8.07.2012

ധ്യാനിക്കുന്ന മൌനം ____________നിശബ്ദതതയുടെ അറകളില്‍ 
വാക്കുകളുടെ ഒരുതിരി 
ധ്യാനമിരിക്കുന്നുണ്ട് 

അനന്ത വിഹായസ്സിലെ 
വെളിച്ചത്തിന്‍റെയും ഇരുളിന്‍റെയും 
ഇഴകള്‍ വേര്‍തിരിച്ചു 
ഭൂമിയുടെ ഉറവകളെ തൊട്ടുനോക്കി 
പക്ഷിയുടെ ചിറകില്‍ പറ്റിയിരുന്ന് 
യാത്രപോവുകയാണ് 
ഒരു മൌനം.

ചവച്ചു തുപ്പിയ വാക്കുകളില്‍ 
ചോര മണക്കുന്ന ദീര്‍ഘങ്ങള്‍ 
പിടഞ്ഞു വീഴുന്നത് 
പ്രതികാരത്തിന്‍റെ
ഉയര്‍ത്തെഴുന്നേല്‍പ്പിലേക്കായിരുന്നു . 
മുറുക്കിത്തുപ്പിയ ചില്ലക്ഷരങ്ങള്‍ 
നിസ്സഹായതയുടെ ആഴങ്ങളിലേയ്ക്ക് 
വലിച്ചെടുക്കപ്പെട്ടത്‌ 
പുതു അര്‍ത്ഥങ്ങളെ 
ഗര്‍ഭം ധരിച്ചായിരുന്നു.
മൌനത്തിന്‍റെ ശംഖിലേയ്ക്ക് 
ഒളിഞ്ഞു നോക്കിയ കാറ്റില്‍ 
പുളഞ്ഞുണര്‍ന്നതു 
നോമ്പ് നോറ്റിരുന്ന സത്യങ്ങളുടെ
തിരയിളക്കങ്ങളും .

അടച്ചു വച്ച ചിന്തയുടെ 
പുസ്തകങ്ങളില്‍ നിന്നും 
ഇറങ്ങി വരുവാന്‍ മടിച്ചു 
ഒരു കൂട്ടം അക്ഷരയോഗികള്‍ 
മൌനമന്ത്രങ്ങള്‍ ജപിക്കുന്നുണ്ട്.
ചിന്തയുടെ മൌനത്തിലെയ്ക്കു
തെന്നി വീണ അക്ഷരത്തരികള്‍ 
ഉറഞ്ഞ അര്‍ത്ഥങ്ങളില്‍ പറ്റിയിരുന്ന് 
ചിണുങ്ങുകയാണ് . 

അപ്പോഴും 
ഉറക്കത്തിന്‍റെ താളുകള്‍ ചേര്‍ത്തടുക്കി 
ഒരുപിടി ഓര്‍മ്മമണംഞാന്‍ 
നെഞ്ചോടു ചേര്‍ക്കുന്നുണ്ടായിരുന്നു .
______________________________