8.27.2012

Nissar Qabbani

കൂട്ടുകാരെ,
പഴയ വാക്ക് മരിച്ചു
പഴയ പുസ്തകങ്ങളും മരിച്ചു
കീറിപ്പറിഞ്ഞ പാദുകങ്ങളെപ്പോലെ
നമ്മുടെ ഭാഷണവും മരിച്ചു.
തോല്‍വിയറിഞ്ഞ മനസ്സ് മരിച്ചതല്ലോ.
2.
നമ്മുടെ കവിതകള്‍ക്ക്‌ കയ്പ്പുരസം
രജനിയും യവനികയും മഞ്ചവും
പെണ്ണിന്റെ കൂന്തലുമെല്ലാം കയ്പ്പുരസം.
എല്ലാം തിക്തമായ്ക്കഴിഞ്ഞു.
3.
തപിക്കുന്നു എന്റെ ദേശം,
ഒരു മിന്നല്‍പിണര്‍ വീ
‎1.ശിയപ്പോള്‍
പ്രണയ കവിതകള്‍ എഴുതുന്ന കവിയില്‍ നിന്നും
വാള്‍തുമ്പ് കൊണ്ടെഴുതുന്ന കവിയായി
നീയന്നെ മാറ്റി.
4.
എന്റെ ചേതോവികാരങ്ങള്‍ വാക്കിനതീതം
നാം നമ്മുടെ കവിതകളെപ്പറ്റി ലജ്ജിക്കണം.
5.
ഒരു കിഴക്കന്‍ ബോംബു സ്ഫോടനത്തെതുടര്‍ന്ന്
ഒരീച്ചയെ പോലും കൊല്ലാത്ത വീമ്പും,
വാദ്യവും വീണയുമായി നാം യുദ്ധത്തിനു പോയി,
തോറ്റു..
6.
നമ്മുടെ വാക്കുകള്‍ പ്രവര്‍ത്തികളെക്കാള്‍ ഉച്ചത്തിലാണ്,
നമ്മുടെ വാളുകള്‍ക്ക് നമ്മളെക്കാള്‍ ഉയരവും
അതായിരുന്നു നമ്മുടെ ദുരന്തം.
7.
ചുരുക്കത്തില്‍,
നാം സംസ്കാരത്തിന്റെ മേലങ്കി
അണിഞ്ഞിട്ടുണ്ടെങ്കിലും,
നമ്മുടെ ആത്മാവ് ഇപ്പോഴും ശിലായുഗത്തിലാണ്.

8. ഈറ ക്കുഴലുംപുല്ലാന്കുഴലും കൊണ്ട്
യുദ്ധം ജയിക്കാനാവില്ല.
9.
നമ്മുടെ അക്ഷമ അമ്പതിനായിരം
കൂടാരങ്ങള്‍ നമുക്ക് സമ്മാനിച്ചിരിക്കുന്നു.
10.
സ്വര്‍ഗം നിങ്ങളെ ഉപേക്ഷിച്ചാല്‍ പഴിക്കരുത്
സാഹചര്യത്തെ പഴിക്കരുത്
ദൈവം തനിക്കിഷ്ടമുള്ളവര്‍ക്ക് ജയം കൊടുക്കും.,
ദൈവം വാളുകള്‍ മൂര്‍ച്ചപ്പെടുത്തുന്ന കൊല്ലനല്ല.
11.
പുലര്‍ച്ചെ ദുഃഖവാര്‍ത്ത കേള്‍ക്കുന്നത് വേദനാജനകം
നായ്ക്കളുടെ കുര കേള്‍ക്കുന്നതും.
12.
ശത്രുക്കള്‍ നമ്മുടെ അതിര്‍ത്തികളല്ല ലംഘിച്ചത്
അവര്‍ നമ്മുടെ ബാലഹീനതകളില്‍ കൂടി
ഉറുമ്പുകളെ പോലെ കടന്നു കൂടുകയായിരുന്നു.
13.
അയ്യായിരം വര്ഷം നാം താടിയും മുടിയും
വളര്‍ത്തിയ ഗുഹാമനുഷ്യരായിരുന്നു.
നമ്മുടെ കറന്സി നോട്ട്‌ ഇപ്പോഴും അറിയപ്പെടുന്നില്ല.
നമ്മുടെ കണ്ണുകള്‍ ഈച്ചകള്‍ക്ക് പറുദീസാ.
കൂട്ടുകാരേ,
വാതിലുകള്‍ ഇടിച്ചു തുറക്കുക
ബുദ്ധി കഴുകി വെടിപ്പാക്കുക
ഉടയാടകളും വെടിപ്പാക്കുക.
കൂട്ടുകാരെ,
പുസ്തകം വായിക്കുക
പുസ്തകം എഴുതുക
വാക്കുകളും മാതളങ്ങളും
മുന്തിരികളും വിളയിക്കുക
മൂടല്‍മഞ്ഞും ഹിമാപാതവും
നിറഞ്ഞ ദേശങ്ങളിലേക്ക് വഞ്ചിയില്‍ യാത്ര തിരിക്കുക.
നാം ഗുഹാമനുഷ്യരെന്നു ആരും അറിയുന്നില്ല
നിലവാരം കുറഞ്ഞ ഏതോ ജനുസ്സെന്നു നാം തെറ്റിദ്ധരിക്കപ്പെടും.
14.
തൊലിക്കട്ടി കൂടിയ
പൊള്ളയായ ആത്മാക്കളല്ലോ നാം,
നമ്മുടെ പകലുകള്‍ നാം ഉറങ്ങിയും
മന്ത്രവാദം ചെയ്തും ചതുരംഗം കളിച്ചും
ചിലവാക്കുന്നു.
ദൈവം മനുഷ്യരെ അനുഗ്രഹിച്ച രാജ്യമല്ലേ നമ്മള്‍?
15.
നമ്മുടെ മരുഭൂമികളിലെ എണ്ണ കിണറുകള്‍
തീക്കുന്തങ്ങളായിക്കഴിഞ്ഞു
നാം നമ്മുടെ പിതാമഹന്മാര്‍ക്ക് പരിഹാസ്യരായിക്കഴിഞ്ഞു.
നമ്മുടെ എണ്ണ വേശ്യകളുടെ കാല്വിരലുകളില്‍ കൂടി
നാം ഒഴുക്കിക്കളയുന്നു.
16.
നാം തെരുവുകളില്‍ കൂടെ ഭ്രാന്തരായി ഓടുകയാണ്
ആളുകളെ കയറില്‍ കെട്ടി വലിച്ചുകൊണ്ട്,
ചില്ല് ജാലകങ്ങള്‍ തകര്‍ത്തും താഴുകള്‍ തല്ലിപ്പൊളിച്ചും.
നാം തവളകളെ പ്പോലെ പുകഴ്ത്തുന്നു
നാം നിസ്സാരനെ വീരന്മാരാക്കുന്നു
വീരന്മാരെ ചേറ്റില്‍ തള്ളുന്നു
നാം ഒരിടത്ത് നിറുത്തിയിട്ടു ചിന്തിക്കുന്നില.
നാം പള്ളികളില്‍ വെറുതെ കുത്തിയിരിക്കും,
കവിതകള്‍ എഴുത്തും,
പഴഞ്ചൊല്ലുകള്‍ പറയും,
ജയത്തിന് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കും.
17.
ആപത്തൊന്നും പിണയാതെ പറയാന്‍ പറ്റിയാല്‍
സുല്‍ത്താനോട് ഞാന്‍ ഇങ്ങനെ പറയും:
സുല്‍ത്താന്‍,
നിന്റെ വേട്ടപ്പട്ടികള്‍
എന്റെ വസ്ത്രം കീറി,
നിന്റെ ചാരന്മാര്‍ എന്നെ വേട്ടയാടുന്നു
നിന്റെ കണ്ണുകള്‍ എന്നെ വേട്ടയാടുന്നു
നിന്റെ മൂക്കെന്നെ വേട്ടയാടുന്നു
നിന്റെ പാദങ്ങള്‍ എന്നെ വേട്ടയാടുന്നു
വിധി പോലെ എന്നെ വേട്ടയാടുന്നു
എന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നു
കൂട്ടുകാരുടെ പേര് എഴുതിയെടുക്കുന്നു.
സുല്‍ത്താന്‍,
നിന്റെ പള്ളിമേടയില്‍ വന്നെന്റെ
വേദനകള്‍ പറഞ്ഞപ്പോള്‍ നിന്റെ ഭടന്മാര്‍
എന്നെ ബൂട്ടുകള്‍ കൊണ്ട് ചവിട്ടി
എന്റെ പാദരക്ഷകള്‍ നിര്‍ബന്ധിച്ചു ഭക്ഷിപ്പിച്ചു.
സുല്‍ത്താന്‍,
നീ രണ്ടു യുദ്ധം തോറ്റു
സുല്‍ത്താന്‍,
പകുതി ജനങ്ങള്‍ക്കും നാവില്ല
നാവുകളില്ലാത്ത ജനങ്ങളെ എന്തിനു കൊള്ളാം
പകുതി ജനങ്ങള്‍ എലികളെയും ഉറുമ്പുകളെ പോലെയും
ഭിത്തികള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുന്നു
നീ രണ്ടു യുദ്ധം തോറ്റു,
നിനക്ക് കുട്ടികളുമായി ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു.
18.
നാം നമ്മുടെ ഐക്യം കുഴിച്ചു മൂടിയില്ലായിരുന്നുവേന്കില്‍
നമ്മുടെ യുവാക്കളുടെ ശരീരങ്ങള്‍ ബയനെട്ടുകള്‍ കൊണ്ട്
കീറി മുറിക്കപ്പെടില്ലായിരുന്നു,
നായ്ക്കള്‍ നമ്മുടെ മാംസം വെട്ടയാടുകയില്ലായിരുന്നു.
19.
ആകാശം ഉഴുതു മറിക്കാനും
ചരിത്രത്തെ ഊതിവീര്‍പ്പിക്കാനും
ചിന്തകളെ ഊതിവീര്‍പ്പിക്കാനും
രോഷാകുലരായ തലമുറയെ നമുക്കാവശ്യമില്ല
കുറ്റങ്ങള്‍ പൊറുക്കാത്ത, തല കുനിക്കാത്ത
ഒരു തലമുറയെ ആണ് നമുക്കാവശ്യം,
ഭീമന്മാരുടെ ഒരു തലമുറ.
20.
അറബിക്കുട്ടികളെ,
ഭാവിയുടെ ചോളക്കതിരുകളെ,
നിങ്ങള്‍ നമ്മുടെയീ ചങ്ങല പൊട്ടിക്കും
ബുദ്ധി മയക്കുന്ന കറുപ്പിനെ കൊല്ലും,
മിഥ്യാധാരണകളെ കൊല്ലും.
അറബിക്കുട്ടികളെ,
ശ്വാസം മുട്ടുന്ന ഈ തലമുറയെ വായിക്കരുത്
ഞങ്ങള്‍ക്ക് രക്ഷ ഇല്ല.
തണ്ണിമത്തന്റെ ചാറു പോലെ വിലയില്ലാത്തവര്‍.
ഞങ്ങളെ പറ്റി വായിക്കരുത്
ഞങ്ങളുടെ മനോഗതങ്ങള്‍ സ്വാംശീകരിക്കരുത്
ഞങ്ങളെ സ്വീകരിക്കരുത്
ദുര്‍ബുദ്ധികളുടെയും ജാലക്കരുടെയും
തലമുറയല്ലോ ഞങ്ങള്‍.
അറബിക്കുട്ടികളെ,
വസന്തത്തിലെ മഴയെ,
ഭാവിയുടെ ചോളക്കതിരുകളെ
തോല്‍വിയെ മറികടക്കുന്ന
തലമുറയല്ലോ നിങ്ങള്‍.
_________________________________________