Labels

9.17.2025


 1) കടലാറ്

---
ആറ്റുതീരത്ത് നീളൻപുല്ലുകൾ
അതിൽ കടൽപ്പതനിറമുള്ള പൂവുകൾ
കാറ്റതിനെ കടൽത്തിരകളാകാൻ
പഠിപ്പിക്കുന്നു,
വിളർത്ത കടൽകാക്കയെപ്പോലെ
അതിൻ്റെ മണലിലപ്പോൾ ചാഞ്ഞിറങ്ങുന്നു,
വിടർത്തിയ ചിറകുകൾ ഒതുക്കിയൊരു
പകൽ
2) പകലോൾ
___
എരണ്ടപ്പക്ഷികളെ കോർത്ത മാലയിട്ട്
മേഘങ്ങളില്ലാതെ ചന്ദ്രനില്ലാതെ
ഒരിരുണ്ട നിറമുള്ള പെണ്ണിനെപ്പോലെ
ഉടുമുണ്ട് തെറുത്തു കയറ്റി
ഭൂമിക്കു മീതെ കാലു നീട്ടിയിരിക്കുന്നു,
പ്രായപൂർത്തിയായൊരു
ദിവസം .
3) പ്രേമം
___
മുറ്റം
വെളുമ്പൻ പൂക്കളെ വിയർക്കുന്ന രാത്രികളിൽ
ജനാലകൾ വിടർത്തി
വീടതിനെ
ശ്വസിക്കുന്നു,
അതിനന്നേരമൊക്കെയും
പ്രേമിക്കാൻ മുട്ടുന്നു.
4) അദൃശ്യം
__
മഴച്ചാറ്റൽ കനക്കുമ്പോൾ ,
ഉലഞ്ഞാടുന്ന കാറ്റിൽ കലരുന്നു
കറിവേപ്പിലമണം ,
മഴയ്ക്കുമുന്പേ പറന്നുപോയ
പക്ഷിയുടെ
ചിറകടി
അതിന്റെ കൂടിനു മീതെ
തങ്ങി നിൽക്കുന്നു .
5)ആദിമം
__
പുലരിയിൽ മനുഷ്യർ
മലയിറങ്ങുമ്പോൾ
മഞ്ഞു കിനിയുന്നു
അതിനോ ,
ഏതോ പുരാതന
സമുദ്രപ്പായലിന്റെ
മണം !
6) പൂവോർമ്മ
__
പൂക്കളുള്ള കുപ്പായമിട്ട്
പൂന്തോട്ടത്തിൽ നിൽക്കുന്നു
പൂമ്പാറ്റകളിലൊന്ന് ചുറ്റും പറക്കുന്നു
പച്ചമരത്തിലെ
മരിച്ചപൂക്കളെ
പതിഞ്ഞ നോക്കുകളാലെ
പ്രിയമുള്ളൊരാൾ
പതിയെ ചുംബിക്കുന്നപോലെ!
7) തനിയെ
__
വയലറ്റ് മന്ദാരങ്ങൾക്കുമേൽ
മഴയുതിരുമ്പോൾ
കടുപ്പൻ കട്ടൻചായപോലെ
ഒരാൾ
വിഷാദം മോന്തുന്നു .
അവൻ്റെ ഏകാന്തതക്കിണയായ്
നിഴലിനെ വരയ്ക്കുന്നു സൂര്യൻ.
ഒരു വലിയ മുറിവ് പോലത് ഭൂമിയിൽ
അമർന്നു കിടക്കുന്നു.
നനവാർന്നയിരുളിലപ്പോൾ
നനുനനെ തൂവുന്നു
അവൾ നട്ട നറുമുല്ലപ്പൂമണo.
😎
ലിപിയനക്കം
__
നിരന്തരം മിണ്ടിക്കൊണ്ടേയിരിക്കുന്നു
ആകാശവും ഭൂമിയും
മനുഷ്യരും അതിന്റെ ഭാഷയിൽപ്പെട്ട
ലിപികൾ
വേലിപ്പടർപ്പിൽ
പച്ചിലപ്പാമ്പായും കരിയിലക്കിളിയായും
അതിന്റെയനക്കം .
തെളിഞ്ഞും പാതിമറഞ്ഞും
വെയിലിലും നിലാവിലും
സൂര്യൻ്റെ കൊത്തുപണികൾ !
9) വരയൻപുള്ളികൾ
____
കാടിനുള്ളിൽ കടക്കുമ്പോൾ
മായുന്നു തെളിയുന്നു
വേഗത്തിലോടുന്ന
മാനിൻ്റെ പുള്ളികൾ ,
ചെമ്പൻ സീമ്പ്രയെന്നന്തിച്ച്
ഞാനിതാ അതിനെയും
നോക്കിനില്ക്കുന്നു.
10) ചൂണ്ടയിൽ
__
നീട്ടിയെറിയുന്നു വാക്കുകൾ
വളഞ്ഞൊരു കവിതയതിൻ്റെ
തുമ്പത്തനങ്ങുന്നു
കരയിലേക്കെടുക്കുമ്പോൾ
കവിത വിഴുങ്ങിക്കുരുങ്ങി
പ്പുളയുന്നൊരു കവിയുടെ
കണ്ണിൽ
മീൻ മണക്കുന്ന രണ്ട്
ചെമ്പരുത്തി
തലയിൽ
മീൻമുള്ള് കണക്കെ
അതിൻ കൊമ്പിൻ
ഇരട്ടക്കിളിർപ്പ് !

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "