8.28.2012

എന്നെ മിഴിച്ചു നോക്കിയ ഓണം


വറുതിയുടെ പാടത്ത്
ചാഞ്ഞുനില്‍ക്കും

നോക്കുകുത്തിയില്‍ വരച്ചുചേര്‍ത്ത
സമൃദ്ധിയുടെ 
ചിരിത്തുണ്ടായ്‌ ഓണം .
അഴിഞ്ഞുലയുന്ന കാറ്റിന്നിഴകളില്‍
തൂങ്ങിപ്പറക്കുന്നത്
ഓണപ്പൂവുകള്‍ തന്‍ പാതിഗന്ധവും
പൂവിളികളുടെ തേഞ്ഞ ശീലുകളും .
മഴയുടെ ഈറനടിക്കും ഇറയത്തായ്‌
പാതിയടര്‍ന്ന കുമ്മായച്ചിത്രങ്ങളില്‍
കരിപൂശിയ മാവേലി 
വയറൊട്ടി നില്‍ക്കുന്നു .
മാറാല പിടിച്ച പത്തായത്തില്‍
സകുടുംബം വാഴുന്ന മൂഷികത്തലമുറകള്‍
അടിത്തറയുടെ മണ്ണുതുരന്നും
മാവേലിയെത്തേടുകയാണോ ?
വയല്‍ക്കിളികളെ 
പ്രണയിച്ച  ഓര്‍മ്മകളിന്നു
തൃക്കാരപ്പന്‍മാരുടെ 
നിരകളില്‍ നിന്നുയരുന്ന
പുകയേറ്റു ചുമയ്ക്കുന്നു .
പള്ളത്തി മീനിന്‍റെ പുള്ളികള്‍
ചൂണ്ടത്തുമ്പ് തേടിപ്പോകുന്ന 
ശോഷിച്ച തോടുകള്‍ .
ഒറ്റക്കാലില്‍ നോമ്പേടുത്തു അന്നം തേടുന്ന
വിശുദ്ധവെണ്മയുടെ തൂവലില്‍
കറപറ്റി യിരിക്കുന്നു.
ഇന്നിന്റെ തെരുവുകളില്‍
ചവിട്ടിത്താഴ്ത്തപ്പെട്ട  
മാവേലിയുടെ പിന്മുറക്കാര്‍
വിശപ്പളക്കുകയാണ് ,
ദൈന്യതയുടെ മുഖപടങ്ങള്‍
വാമനവര്‍ഗ്ഗത്തെയൊട്ടുമേ 
അലോസരപ്പെടുത്തുന്നുമില്ല .
കുന്നളന്നു ,പുഴയളന്നു
ആകാശം തുളയ്ക്കുമാ
നാടന്‍കളികളിലും മുഴുകിത്തിമിര്‍ക്കുന്നൂ
വാമനാവതാരലീലകള്‍  .
 .