********************************
അസ്തമയത്തിലേക്കൂര്‍ന്നു
വീഴുന്നു
പകലിന്‍റെ നിഴലുകള്‍ .
**********************************
തിരി ദൈവത്തിനു അര്‍ച്ചനയായ്‌
പൊഴിഞ്ഞു വീഴുന്നു
മഴത്തുമ്പികളുടെ പ്രാര്‍ഥനകള്‍ .
***********************************
രുചിമുകുളങ്ങളെ ഇക്കിളിയാക്കുന്നു
ഉപ്പില്‍ വീണുറങ്ങിയ
ഒരു ചീന്തുമാങ്ങ .
*********************************