Labels

Showing posts with label എന്‍റെ ക്ലിക്ക്. Show all posts
Showing posts with label എന്‍റെ ക്ലിക്ക്. Show all posts

9.17.2025

അറേബ്യൻ മുന്തിരിപ്പാടം

 

മരുഭൂമി നിറയെ കാറ്റുകളുടെ കലപിലകൾ

മഞ്ഞുകാലത്തിൻ്റെയാ കുട്ടിപ്പുരയ്ക്ക്
മുടങ്ങാതോരോ ആണ്ടും കട്ടിളവയ്ക്കുന്നോർ.

 

* ചിത്രം: ഒരു അറേബ്യൻ മുന്തിരിപ്പാടം*

 




 മുന്തിരിപ്പടര്‍പ്പുകള്‍ പയര്‍പ്പൂവുകള്‍

ചോളക്കതിരുകള്‍ കരിമ്പിന്‍ തളിര്പ്പുകള്‍
കടന്നെത്തിയ തേനീച്ചച്ചിറകുകളില്‍
കാലം ഒരുനുള്ള്പൂമ്പൊടിയായി പറ്റിയിരുന്നു .

🍇🍇🍇🍇🍇🍇Click from Saudi Arabia


4.21.2020

അതിമധുരം



മഞ്ഞുകാലം
മാഞ്ഞുപോം വഴികളിൽ
കുഞ്ഞുറുമ്പിന്‍ കൂടുകള്‍ ,
പൂങ്കുരുവിപ്പാട്ടുകൾ..
വെയിലുമേയും പാതകൾക്കിരുവശം
പൂത്തുനിൽക്കും
മഞ്ഞക്കൊങ്ങിണിക്കാടുകൾ.
കാറ്റു വിടരുന്നു
വെളിച്ചം വിളയുന്നു
വേനൽപ്പൂക്കളോ
തേൻചുമന്നു നില്ക്കുന്നു.
കിളിയൊച്ചകൾ
നീട്ടും അതിമധുരം കൊണ്ടെൻ
മുറിവുകൾ തലോടുന്നു .
പട്ടാമ്പൂച്ചികൾ
ഇടംവലം പൂവിലിരിക്കുന്ന
പൂന്തോട്ടത്തിനു നടുവിലെൻ
ഗാഗുൽത്ത.
ശാന്തമായൂറുന്ന നിലാവിന്നു കീഴെ
രാത്രി ഉണർവ്വുകളോട് ചെയ്യുന്നൊരാ
ആദിമരഹസ്യത്തെ ഓർക്കുന്നു.
എന്നിലുറങ്ങിക്കിടക്കുന്ന
കുട്ടിയെയുണർത്തി ഞാനിതാ
വീണ്ടും ഉറക്കിക്കിടത്തുന്നു.
------

11.13.2019

വെറും പാട്ട്


വെറും പാട്ട്
________________
ഉച്ചവെയില്‍ ഉച്ചിയില്‍ ഊര്‍ന്നുവീഴുംനേരം
ഉന്മാദ ശലഭങ്ങളുയരെച്ചിറകു വീശി
നോവിന്‍ പരല്‍പ്പാടം നീന്തിത്തുടിക്കവേ
നോവെല്ലാം നീറുമോരോ ഋതുക്കളായീ
ഒരുമാത്ര നേരം ഉള്ളുലഞ്ഞു പോയീ‍യെന്റെ
ആറ്റുവഞ്ചി പാട്ടുകളോ വരണ്ടുപോയീ
പതിയെയനങ്ങുന്നു പാതിമെയ്‌ ചാരുന്നു
ഓരിലത്തോണിയില്‍ കാലംകടന്നൊരാള്‍
ഉതിര്മുല്ല പൂപ്പാടം ഉണരാത്ത മൊട്ടുകള്‍
ഒരു കാറ്റും കലരാത്ത രാത്രികാലം
ഈ മഴ നനയുന്ന ഇരുകിളികള്‍ നമ്മള്‍
കാലത്തിനപ്പുറം കിലുങ്ങുന്നു കാല്‍ത്തളകള്‍
ഉഉഹും ഉഉഹും ഉഉഹും ഈക്കിളികള്‍
പാടുന്നോരീണങ്ങള്‍ കാണാച്ചുരങ്ങള്‍,
രാവിന്‍ കരയില്‍ രാത്തുമ്പി മൂളുമ്പോള്‍
നിന്‍റെ ഹൃദയാന്തരത്തിലെ
ദേവനാകുന്നു ഞാന്‍ 🥰
(ഈ പച്ച പോട്ടം : സംശ്യം മാണ്ടാ ഈ ഞ്യാന്‍ തന്നെ 😁)

3.24.2019

എന്‍റെ കുഞ്ഞുകാലങ്ങള്‍


മഞ്ഞുകാലം സൂര്യനെ 
ഒരു കുഞ്ഞുപൂവുപോലെ
മുടിയില്‍ ചൂടുന്നു !
ഞാനെന്റെ കടവിലൊരു‍ 
നിലാവിനെ യഴിച്ചു കെട്ടുന്നു
തുറന്നിട്ട ജനാലക്കരികെ
ഉപേക്ഷിച്ച പിച്ചളച്ചായപ്പാത്രത്തില്‍
കുരിവികള്‍ക്ക് വെള്ളം നിറയ്ക്കുന്നു
ഉള്ളിച്ചെടി പൂത്ത് നിന്നതില്‍ നിന്നൊരു
പൂവിറുത്ത്
നീര്‍ത്തിളക്കത്തിന്‍ കവിളില്‍ തൊടുന്നു
നാലഞ്ചു ചീരപ്പൂ കൊണ്ടതില്‍
ഒരു വസന്തത്തെയും
അതിന്‍റെ കുഞ്ഞുങ്ങളെയും
തുറന്നു വക്കുന്നു .
വെയിലുറങ്ങും നേരങ്ങളില്‍ ഞാന്‍
ചോളവിത്തുകള്‍ പൊരിക്കുന്നു
ജല്ത്തിഹേ ജിസ്കേലിയെ
മൂളിമൂളി
കടും ചായ ഊതിക്കുടിക്കുന്നു
ഗോതമ്പുമാവില്‍ ചക്കരകൂട്ടിക്കുഴ്ച്ചു
ചുട്ടെടുക്കുന്നു .
ഒരപ്പൂപ്പന്‍ താടിവിത്തുപോലെ
ഈ കാലം അകന്നകന്നു പോകവേ
മഞ്ഞിച്ച ഇലകളും താഴ്ത്തി
വിരുന്നുകാരൊക്കെ‍ യാത്ര ചോദിക്കുന്നു .
ചുവന്ന ആകാശത്തെയും
അതില്‍ ചലിക്കുന്ന
കടല്കാക്കകളെയും കാണാതാകുന്നു .
എന്‍റെ സന്തോഷത്തിന്‍റെ പതാകകളും
വേനലിന്‍റെ തൊടിയിലെ
നട്ടുച്ചപോലെയപ്പോള്‍
മൌനമാകുന്നു .
🍂🍃🍃🍃🍃🍃🍃🍃🍃🍂
ചായപ്പാത്രത്തില്‍ വെള്ളം ഒഴിച്ച് പൂപറിച്ചിട്ടു പോട്ടം എടുത്തത്  ഞാന്‍ 


3.08.2019

പ്രണയം


പ്രണയം 
ചുറ്റുമുള്ളതെല്ലാം പ്രിയപ്പെട്ടപ്പെട്ടതാക്കുന്നു 
കാറ്റോ കടലോ കുഞ്ഞു പൂവോ കാക്കപ്പറക്കലോ
സ്നേഹപ്പുല്ലോ സ്വര്‍ഗ്ഗം കൊണ്ടുവരുന്നു .
പ്രണയം പറിഞ്ഞു പോകുമ്പോഴൊക്കെയും 
ചോരവിയര്‍ക്കുന്ന ഹൃദയങ്ങളുമായി
നീറുന്നു നാം
നിരന്തരം🥰
___________________________
(ഒത്തെയിം മാര്‍ക്കെറ്റ് ലെ ചോന്ന പഴോം എന്‍റെ സ്വന്തം കയ്യും 

പിന്നെ ന്‍റെ ചീരേന്‍റെ പച്ചേം )

2.06.2019

മുറിവുണര്‍വ്വുകള്‍


ഓര്‍മ്മകളുടെ ചിറകനങ്ങുമ്പോഴൊക്കെയും
ഒരു നീളന്‍ മുറിവനങ്ങുന്നു
മൂത്ത കാ‍ന്താരിയൊന്നു കടിച്ചപോലെ
ഞാനെരിഞ്ഞു തിരിയുന്നു
ഒഴിഞ്ഞ തൂക്കുപാത്രത്തിന്റെ കാതുപോലുച്ചയില്‍‍
നിന്നു തുള്ളുന്ന തുമ്പിക്കോമരമാകുന്നു .
എത്രയൊ മുറിവുകള്‍
കൂട്ടിത്തുന്നിയെന്നപോലെ
അത്രയും ചോരയിറ്റുന്ന പോലെ
ഒരുവാക്കും മറുവാക്കുമില്ലാതെ പതിയെ
ഒരാകാശം
സന്ധ്യചൂടിച്ചുകന്നു നില്‍ക്കുന്നു .
എരിയും വിഷാദവും അതിന്‍റെ സൂര്യനും
ഒറ്റയാള്‍ തുഴയുന്ന തോണിക്കപ്പുറം
രാവേറിയിരുളുന്നു .
നോക്കൂ
സങ്കടം അതിന്‍റെ മടിയിലിരുത്തി
നിത്യവും ഓമനിക്കുന്ന 
അതിന്റെയാ പാവക്കുട്ടിയാണ് ഇന്നും 
ഞാന്‍.

12.04.2018

അറേബ്യന്‍ മഞ്ഞുകാലം

ആഴക്കടലിലേക്ക്  എറിയുന്ന വലപോലെയാണ് പ്രവാസം ചിലര്‍ വല നിറച്ച് സന്തോഷത്തോടെ മടങ്ങിപ്പോരുന്നു  മറ്റു ചിലര്‍ കടല്പ്പായല്‍ മാത്രം  കുരുങ്ങിയ വലയുടെ ഉപ്പുമണവുമായി തളര്‍ന്നു തിരികെ  പ്പോരുന്നു. മരുഭൂമിയുടെ മറ്റു വേഷപ്പകര്ച്ചകളെക്കാള്‍ വേനലാണ് ഇവിടെ കൂടുതല്‍പ്പേര്‍ക്കും
അപരിചിതനല്ലാത്ത ഉപ്പ് മണമുള്ള ആ ഒരാള്‍ .മരുഭൂമിക്കും അതിലൂടെ സഞ്ചരിക്കുന്ന ഒരു വിഭാഗം പ്രവാസികള്‍ക്കും  ചിലപ്പോള്‍ ഒക്കെ ഒരു സൂഫിയുടെ രൂപഭാവങ്ങള്‍ ആവാഹിച്ച ഹൃദയമാണ് എന്ന്  തോന്നിപ്പോകും.

കുന്നുകളും ഒട്ടകക്കൂട്ടങ്ങളും  നിലം പറ്റി പച്ചതുറന്നു വച്ച് നില്ക്കുന്ന പുല്ലുകളും ,തലയുയര്‍ത്തി നില്‍ക്കുന്ന മുള്‍ച്ചെടികളും എല്ലാത്തിനും രാജാവായി എണ്ണക്കിണറുകളെ അടയാളം വച്ച ഇടങ്ങളും പിന്നെ  നിഗൂഡതകള്‍ ഒളിപ്പിച്ചുവച്ച വിസ്മയ ഭംഗികളും ഓരോ കാലാവസ്ഥകളെയും മണല്‍ച്ചൂര് കൊണ്ട് തൊട്ടു മറിക്കുന്ന കാലങ്ങളും എല്ലാത്തിനും സാക്ഷിയായ് നിവര്‍ന്നു കിടക്കുന്നു .ഈ അറേബ്യന്‍ ഭൂമി പുരാതനമായ അതിന്‍റെ മന്ത്രസ്വരങ്ങളെ മാറിമാറി ഉരുവിട്ടുകൊണ്ടിരിക്കുന്നു .

അറബിനാട്ടിലെ വെയിലും മഴയും മഞ്ഞും കാറ്റും എല്ലാം ഓരോ  പ്രവാസിയും അവന്‍റെ നാടുമായി  ചേര്‍ത്ത് ഇടയ്ക്കിടെ ഒത്തുനോക്കുന്നുണ്ട് .അത്  അവനെ  ആശ്വസിപ്പിക്കുകയോ  കൂടുതല്‍ സങ്കടപ്പെടുത്തുകയൊ അതുമല്ലെങ്കില്‍ മറ്റൊരു  സമ്മിശ്ര വികാരത്തില്‍ കൊണ്ടെത്തിച്ച് തിരികെ  കൊണ്ട്  വരികയോ  ചെയ്യുന്നുണ്ട് .ഇപ്പോള്‍ അറേബ്യന്‍ നാടുകള്‍ ചൂടുകാലത്തെ കടന്ന്  തണുപ്പ്  കാലത്തിലേയ്ക്ക് പതിയെപ്പതിയെ  അതിന്റെ മണല്‍ക്കൂനകളെയും ഈന്തപ്പനകളെയും മനുഷ്യരെയും കൊണ്ട് നീങ്ങിത്തുടങ്ങിയിരിക്കുന്നു .

മഞ്ഞുകാലത്തെ  മണല്‍ഭൂമിയെ  സൂര്യന്‍  അതിന്‍റെ സുന്ദരവും  മൃദുവുമായ ചുംബനം  കൊണ്ട് മനോഹരിയാക്കുന്നു . ഇളംചൂടുള്ള ചിരികള്‍ കൊണ്ട് പകലുകളെയും ചുവപ്പും പീതനിറവും അടുക്കിയും  ഇടകലര്‍ത്തിയും ആകാശത്തു ചാര്‍ത്തി ഒരു  കാന്‍വാസില്‍ എന്നപോലെ അതിന്‍റെ സായന്തനങ്ങളെയും അലങ്കരിക്കുന്നു .മരുഭൂമിയെ  പൂക്കള്‍കൊണ്ടും തളിരുകള്‍ കൊണ്ടും ആ വരവറിയിക്കുന്നു .

ഭൂമിയുടെയും മനുഷ്യരുടെയും വേവുകളെയും വടുക്കളെയും  മഞ്ഞുമണമുള്ള  കാറ്റുകള്‍കൊണ്ട്  തഴുകി ആ കാലം കടന്നുപോകുന്നു .മേല്ക്കൂരയുള്ളവര്‍ അതിന്‍റെ ആനന്ദത്തെ   സ്വീകരിച്ചു വികാരാധീനരാകുകയും  ആഘോഷിക്കുകയും  ആനന്ദിക്കുകയും ചെയ്യുന്നു .ഉള്ളില്‍ മഴക്കാലവും വേനലും  മാത്രം  മാറിമാറി വന്നുപോകുമ്പോള്‍ വിണ്ടുകീറിയ ജീവിതം ഏതു  കാലത്തിലും ചിലരെ നോവിച്ചു കൊണ്ടിരിക്കും .അവനോ മഞ്ഞുകാലത്തിലും  പ്രാവുകളെപ്പോലെ അവന്‍റെ  പ്രാര്‍ഥനയില്‍ അടയിരിക്കുന്നു .

ഇലപൊഴിയന്‍ നാളുകള്‍ കടന്ന് മഞ്ഞുകാലം അതിന്‍റെ വരവറിയിക്കുന്നത് പൊടിക്കാറ്റും പിന്നെ  മഴക്കാറും കൊണ്ടാണ് . ചിലപ്പോള്‍ തുലാവര്‍ഷം പോലെ  ഇടിയുടെയും മിന്നലിന്റെയും അകമ്പടിയും ഉണ്ടാകും .വെളുത്ത നീളന്‍  ഉടുപ്പുകളിലും  ഇവിടെ കുഞ്ഞുങ്ങള്‍ മഴനനയാന്‍ മടിച്ചു നില്‍ക്കാറില്ല .ആകാശത്തിന്‍റെ സമ്മാനപ്പൊതി ആവേശത്തോടെ അവര്‍ ആവോളം ഏറ്റുവാങ്ങി സന്തോഷം  പങ്കിടുന്നതും രസകരമായതും  മനസ്സ് കുളിര്‍പ്പിക്കുന്നതു മായ കാഴ്ചകള്‍ തന്നെ .

ഈ തണുപ്പന്‍ മാസങ്ങളില്‍  മരുഭൂമിയുടെ മാറില്‍ വെളുത്ത  കൂടാരങ്ങളും പലനിറമുള്ള നേര്‍ത്ത  വെളിച്ചങ്ങളും നിറയുന്നത് നമ്മില്‍ കൌതുകമുണര്‍ത്തും .ഈ ജനത തണുപ്പന്‍ രാവുകളെ ആഘോഷമാക്കുകയാണ്.ആ  രാത്രികള്‍ ഉറങ്ങാനുള്ളതല്ല ! ഗഹ്വയും ചുട്ടമാംസങ്ങളും ചൂട് വര്‍ത്ത‍മാനങ്ങളുമായി  അറബ് അവരുടെ  പൂര്‍വ്വസ്മരണകളുടെ ഒരോ ചീന്തു പനയോലകള്‍ വീണ്ടും പകുക്കുന്നുണ്ടായിരിക്കണം അവിടെ .അറബ് യുവത്വങ്ങള്‍  അവരുടെ ചിരികളും  ചിന്തകളും പുതിയകാലത്തിന്‍റെ കാപ്പിക്കടകളിലേയ്ക്ക് മാറ്റിഇരുത്തിയിരിക്കുന്നു .അവയുടെ ഊഷ്മളമായ അന്തരീക്ഷവും മങ്ങിയ വെളിച്ചത്തിനും കീഴെ അവര്‍ മഞ്ഞുകാലം മൊത്തിക്കുടിക്കുന്നു .

പകല്‍ നടക്കുവാന്‍ കഴിയാത്ത ചൂടുകാലത്തെ അതെ ഇടങ്ങളിലൂടെ നമുക്ക് ആവോളം ആകാശത്തെയും മണല്‍ഭൂമിയും ആസ്വദിച്ച് സഞ്ചരിക്കാവുന്ന നല്ല സമയങ്ങള്‍ .വഴിനീളെ പൂച്ചെടികള്‍ വച്ച്  കൊടുക്കുമ്പോള്‍  മഞ്ഞുകാലം  അതില്‍ പൂക്കള്‍ നിറച്ച് മനുഷ്യനെ  സന്തോഷിപ്പിക്കുവാന്‍  മത്സരിക്കുന്നതും  വെളുത്ത പറവകള്‍ ഒരുമിച്ചു പറക്കുന്ന ആകാശങ്ങളും കണ്ടു നമുക്ക് നടന്നു നീങ്ങാം. ഇക്കാലത്ത് ആണ് കൂടുതലായി ദേശവര്‍ത്തമാനങ്ങളും വീട്ടുവര്‍ത്തമാനങ്ങളുമായി കോര്‍ണിഷുകളിലും പാര്‍ക്കുകളിലും കുടുംബങ്ങള്‍ കൂടുതലായി ഒഴിവു സമയങ്ങള്‍ ആസ്വദിക്കുന്നത്. പലവിധ വിനോദങ്ങളുടെയും ഫെസ്റ്റ്കളുടെയും നല്ലകാലവും ഇതുതന്നെയാണ് .ഒട്ടക കുതിരവണ്ടി സവാരികളും ചൂടന്‍ ചോളപ്പാത്രങ്ങളും  മണല്ക്കൂനകളില്‍ കയറിയിറങ്ങിപ്പായുന്ന കുഞ്ഞന്‍ വണ്ടികളും അങ്ങിനെ  പലതും ഒരുക്കി  കാത്തിരിക്കുന്നവരുടെ സന്തോഷകാലം കൂടി മഞ്ഞുകാലത്തില്‍ അവിടവിടെ കാണാം .

കടല്‍ക്കാക്കകള്‍ ആകാശത്തും  മണലിടങ്ങളിലും  കൂട്ടം  കൂട്ടമായി  പാറിച്ചുറ്റുന്ന കാലം  കൂടിയാണ്.മഞ്ഞുകാലം  തീര്‍ന്നു  തീര്‍ന്നു  പോകവേ  അവ  അവയുടെ  കുഞ്ഞുങ്ങളെയും ആകാശം കാണിക്കുന്നുണ്ട് എന്ന് ഞാന്‍ ആനന്ദത്തോടെ  നോക്കി നില്‍ക്കാറുണ്ട് . എത്രയെത്ര  കുഞ്ഞു ചിറകുകള്‍ താഴെ  നിന്നു നോക്കുബോള്‍  അവ വലിയ ശലഭങ്ങളെപ്പോലെ നമുക്ക്  മുകളില്‍  ഒഴുകുന്നതുപോലെ  തോന്നുന്നു .കുറെ ദേശാടനപ്പക്ഷികളെയും ചില  പ്രത്യേക ഇടങ്ങളില്‍ കാണുന്നതും മഞ്ഞുകാലം  തരുന്ന ബോണസ് തന്നെയാണ് . എവിടെയും കാണുന്ന പൂച്ചകളുടെ കാര്യം എടുക്കുകയാണെങ്കില്‍ ഈ  തണുപ്പിനെ  അവ അധികം ഇഷ്ടപ്പെടുന്നില്ല . കടല്ക്കരകളില്‍ ഓടിനടന്നിരുന്നവര്‍  കല്ലിടുക്കുകളില്‍  ഒളിച്ചിരിക്കുമെന്നും പിന്നെ  അവയുടെ കുറുമ്പന്‍ കുട്ടികളുമായി പിന്നീട്  പുറത്തിറങ്ങുമെന്നും  ശ്രദ്ധിച്ചിട്ടുണ്ട് .  

തണുപ്പന്‍ കാലം  വരുന്നതും  പോകുന്നതും  മഴയുടെ  പരവതാനിയിലൂടെയാണ്  എന്നതാണ്  മറ്റൊരു  കൌതുകം . രണ്ടറ്റത്തും മഴമണം ഉള്ള ഒരു  കാലമായി  അവയെ  ഓര്‍മ്മകളില്‍ തൂക്കിയിടുമ്പോള്‍ കേരളീയര്‍ക്ക് എന്തെന്നില്ലാത്ത  ഗൃഹാതുരത  കൂടി മനസ്സില്‍  തിങ്ങി വരും. എ സി മുറികളില്‍ നിന്നും ഹീറ്റര്‍ ചൂടിന്‍റെ കൂട്ടിലേക്ക് അവര്‍ പലപ്പോഴും കുഞ്ഞുങ്ങള്‍  എന്നപോലെ ജോലിത്തിരക്കുകള്‍ കഴിഞ്ഞ്  കുനിഞ്ഞു കൂടും .
"കാറ്റുലയുമ്പോള്‍ മഴ ചിതറുമ്പോള്‍ 
മഞ്ഞുപൊഴിയുന്ന മരമാകുന്നു കാലം
കിളിയൊച്ചകള്‍ ,കാപ്പിച്ചൂട് ,
നമ്മുടെ കുഞ്ഞു കുഞ്ഞാശകള്‍
കൊഞ്ചിച്ചുരുളുന്ന കുസൃതി ,
കമ്പിളി ഉടുപ്പിന്‍റെ പ്രണയം 
ഒക്കെയും ചുറ്റും നിറയുന്നു" .
ചൂടന്‍  കപ്പയും  കാന്താരിയും  നേര്‍ത്ത പത്തിരിയും കോഴിക്കറിയും കടുപ്പന്‍ സുലൈമാനിയും പിന്നെ എന്തെന്നില്ലാത്ത  നമ്മുടെ  ആ  നാടന്‍ പൂതികള്‍  ഒക്കെയും  വരിവരിയായി നമ്മില്‍  വന്നു  നിറയുന്ന  കാലം  കൂടിയാണത്.പുതിയ കുഞ്ഞുങ്ങള്‍ അവയില്‍ പിസ്സകളെയും ബര്‍ഗ്ഗറുകളെയും  അവരുടെ  മോഡേന്‍ ഇഷ്ടങ്ങളെയും കൂടെക്കൂട്ടിയിരിക്കുന്നു .

തണുപ്പന്‍കാറ്റ് വീശുമ്പോഴും  വൃശ്ചികത്തില്‍  എന്നപോലെ  മരങ്ങള്‍ക്കിടയിലൂടെ കമ്പിളികളില്‍  കയ്യുകള്‍ തിരുകി നടന്ന് കൊതിയോടെ  പോറ്റമ്മയുടെ ഈ  സുന്ദരമായ ഭാവമാറ്റങ്ങളെ  ആസ്വദിക്കുകയാണ്  പലരും. ഉള്ളിലെ വേവുകളെ കുറച്ചു  സമയത്തെയ്ക്കെങ്കിലും മറന്നു  കളയാന്‍ ചിലനേരങ്ങള്‍ മനുഷ്യന്
കൂട്ടിരിക്കുന്നുണ്ട് എന്നത് പിന്നെയും നമ്മള്‍ മറ്റൊരു  രാജ്യത്തിരുന്ന് ഓര്‍ത്തെടുക്കുന്നു .





11.14.2018

ഹരിതനിശബ്ദത

ഓര്‍മ്മകളില്‍ ഇറങ്ങി നടക്കുമ്പോള്‍ 
സിദ്ധനായും കളിക്കുഞ്ഞായും 
കാലം അവനില്‍ ഒളിച്ചു കളിക്കുന്നു 
തൊട്ടിലില്‍ കാലുണ്ണുന്ന 
ഒരു ശിശുവിനെപ്പോലെ 
ഓര്‍മ്മകളുടെ നിഴലും നിലാവും ,
പൂവിരിയും പോലെ അതിന്‍റെ
ഹരിതനിശബ്ദത !
_____________________________
ചിത്രം : പേരറിയാത്ത ഒരിടവഴിയില്‍ നിന്നും ക്ലിക്കിയത് 

11.10.2018

ജീവിതം


ജീവിതത്തിന്‍റെ ഒരറ്റം മുതല്‍ 
മറ്റേ അറ്റം വരെ നീട്ടിക്കെട്ടിയ 
കരച്ചിലിന്‍റെ ആ തൊട്ടിലില്‍ നിന്ന് 
സന്തോഷത്തിന്‍റെ ഒരു കുഞ്ഞിനെ 
കാലം ഇടയ്ക്കിടെ 
നമ്മുടെ നെഞ്ചില്‍
മാറ്റിക്കിടത്തുന്നുണ്ട് 
__________________________


ചിത്രം :
ചിമ്മിനി ഡാമിലേയ്ക്കുള്ള വഴിയില്‍ നിന്നും ഞ്യാന്‍ തന്നെ 


9.24.2018

ദൈവാംശം


ദൈവം എന്ന് 
കവിതയില്‍ എഴുതുമ്പോഴെല്ലാം 
അതൊരു പ്രാര്‍ത്ഥന ആയിരുന്നു .
ദൈവത്തോടോ എന്നോടോ എന്നുള്ള 
ഒറ്റ സംശയം മാത്രമായിരുന്നു 
അതിന്‍റെ തെളിവിന്‍റെ ഒരറ്റം . 
✍✍✍✍✍✍✍
ഓരോ പകലുകള്‍ അസ്തമിക്കുമ്പോഴും
ദേവാലയയമണികള്‍ മുഴങ്ങുന്നു
ഒരു മനുഷ്യനസ്തമിക്കുമ്പോള്‍
അവന്‍റെ ദൈവവും അവനും
ഒരേ കടലില്‍ താഴ്ന്നു പോകുന്ന
ഇരട്ടകളാകുന്നു .
🐦🐦🐟🐟🐛🐛🐝🐝🐀🐀🐮🐮🐜🐜
ചിത്രമൌനം ഫ്രം മ്മടെ വടക്കുംന്നാഥന്‍




9.11.2018

പ്രളയാനന്തരം

അനന്തരം 
പ്രണയത്തില്‍ നിന്നും ദൈവങ്ങള്‍ 
പുറത്തു കടക്കുമ്പോള്‍ 
പ്രളയപ്പെട്ട ഒരു നാട്ടിലെ 
മതമില്ലാത്ത ജലത്തിനു മുകളില്‍ 
പൊന്തിയുലയുന്ന
ഒരു ചെറു പവിഴമല്ലിമൊട്ടില്‍
പ്യൂപ്പയുണ്ടാക്കിയ ശലഭത്തിന്‍റെ
ഈറന്‍ കുടയുന്ന ആദ്യത്തെയാ
ചിറകനക്കമാകുന്നു 🦋🐛🦋



4.17.2018

അറേബ്യന്‍ ചാറ്റല്‍ മഴ

Sony Dith is meeting അറേബ്യന്‍ ചാറ്റല്‍ മഴ !
നീലവിരിപ്പുകളോ ചിത്രപ്പണികളോ വിശാലതയോ ഇല്ലാത്ത ഒരു ചില്ലുജനാലയ്ക്കിപ്പുറം നിന്ന് മഴയുടെ ഉടലിനെ കാണുന്നു .ഇത്തിരി കിളിചിലപ്പുകള്‍ മഴ നനഞ്ഞ് വായുവിലൂടെ ശരം തൊടുക്കുന്നു . പുതുമഴയുടെ ഗന്ധം മണല്‍തിണര്‍ത്തതാണ് മണ്ണ് നനയുന്നതിനെക്കാള്‍ വീര്യം കുറഞ്ഞ് മരുഭൂമിയില്‍ പരക്കുന്ന ഒന്ന്.ലോലമായ ചാരമേഘങ്ങളുടെ മേലാപ്പുമായി ആകാശം ദിവസമുണരും മുന്‍പേ അതിനുമീതെ നിവര്‍ന്നു കിടക്കുന്നുണ്ടായിരുന്നു. വികാരങ്ങള്‍ ഇല്ലാത്ത നഗരവും തെരുവുകളും അതിന്‍റെ ചതുരന്‍ കണ്ണുകള്‍ മിഴിച്ചു പിടിച്ച് അനക്കമില്ലാതെ നനയുകയാണ്‌.അറേബ്യയുടെ
മണല്‍ദേഹം വീണ്ടും അതിന്‍റെ ഭ്രാന്തന്‍ വേവുകാലത്തിലേയ്ക്ക് മടങ്ങുവാന്‍ കോട്ടുവായിട്ടു കൊണ്ട് മൂരിനിവരുന്ന ദിവസത്തിലിരുന്നു ഓര്‍മ്മകളുടെ മേശപ്പുറത്തു ചമ്രം പടിഞ്ഞ് തനിയെ കാപ്പിച്ചൂട് പകുക്കുകയാണ് .
🌧️🌧️🌧️🌧️🌧️🌧️🌧️