പേരില്ലാത്തവൾ
പേരില്ലാത്തവൾ
_____________________
കാട്ടു മുന്തിരിവള്ളികൾ തളിർക്കുമീ
കരിമ്പാറയിടുക്കുകൾ താണ്ടി
മഞ്ചാടിമുക്കുത്തി തിളങ്ങുന്ന
നാസികാ-ത്തുമ്പു വിയർത്തവൾ
കാടുതീണ്ടി, ചുവപ്പൻ സന്ധ്യതീണ്ടി
തുള്ളിക്കുലുങ്ങി
പൊട്ടിച്ചിരി തെറുത്ത് തെറുത്ത്
നടന്നുപോകുന്നു.
കാക്കോത്തിയല്ല,കല്ലുമാലയില്ല
കരിമ്പനയിലുറങ്ങുന്നവളുമല്ല
വെളുത്ത ചേലയില്ല .
കാട്ടു ദൈവക്കുരുതിക്കുവച്ച
കറുത്ത പൂവൻ്റെ ചെമന്ന പൂവിൽത്തൊട്ട്
ഒരു കുടന്ന കരുണയും സങ്കടവും,നേദിച്ച്
കടന്നു പോകുന്നവൾ.
നേരറിയുന്നവരാരുമില്ല
നേരമറിയുന്നവരേതുമില്ല
നീണ്ട നീണ്ട വഴികളിൽ
നീളമുള്ള നിഴലുകൾ
നിവർത്തിയും ചുരുട്ടിയും
നിന്ന നില്പ്പിൽ വേരുകൾ
നുറുമ്പിച്ചു തീരുന്ന ജാതികളെന്ന് പാടുന്നവൾ.
മാക്കാച്ചിക്കാടകൾ
മൂളിയിരിക്കുന്ന നേരങ്ങൾ
മുട്ടോളം വളഞ്ഞിട്ട്
മുറുക്കിത്തരിച്ച വായിലേയ്ക്കവൾ
തേക്കിലക്കുമ്പിളിൽ
തേവിക്കുടിക്കുന്നു കാട്ടുചോല.
കരിയിലകളനക്കി
കട്ടുറുമ്പുകളെയുണർത്തി
കരിനൊച്ചിക്കമ്പൊടിച്ച് വീശി
കാലിലെ കറുത്ത ചരടിലെ ഇരട്ട മണികളിളക്കി
കാറ്റുകീറിയവൾ പോകുന്നു.
കൂട്ടിനാരുമില്ല
മുടിയഴിച്ചുലച്ച്
മറുവാക്ക് കാക്കാതെ
അവനവനോട് മിണ്ടിമിണ്ടി
ഞാവൽച്ചവർപ്പ് നുണഞ്ഞ് നീലിച്ച്
ഒരുച്ചയുടുച്ചിയും കടന്നുപോകുന്നവൾ.
യാഗാശ്വമില്ല രാജധാനിയുമില്ല
മനുഷ്യമണമുള്ള ഇടങ്ങളുമില്ല
മണ്ണുതൊട്ട് മനസ്സുതൊട്ട്
മറുകരകാണാത്തൊരു മഴയത്ത്
മാഞ്ചോട്ടിലെ പാതിമഞ്ഞ
മാവിലകൾ ഞെരടി
മണത്തവൾ നടന്നു പോകുന്നു.
കടലിളകുന്നതവൾ കണ്ടിട്ടില്ല
പൊന്നശോകപ്പൂക്കൾക്കുമീതെ
വിലാസിനി ശലഭങ്ങൾ ചിറകിളക്കിയിരുന്നു
മധുമോന്തുന്നതും കണ്ട്മൂളി-
ക്കടന്നു പോകുന്നു.
പുല്ലരിയുമ്പോഴും
പൂപറിക്കുമ്പോഴും
പൂജക്കെടുക്കാത്ത
പാട്ടുകൊണ്ടവൾ
തേവനെ പുതപ്പിക്കുന്നു.
കണ്ണുകാണാത്ത മുത്തീ,
നിൻ്റെ കയ്യിലെ തുലാസ്സിലെത്ര
സങ്കടങ്ങൾ കഴുവേറിയാടുന്നു
ഇരട്ടക്കുഞ്ഞുങ്ങളുറങ്ങും പോലെന്നവൾ
പിന്നെയും പാടുന്നു.
വരമ്പത്ത്
കൂലി കൊടുക്കുന്ന കാറ്റേ
കഴുമരമേ
ആ
കറുത്ത രാത്രിയും
കനച്ചുതൂകുമ്പോൾ
കാലാളുകൾക്കു നടുവിൽ
സ്വന്തം ചിതയെരിയുന്നൊരു
ചൂടിൽ തലയോട്ടി പൊട്ടുന്ന
ശബ്ദവും കടന്നവൾ പോകുന്നു.
____________________