8.27.2012

സൂഫിസം _ എം.കെ.ഖരീം ================


സൂഫിസം _ എം.കെ.ഖരീം
================
‘അനുരാഗികള്‍ക്കിടയിലൊരു
വിശുദ്ധ പ്രതിജ്ഞയുണ്ട്
തമ്മില്‍ തേടാന്‍….”
ജലാലുദീന്‍ റൂമിയിലേക്ക് ഇറങ്ങുകയെന്നാല്‍ പ്രണയത്തിന്റെ അനന്ത സാഗരത്തില്‍ ആഴുകയാണ്… അവിടെ നാം നാം അല്ലാതാവുന്നു. നമ്മില്‍ എന്താണോ ഉള്ളത് അത് വെളിപ്പെടുന്നു. മുഖം മൂടികളെ പ്രണയം വിരോധിക്കുന്നു.
നമ്മില്‍ എന്തോ ഒരു കുറവുണ്ട്, അല്ലെങ്കില്‍ ഭ്രാന്തമായൊരു കൊടുങ്കാറ്റില്‍ എന്നവണ്ണം നിന്ന് പോകുന്നു. എന്തോ ഒന്ന് വന്നു ചേര്‍ന്നാല്‍ , അല്ലെങ്കില്‍ ആ ഒന്നില്‍ എത്തിയാല്‍ പരിപൂര്‍ണ സുഖമായി.. ഓരോ സന്ചാരിയിലും അതിലേക്കുള്ള യാത്രയിലെക്കാണ് .
ചിലര്‍ പറയുന്നു സൂഫിസത്തിനൊരു ഗുരു വേണമെന്ന്. ചില ആചാരങ്ങളും അനുഷ്ടാനങ്ങളും വേണമെന്ന്. സൂഫിസമെന്നാല്‍ മഹത്തായ പ്രണയം ആയിരിക്കെ പ്രണയത്തിനു എങ്ങനെ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും കുരുങ്ങാനാവും.. ഒരാള്‍ സൂഫിസത്തിലെക്കല്ല എടുത്തു ചാടേണ്ടത്‌, എന്താണോ അപൂര്‍ണതക്ക് ഹേതു അത് തേടി പുറപ്പെടുക.
നമ്മിലെ അപൂരനത തിരിച്ചറിയാതെ വേദ ഗ്രന്ഥങ്ങളില്‍ കിടന്നിട്ടെന്ത്! മനുഷ്യ ദൈവങ്ങള്‍ക്ക് പുറകെ പോയിട്ടെന്ത്.. അവരുടെയൊക്കെ പുറകെ പോകുമ്പോള്‍ താല്‍ക്കാലിക ശമനം കിട്ടിയേക്കാം. ഏതാനും ദിവസം കഴിയുന്നതോടെ നാം മരവിപ്പിലേക്ക് ആണ്ട് പോകുന്നു. അവിടെ നിന്നും എഴുന്നേല്‍പ്പിക്കാന്‍ വീണ്ടു മനുഷ്യ ദൈവം വേണ്ടിവരുന്നു.
അവരുടെ ദൈവം നിഴലുകളായി മാറുന്നു.
നിഴലുകള്‍ക്ക് ഒരാളെ രക്ഷിക്കാന്‍ ആവുന്നതെങ്ങനെ. ഇരുട്ട് വീണാല്‍ നിഴല്‍ മുങ്ങുമല്ലോ! അപ്പോള്‍ അശാന്തി ബാക്കി.
ഒരാള്‍ മറ്റേ ആളെ തേടി കൊണ്ടിരിക്കുക. ആ ആള്‍ എവിടെ എന്ന് അറിയാതിരിക്കുക. ഒരിക്കല്‍ പോലും കണ്ടില്ലെങ്കിലും പ്രണയിച്ചു കൊണ്ടേയിരിക്കുക. ചാവുന്ന വേദനയോടെ അലഞ്ഞു തിരിയുക. അത് കലര്‍പ്പില്ലാത്ത പ്രണയമാണ്. അവിടെ ഉടലുകള്‍ക്ക്‌ പ്രത്യേകിച്ചൊരു ക്രിയയുമില്ല. നല്ല വസ്ത്രം ധരിച്ചു സുഗന്ധദ്രവ്യത്തില്‍ മുങ്ങി ലിപ്സ്റ്റിക്ക്‌ അണിഞ്ഞ പ്രണയത്തെ കുറിച്ചല്ല. ആ പ്രണയം വെയിലത്തോ മഴയത്തോ നില്‍ക്കട്ടെ. ഉടല്‍ എന്നതിനപ്പുറം അത് ഒന്നുമല്ല. പ്രണയത്തിന്റെ മണമില്ലാത്ത സൌന്ദര്യ വസ്തു.
“പ്രണയത്തെ ഞാന്‍
എത്ര വര്‍ണ്ണിച്ചാലും
അതില്‍ മുങ്ങുമ്പോള്‍
ഞാന്‍ ലജ്ജാലുവാകുന്നു .’

പ്രണയത്തെ വിവരിയ്ക്കുമ്പോള്‍ തന്റെ ബുദ്ധി ചേറില്‍പ്പെട്ട കഴുതയെപ്പോലെ തലകുത്തി വീഴുന്നു എന്ന് റൂമി തുടരെ പാടുന്നു. റൂമിയുടെ ഭാഷയില്‍ പ്രണയത്തിനു മാത്രമേ പ്രണയത്തിന്റേയും,പ്രണയികളുടെയും
നിഗൂഢതകള്‍ മനസ്സിലാകൂ.
റൂമി പാടുകയെന്നാല്‍ കാണാമറയത്തെ സൂഫി പാടുക എന്നാണു. ഓരോ പദവും നമ്മുടെ ചേതനയില്‍ പൊട്ടിത്തെറിക്കുന്ന വെളിച്ചം. റൂമി പ്രണയിച്ചത്‌ ടബ്രിസിലെ ഷംസുദ്ദീന്‍ എന്ന സൂഫിയെ. അവിടെ പ്രണയം എന്നുപയോഗിക്കുമ്പോള്‍ അത് പുരുഷനും പുരുഷനും എന്ന് കണ്ടു നെറ്റി ചുളിക്കണ്ട. പണ്ട് മുതല്‍ ഇക്കാലത്തിലൂടെ തുടരുന്ന സ്വവര്‍ഗ രതിയോടു കൂട്ടി വായിക്കുകയും വേണ്ട.
എന്താണ് പ്രണയം?
അത് നമുക്ക് ആണും പെണ്ണും തമ്മിലുള്ളത്. അടുപ്പം എന്നോ ഇഷ്ടം എന്നോ ഒക്കെയാകും മറുപടി. അതും വിവാഹത്തിനു മുമ്പ്. അപ്പോള്‍ വിവാഹത്തിനു ശേഷമോ? സത്യത്തില്‍ നാമൊന്നും പ്രണയിക്കാന്‍ വളര്‍ന്നിട്ടില്ല. ഒരാണും പെണ്ണും തമ്മിലുള്ള അടുപ്പം, എന്തിനു ഒരുമിച്ചൊരു ബസ് യാത്ര പോലും അസ്വസ്ഥതയോടെ വീക്ഷിക്കുന്ന സമൂഹത്തിന് പ്രണയം എന്നത് ഒരു ദുഷിച്ച ഏര്‍പ്പാട് ആയി കാണുന്നതില്‍ അത്ഭുതമില്ല.
അത് രണ്ടു മതങ്ങളില്‍ ഉള്ളവര്‍ തമ്മിലെങ്കിലോ! നമുക്ക് പ്രണയിക്കുക എന്നാല്‍ കല്യാണം കഴിക്കുന്നതിനു വേണ്ടി. അപ്പോള്‍ മതം മാറ്റവും ഒളിച്ചോട്ടവും ഉണ്ടാകുന്നു. രണ്ടു മതത്തില്‍ ഉള്ളവര്‍ ഒരുമിച്ചു ജീവിക്കുന്നത് എന്തുകൊണ്ടാണ് നമ്മെ ഇങ്ങനെ അസ്വസ്ഥമാക്കി കൊണ്ടിരിക്കുന്നത്? കേരളം പ്രബുധതക്ക് പേരു കേട്ട നാടെന്ന് പറയുന്നു.
പ്രണയം എന്നാല്‍ വിപ്ലവം തന്നെ. എതിരിടലാണ് . യുദ്ധമാണ്. ഉടലിന്റെ ആസക്തികളോടുള്ള യുദ്ധം. യുദ്ധം എന്ന് കേള്‍ക്കുമ്പോള്‍ ഒരു ചോര പുഴയുടെ ചിത്രമാവും ലഭിക്കുക. അതുകൊണ്ട് അതിനെ ഇങ്ങനെ വായിക്കാം, ചെറുക്കുക. ശത്രുവെന്ന ഉടലിന്റെ ആസക്തിയെ ചെറുക്കുക…
ആത്മാവും ആത്മാവും തമ്മിലുള്ള അടുപ്പം, പരിണയം എന്ന നിലക്കാണ്. അവിടെ ഉടലിനു പ്രസക്തിയില്ല. എന്ന് പറഞ്ഞാല്‍ കാമ വിചാരങ്ങള്‍ ഇല്ല എന്ന് തന്നെ.
ആദ്യമായി ഒരു പ്രണയകഥ
കേട്ട നിമിഷം മുതല്‍
ഞാന്‍ നിനക്കായുള്ള
തിരച്ചില്‍ തുടങ്ങി.
തലമുറകള്‍ തോറും കേള്‍ക്കാവുന്ന റൂമിയുടെ ധ്യാനം കലര്‍ന്ന സ്വരം. കണ്ണും കാതും അടച്ചു ധ്യാനത്തിന്റെ വെളിമ്പറമ്പിലേക്ക്, രാത്രി ഏറ്റവും നിശബ്ദം ആവുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ഉടലില്ലാത്ത പ്രണയത്തിനായി ഉള്‍കണ്ണെറിയുക