1.19.2017

നേരമ്പോക്കിന്‍റെ നട്ടുച്ച

<3 ആവര്‍ത്തിച്ചു വായിക്കുമ്പോള്‍
നാം മറ്റൊരാളാണെന്ന് തോന്നുന്ന
ഒന്നുകൂടിയാണ് ജീവിതം .
____________________________
<3 ചില നേരങ്ങളില്‍ 
മാറ്റിയുടുക്കുവാനൊരു
 ആകാശം പോലുമില്ലാതെ നാം
ഇഴപിരിക്കാനൊരു
ഭ്രാന്തു പോലുമില്ലാതെ നാം.
____________________________
<3 അവനവന്‍ രാജ്യങ്ങളുള്ള മനുഷ്യരാണ് നമ്മള്‍ !
__________________________
<3 ഒരിടത്ത് മാത്രം ആയിരുന്നുകൊണ്ട്
ചിലര്‍ യാത്രചെയ്യുന്നുണ്ട്,
ദിവസങ്ങള്‍ മാറിമാറിക്കടന്നുപോകുമ്പോള്‍
 അവര്‍ മറ്റൊരു കാലത്തെത്തിനില്‍ക്കുന്നത്
നാം കാണുന്നില്ലേ !
__________________________
<3 സ്വന്തമെന്നു കരുതുന്ന
 പലരും പലതും
അവനവന്‍ തന്നെയും
സ്വന്തമല്ലെന്നുള്ളതാണ് ജീവിതം !
_________________________
<3 സന്തോഷം
പിശുക്കനായവൻ എറിഞ്ഞു തരുന്ന
നയാപ്പൈസയാണ്.
സങ്കടം പലപ്പോഴും
രാജാവിന്‍റെ ശിരസ്സിൽ വച്ചയാ
മൂന്നാമത്തെ ചുവടും.
_________________________
<3 നീയെന്‍റെ ശ്വാസമെന്നു പറയുന്നവന്‍റെ പ്രേമം
ഒരു മൂക്കടപ്പ് വരുമ്പോള്‍ നിന്നെ
 തള്ളിപ്പറയും ;)
__________________________


പുതുമകള്‍ പതിവുകള്‍


പുതുമകളില്‍
ആശ്ചര്യവും ആകാംഷയും
ചുറ്റും തിക്കിതിരക്കുന്നു.

പതിവുകള്‍ 
ഒന്നും കണ്ടില്ലെന്നു കവച്ചുവച്ച്
കടന്നുപോകുവാന്‍ തക്ക
 തഴക്കമുള്ളതാകുന്നു .
<3 <3 <3
@ ഒരു പുലര്‍ക്കാല മൊബൈല്‍ ചിത്രം ഫ്രം അടുക്കള
*****************************************************

പാതി നിറച്ച പ്രണയാക്ഷരങ്ങള്‍

1.03.2017

എന്‍റെയും നിന്‍റെയും ജീവിതാന്വേഷ പരീക്ഷകള്‍

എന്‍റെയും നിന്‍റെയും ജീവിതാന്വേഷ പരീക്ഷകള്‍
_______________________________________________
ബാല്യം ഒരു ശലഭകാലം പോലെ പറന്നു പോകുന്നു
കൌമാരം വയല്‍ക്കുരുവി പോലെ വിരുന്നു വന്നു പോകുന്നു
യവ്വനം ഒരു നീര്‍ത്തുള്ളിയില്‍ വെയിലിന്റെ ചുംബനംകൊണ്ട
 മഴവില്ലിന്റെചിരിപോലെ കടന്നുപോകുന്നു .
 വാര്‍ദ്ധക്യം ഒച്ചിഴയുന്ന ഒച്ചപോലെ കാലത്തെ മുറിച്ചു കടക്കുന്നു .
മനുഷ്യര്‍ ,
നിന്നിടം നടന്നിടം
കരഞ്ഞിടം ചിരിച്ചിടം
ഇരുന്നിടം കിടന്നിടം
 ഒന്നുമൊന്നുമേ സ്വന്തമില്ലാത്തവര്‍ !
നോക്കൂ
ഒരമ്മ പകലിനെ തൂത്തും തുടച്ചും മിനുക്കുന്നു
ഒരച്ഛന്‍ രാവിനെ ഊതിയൂതി ഉടലുലയ്ക്കുന്നു .
എങ്ങുമെത്താതെ അവര്‍ പിന്നെയും
 മാറിമാറിയുമൊരുമിച്ചും എത്രയെത്ര രാപ്പകലുകളെ
തേവി നനച്ചുകൊണ്ടേയിരിക്കുന്നു.
എങ്കിലും ,
ജീവിതം , പിന്നെയും പിന്നെയും
തീപിടിക്കുന്ന കാടാകുന്നു ,
ഉള്ളുവെന്തു ഉലയുന്നു പച്ചമരങ്ങള്‍ ,
ചിതറിയോടുന്നു കുഞ്ഞനക്കങ്ങള്‍
 തീ തിന്നുപോകുന്നു ചിറകുകള്‍ ചുവടുകള്‍ .
കരിഞ്ഞകറുപ്പില്‍ നിന്നും കാറ്റ് തന്‍റെ ചുരുട്ടില്‍
വേവുമണത്തിന്‍റെ വിഷാദം നിറക്കുന്നു .
കല്ലിലും പൊന്നിലും പഞ്ചലോഹത്തിലും
ദൈവമപ്പോള്‍ മിണ്ടാതിരിക്കുന്നു .
ദൈവങ്ങളെ പാലൂട്ടിയും ചോരയൂട്ടിയും
വിശന്നിരിക്കുന്നു മനുഷ്യര്‍ .
പാപവും പുണ്യവും വേര്‍തിരിക്കുവാനറിയാത്ത
കുഞ്ഞുങ്ങള്‍ ബാക്കിയാകുന്നു .
മനുഷ്യനെന്ന മതം ഇടയിലാരാരോ
മോഷ്ടിച്ചുകൊണ്ട് പോകുന്നു !
ഓരോ നാല്‍ക്കവലകളിലും
മുളച്ചു പൊങ്ങുന്നു പിന്നെയും,
കണ്ണ് കാണാത്ത ദൈവങ്ങള്‍
 
വീടില്ലാത്തവനും വയറുനിറയാത്തവനും മുന്നില്‍
 തന്‍റെയാ കാണിക്കവഞ്ചി നീട്ടുന്നു !
കാലത്തിന്‍റെ ഈര്‍ച്ചവാള്‍ മൂര്‍ച്ചകള്‍ക്കിടയില്‍
ജീവിതം എന്നെയും നിന്നെയും രണ്ടായ്പ്പിളര്‍ക്കുന്നു
 രാകിയും ചീവിയും രൂപംമാറ്റുന്നു ,
നോക്കൂ ,
ജീവനില്ലാത്തവയെന്നു തോന്നിക്കാത്തവണ്ണം
എത്ര അനായാസം
 നമ്മളെ കൊന്നുകളഞ്ഞിരിക്കുന്നെന്ന് !
ഇപ്പോള്‍ ഞാനില്ല നീയില്ല
മരിച്ചവരുടെ വീട്ടിലെ
പുഴുക്കള്‍ക്കുള്ള വിരുന്നുമേശ മാത്രം
 ചുമന്നു നടക്കുന്നവരെന്നോര്‍ക്കുമ്പോള്‍
എന്‍റെ ചിരിയൊരെണ്ണം ,
ബോധോദയത്തിന്റെ വിത്ത്‌മായി പൊട്ടിച്ചിതറുന്നു .
ബാല്യ കൌമാര യൌവ്വന വാര്‍ദ്ധക്യമേ ,,,,
(ഒറ്റവാക്കില്‍ ജീവിതമേ),,,
നീയിനിയൊരു ബോധിവൃക്ഷമാവുക
മനുഷ്യമണമുള്ലൊരു കാറ്റ് വീശുക !
__________________________________

12.12.2016

അഞ്ച് ചിന്തകളെയ്യാന്‍ കവിതയുടെ ഒരു ഞാണ്‍ വലിക്കുന്നു1) മധുരക്കിഴങ്ങുകള്‍ വില്ക്കുന്നൊരാള്‍
നോക്കൂ ,വീടില്ലാത്തവന്‍ ,
മധുരം വിളമ്പുന്നു ,
വീണ്ടും വീണ്ടും പുഞ്ചിരിക്കുന്നു .
**************************************************
2) ദൈവങ്ങളാകുന്ന ശിലകള്‍ തിരഞ്ഞോരാള്‍ അലയുന്നു
ശിലകള്‍ക്കിടയില്‍ ക്ഷീണിതനായി മയങ്ങുന്നവനെ
കവച്ചും പിറുപിറുത്തും .
***************************************************
3) അറിവ് അതിന്‍റെ ഒരു തുള്ളി
എന്‍റെ നാക്കിലിറ്റിച്ചു
ജീവിതത്തിന്‍റെ ഉപ്പ്കനച്ച് നാവുളുക്കി
ഞാനതിനെ തുപ്പിക്കളഞ്ഞു .
ഭീരു എന്ന് മൃദുവായിപ്പറഞ്ഞ്
അതെന്‍റെ മുന്നിലപ്പോള്‍
നിവര്‍ന്നു നിന്ന്‍
കണ്ണുകളിലേക്കാഞ്ഞുനോക്കി
പുഞ്ചിരിച്ചു .
അതിനു മുന്നില്‍ ഉടലുപൊള്ളി ഉയിരുപൊള്ളി
കണ്ണ് കുനിച്ചു ഞാന്‍ ചുരുണ്ടിരുന്നു .
****************************************************
4) ആട്ടിന്‍പറ്റവുമായി മലകയറിയപ്പോള്‍
യജമാനനായി മുന്നേ നടന്നു
മലയിറങ്ങുമ്പോള്‍
നയിച്ചവനു പകരം അനുഗമിക്കുന്നവനായി മാറി
ആട്ടിന്‍പറ്റമേ ,
ബോധിവൃക്ഷത്തിന്‍ ഇലകളോ നിങ്ങളെന്നോര്‍ക്കുന്ന
ഒരുതുള്ളി ബുദ്ധനാകുന്നു ഞാന്‍ !
*************************************************************
5) ഒന്നുമുടുക്കാതെ പക്ഷികള്‍
ഒന്നുമുടുക്കാതെ പൂവുകള്‍
ഒന്നുമുടുക്കാതെ പാട്ടുകള്‍
ഒന്നുമുടുക്കാതെ പലതുള്ളിമഴ
ഒന്നുമുടുക്കാതെ പകല്‍വെളിച്ചം
ഒന്നുമുടുക്കാതെ പലതിന്‍മേലെയാകാശം
ഒന്നെന്നു പറഞ്ഞു നമ്മളും ഇതാ
ഒരു നഗ്നതയുടുത്തടുത്തടു-ത്തിരിക്കുന്നു .
**********************************************

12.08.2016

അഞ്ചിതള്‍ക്കവിത


1)
പ്രണയം ഒരു ഇരട്ടക്കുഴല്‍ തോക്കാണ് 
ഒരു കുഴലില്‍ പൂമരങ്ങളും 
മറുകുഴലില്‍ മുള്‍മരവും 
വിത്തുകളായതില്‍ സൂക്ഷിക്കുന്നുണ്ട് .
************************************************
2)
ആരോ പെരുക്കിവച്ച സങ്കടമാണ് നാം 
ആരോ കിഴിച്ചുവച്ച സന്തോഷവും 
നാം തന്നെ !
***********************************************
3)
സമാധാനം 
രണ്ടു കയ്യടികള്‍ക്കിടയില്‍ കാണാതാകുന്ന 
നിശബ്ദതയുടെ സുന്ദരമായ വീടാണത് .
***********************************************
4)
ആരുടെയോക്കെയോ സങ്കടങ്ങളാണ് 
നാമിങ്ങനെ മാറ്റിച്ചുമന്ന് 
വേച്ചുപോകുന്നത് .
********************************************
5)
സ്വാതന്ത്ര്യമെന്നും 
നാക്കിന്റെ തടവറയില്‍ ഇളകുന്ന 
വാക്കുതന്നെ !
******************** @ മോണാലിസ

ചിറകുയിര്‍പ്പുകള്‍പുസ്തകം വായിക്കുന്നൊരുവന്‍  
ആ ലോകത്തിനുള്ളിലെ  പുഴുവാകുന്നു 
വായിച്ചു  കഴിയുമ്പോള്‍ 
മറ്റൊരു ലോകത്തെ  പൂമ്പാറ്റയും .