Labels

Showing posts with label കാക്ക ത്രൈമാസിക .. Show all posts
Showing posts with label കാക്ക ത്രൈമാസിക .. Show all posts

11.13.2019

പ്രണയഗ്രന്ഥം തുറക്കുമ്പോള്‍


പ്രണയഗ്രന്ഥം തുറക്കുമ്പോള്‍
________________________
രാത്രി അതിന്‍റെ ആകാശത്തില്‍
നക്ഷത്രങ്ങളെ തെളിയിച്ചു കൊണ്ടിരിക്കുന്നു
ഞാനോ നമ്മുടെ ഇണയോര്‍മ്മകളുടെ
നനുത്ത മുല്ലമണത്തെ
ഉറക്കത്തിന്‍റെ അങ്ങേ പടവിലിരുന്നു
കോര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു .
ഇരുള് വടിച്ചു കഴുകി വെളിച്ചം മെഴുകിയ
ഒരു ദിനത്തിന്‍റെ ഉമ്മറത്തിണ്ടില്‍
പാരിജാതം മണക്കുന്ന നിറകൂടയായിരുന്നു
ഇന്നെന്‍റെ കണി .
ഞാനോ
ശരത്കാലമോ വസന്തമോ എന്നൊളിപ്പിച്ചു
നീലാമ്പലിന്റെ കണ്ണുപൊത്തുന്ന നിഴലുകള്‍
വിരിഞ്ഞിറങ്ങിയ മുറ്റത്തെ ശാന്തത രുചിച്ചു
നിന്നുപോയ് ഇരുനിമിഷം .
മാമ്പൂക്കള്‍ക്ക് താഴെ
മയില്‍പ്പിടയുടെ ഒച്ചയിലേയ്ക്ക് പറന്നിറങ്ങിയ
നീളന്‍ പീലിക്കണ്ണന്‍റെ തൂവലുകള്‍
എന്‍റെ മഞ്ഞ മന്ദാരങ്ങള്‍ക്കും മേലെയപ്പോള്‍
നീണ്ടുവിടര്‍ന്നു .
അവന്‍റെ ഓരോ പീലികളിലും
പ്രണയത്തിന്റെ വാതില്‍മണികള്‍
കൊളുത്തിയിട്ടെന്ന വണ്ണം ഇളകിയാടുന്ന ഒച്ചകള്‍
ഈ പ്രഭാതത്തില്‍ കലരുന്നു .
ഹ !
പ്രണയം കൊണ്ട് ആരോ
ഹൃദയത്തില്‍ തൊടുമ്പോള്‍
പൂക്കുന്നതാണീ ആകാശവും ഭൂമിയും !
രാവിലും പകലിലും
ഇരുളുകൊണ്ടും വെളിച്ചം കൊണ്ടും
തമ്മില്‍ തൊടുന്നവരത്രേ
പ്രണയത്തിന്‍റെ മന്ത്രവാദികള്‍ !
അവര്‍ ,
ശൂന്യതയില്‍ നിന്ന് ഒരുറവയെ സൃഷ്ടിക്കുന്നു
അതിന്‍റെ വഴികളില്‍ വസന്തം കൊണ്ട് തോരണമിടുന്നു .
കാലമവര്‍ക്ക് മുന്‍പേ പാഞ്ഞോടുന്ന
ഒറ്റക്കൊമ്പന്‍ കുതിരയെപ്പോലെയാണ് .
ചിറകുകള്‍ മുളയ്ക്കുന്ന ഓരോ സ്വപ്നങ്ങളിലും
രൂപം മാറുന്നതോ അവരുടെ ഇഷ്ട ദേവതകള്‍ .
പ്രണയത്തില്‍ ആയിരിക്കുമ്പോള്‍
വിഷാദത്തിന്റെ തുടലുകള്‍ കുരുങ്ങി വീഴുന്ന
ഇടവഴികളെ
വീണ്ടും വീണ്ടും നാം കണ്ടുമുട്ടുന്നു ,
സന്തോഷവും വേദനകളും
ഒന്നിച്ചു പൂത്തു പടര്‍ന്ന വേലികളും
ഓരോ വളവിലും ചാഞ്ഞു നില്ക്കുന്നു .
പ്രണയമോ
എന്നും പണിതീരാത്ത വീടുപോലെ
നമ്മുടെ ഹൃദയത്തെ അനുഗമിക്കുന്നു
കാല്പ്പനികതയുടെ കുടമുല്ലപ്പൂവള്ളികളില്‍
കുരുങ്ങിപ്പോകുന്ന കുരുവിക്കൂടുപോലെ നാം
ശേഷിക്കുകയും ചെയ്യുന്നു .
കൂട്ടിലെക്കിളിയെ തുറന്നു വിടുമ്പോള്‍
ആകാശമോ അതിന്‍റെ കിളിക്കൂട്ടമോ
അപരിചിതമെന്നപോലെ അതിനെ
കടന്നുപോകുന്നല്ലോ ,
പ്രണയത്തില്‍ നിന്നും ഉണരുമ്പോള്‍
ദാഹിക്കുന്ന വേനലുള്ള തൊണ്ടക്കുഴികളുമായി
കണ്ണുവരണ്ടിരിക്കുന്നല്ലോ നമ്മളും !
നീട്ടിപ്പിടിച്ച നീളന്‍ വേവലാതികളുമായി
പ്രണയമടര്‍ന്ന ഹൃദയമപ്പോള്‍ ജീവിതത്തെ
ഞെരുക്കിക്കൊണ്ടിരിക്കും
ആത്മാവിന്‍റെ സുഗന്ധങ്ങളില്‍ അവ
മായം കലര്‍ത്തുകയും
വിഷാദത്തിന്റെ മുഖച്ഛായയില്‍ നമ്മെ
ഞെളുക്കിഎടുക്കുകയും ചെയ്യും .
പ്രണയം
ചുറ്റുമുള്ളതെല്ലാം പ്രിയപ്പെട്ടപ്പെട്ടതാക്കുന്നു .
കാറ്റോ കടലോ കുഞ്ഞു പൂവോ കാക്കപ്പറക്കലോ
സ്നേഹപ്പുല്ലോ സ്വര്‍ഗ്ഗം കൊണ്ടുവരുന്നു .
പ്രണയം പറിഞ്ഞു പോകുമ്പോഴൊക്കെയും
ചോരവിയര്‍ക്കുന്ന ഉടലുകളുമായി
നീറുന്നു നാം നിരന്തരം .
നോക്കൂ , ഈ കടുകു പാടങ്ങള്‍ക്കു നടുവില്‍
ഒരു ഇരുണ്ടപെണ്‍കുട്ടി ചിരിക്കുന്നു
അവളുടെ മുടിപ്പിന്നലിന്നറ്റത്തെ
ഒരിളം നീലപ്പൂവിന്‍റെ ചന്തം പോലെയവള്‍
ചുണ്ടിളക്കുന്നു
അതെ,
ആത്മാവില്‍ പ്രണയം കൊണ്ടെന്നപോലെ
അവള്‍ ചിരിക്കുന്നു .
എത്ര മധുരമീ സത്യം ,
പ്രണയം കൊണ്ട് നിറഞ്ഞ
തായ് വേരുകളുടെ ആനന്ദം
സമൃദ്ധമായ് ചില്ലകളെ
ആകാശത്തിലേയ്ക്ക് ഉയര്‍ത്തുമ്പോള്‍
ജീവിതം അതിന്‍റെ ഇണപ്പക്ഷികളുമായി
അതില്‍ ചേക്കേറുന്നു എന്നത് !
അപ്പോഴും ഇപ്പോഴും
പ്രണയം കൊണ്ട് വിശുദ്ധരും
അശുദ്ധരുമാക്കപ്പെട്ടവരുടെ ശ്വാസങ്ങള്‍
പ്രണയം കൊണ്ട് മുറികൂടുകയും
മുറിവേല്‍ക്കുകയും ചെയ്തവരുടെ പ്രതിരൂപങ്ങള്‍
ഒരേ ഭൂമിയിലങ്ങനെ
ചിതറിപ്പോകുകയും ഇടകലരുകയും
ചെയ്തുകൊണ്ടേയിരിക്കുന്നു .
വീണ്ടും ഒരു രാവതിന്റെ ആകാശത്ത്
നക്ഷത്ര വിളക്കുകള്‍ തെളിയിച്ചു വരുമ്പോള്‍
ഞാനെന്‍റെ പ്രണയത്തിന്‍റെ ഗ്രന്ഥം തുറന്നടയ്ക്കുന്നു
പിന്നെയാ ഉറക്കത്തെ
അപ്പോള്‍ വിടര്‍ന്ന മുല്ലമണം ചേര്‍ത്ത്
മെടെഞ്ഞെടുക്കുന്നു .

4.17.2018

ബോധിവൃക്ഷത്തിന്‍റെ ദലമര്‍മ്മരങ്ങള്‍- കൈരളിയുടെ കാക്ക ത്രൈമാസിക.


ബോധിവൃക്ഷത്തിന്‍റെ ദലമര്‍മ്മരങ്ങള്‍
___________________________________
വേപ്പുമരത്തിലെക്കാറ്റ്
അതിലൊറ്റക്കിളിയെ ഇരുത്തി ഓമനിക്കുമ്പോള്‍ 
ഞാനെന്റെ ജാലകം തുറന്നിടുന്നു
അവിടെ ഉണ്ടായിരുന്നെന്ന അടയാളത്തെ
ഒരു ചില്ലയനക്കത്തില്‍ പുറകിലാക്കി
അത് പറന്നു പോകുന്നു .
വര്‍ത്തമാനകാലത്തെ ഒരു ചിറകനക്കത്തില്‍
ഭൂതകാലമെന്നെഴുതി അതിദ്രുതം
ആ നിമിഷത്തെ കടന്നു പോകുന്നൊരു
മാന്ത്രികന്‍ !
ഈ പ്രപഞ്ചത്തില്‍
ഉത്തരങ്ങളെക്കാള്‍ ദുഷ്കരമാണ്
ചോദ്യങ്ങളെ തുറന്നു വിടുക എന്നത്
തനിക്ക് താങ്ങാവുന്നതിലധികം ഭാരവുമായി
ചിലപ്പോളത് തിരികെ എത്തിയേക്കാം .
ജീവിതം ഒരു കണ്ണാടിയല്ല
ശ്വാസത്തെപ്പോലെ സ്വന്തമല്ലാത്ത പലതുമാണ് നാം .
ഹൃദയമൊരു വിരുന്നുകാരനാകുമ്പോള്‍
ജീവിതമതിന്റെ വിരുന്നുമേശയാകുന്നിടം മാത്രമാണ്
നമുക്കീ ലോകം .
നമുക്ക് മുകളില്‍
പാടിത്തീര്ത്ത ഓരോ പകലുമായി കിളികള്‍ ,
കൂട്ടിലേയ്ക്കു പറക്കുന്നു .
വസന്തങ്ങള്‍ കൊഴിഞ്ഞു തീരുമ്പോഴും
വേനലുകള്‍ പടര്‍ന്നു പെരുകുമ്പോഴും
പാട്ടുകളുമായവര്‍ കാലങ്ങള്ക്കു കുറുകെ
പറന്നു പോകുന്നു .
ലോകമോ , നമ്മെയും എന്നപോലെ
ഓരോന്നിനെയും
പൂരിപ്പിച്ചുകൊണ്ടിരിക്കുന്നു .
മഞ്ഞുകാലങ്ങള്‍ മനുഷ്യനെ
പുതപ്പുകളിലേയ്ക്ക് ചുരുട്ടിക്കളയുന്നു
മഴക്കാലം കുഴലൂതുമ്പോള്‍
എത്രയെത്ര ഈയലുകള്‍ മരണനൃത്തം ചെയ്യുന്നു !
ഗ്രീഷ്മം ജലഉടലുകളുമായി
ഗാഡപ്രണയത്തിന്റെ ഒന്നാകലുകളിലേയ്ക്ക്
ഓരോ അടരുകള്‍ ,പടവുകള്‍ ഇറങ്ങിപ്പോകുന്നു .
വേനല്‍ , വയലിലും കാറ്റിലും
വിണ്ടലിപികള്‍ കൊണ്ടടയാളം വക്കുന്നു .
അപ്പോഴൊക്കെയും
ഏതു തീപ്പൊരി വീണാളിപ്പോകുമെന്നറിയാതെ
പാതിയുമുണങ്ങിയ ജീവിതങ്ങളും കൊണ്ട്
നാമുലയുന്നു .
നോക്കി നോക്കിയിരിക്കെ
ഒരു ശരത്കാലത്തെ കാറ്റുവന്നു ജാലകം ചാരുന്നു ,
ചുറ്റും ഇലകള്‍ പൊഴിയുമ്പോള്‍
നഗ്നമാകുന്നു ജീവിതം .
കിളിക്കുഞ്ഞുങ്ങള്‍ പറക്കാന്‍ പാകമാകുമ്പോള്‍
കൂട്ടിലവശേഷിക്കുന്ന
നനുത്തചില തൂവലുകള്‍ പോലെ
നാം ചിലത് ബാക്കിയാക്കുന്നു ,
ജീവന്റെ അടയാളങ്ങളെന്നു തോന്നിക്കാത്തവണ്ണം
കാലങ്ങളിലൂടെ എത്ര അലസമായവ
പാറിപ്പോകുന്നെന്ന് കാണൂ !
ഒരു കാലം
തെളിവുകള്‍ നിരത്തി നിരത്തി വയ്ക്കുന്നു
മറുകാലം
അതിനെയെല്ലാം പൊട്ടും പൊടിയും മാത്രമാക്കി
വിഴുങ്ങിക്കളയുന്നു .
നമ്മുടെ ശരീരങ്ങളും ,
ഏതോ കാലത്തിന്റെള തെളിവുകള്‍
മറ്റേതോ കാലമതിനെ
അപ്പാടെ വായിലാക്കുവാന്‍
പൂച്ചപ്പതുക്കങ്ങളുമായി കൂടെയുണ്ടെന്നത്
ഇന്നും മാറ്റമില്ലാതെ തുടര്ച്ചകളെ പെറുന്നു .
ഓരോ ശിലയും
ആദരപൂര്‍വ്വം കടന്നുപോകേണ്ടുന്ന
കാലങ്ങളും കൂടിയാണ്
ഏതേതു ദൈവങ്ങളെ സ്വതന്ത്രമാക്കിയ
(അതോ ബന്ധനത്തിലാക്കിയതോ !)
ഉളിയൊച്ചകളെ ധ്യാനിക്കുന്നു അവയെന്ന്
നാമറിയുന്നില്ല ,
ദൈവകാലത്തേക്ക് ഉയര്ന്നുപോയവരുടെ
പൂര്‍വ്വാശ്രമച്ചീളുകളിലൂടെ നാം !
പകലുകള്‍ ഓരോന്നും
ഉടഞ്ഞു പോകുന്നെന്നോ
അലിഞ്ഞു പോകുന്നെന്നോ നാം
ആസ്വദിക്കുകയോ ആകുലപ്പെടുകയോ ചെയ്യുന്നു
ഉടഞ്ഞുപോകുന്നത് ഓരോരോ നമ്മളെന്നു ,
നമ്മുടെ സമയമെന്ന്
വീണ്ടുമാ സൂര്യനുദിക്കുന്നു .
നിങ്ങളറിയുന്നോ
ജീവിതം അതിന്റെയാ
ഒറ്റച്ചുബനംകൊണ്ട് ഒപ്പുവച്ച
നമ്മുടെയേതോ വസന്തകാലത്തിലായിരിക്കണം
നാമിപ്പോള്‍
ചേക്കേറിയിരിക്കുന്നത് !
_________________________________

4.03.2017

നിങ്ങളുടെ ചിന്തയിലൊരു കട്ടുറുമ്പ് കടിയ്ക്കുന്നു



മഞ്ഞുപെയ്യുന്ന പ്രഭാതങ്ങള്‍ മഴയുറങ്ങാത്ത മാസങ്ങള്‍
മുളകളുലയുന്ന ഗ്രീഷ്മ സീല്‍ക്കാരങ്ങള്‍
നാട്മണക്കുന്ന നാല്ക്കവലകള്‍ .
ഞാറ്റുപാട്ടുകള്‍ ഏറ്റിവീശുന്ന നാട്യങ്ങള്‍ ഇല്ലാത്ത കാറ്റ് !
ഇന്നീ നഗരവേഗങ്ങള്‍ മുന്നോട്ടു കുതിക്കുമ്പോള്‍
പിന്നിലാകുന്നു മനുഷ്യര്‍ ,മറഞ്ഞു പോകുന്നു ഗ്രാമങ്ങള്‍ ,
പിന്നെ ജീവനുള്ലോരാ ഭംഗികള്‍ .
ജീവനുപേക്ഷിച്ച യജമാന്‍റെ കാല്ക്കലോ ബാക്കിയാകുന്നു ,
എല്ലുന്തിയ ഉഴവുകാളകളുടെ വിഷാദം .
അതിവേഗമെന്‍ വീണക്കമ്പികളില്‍
നഗരത്തിന്‍ പുളിയുറുമ്പുകള്‍ കൂടുകൂട്ടുമ്പോള്‍
വയലിന്റെ ഗിറ്റാര്‍ കമ്പികളിലൂടെ
തീവണ്ടിരാഗം പായുന്നെന്ന് ആധുനികനൊരുവന്‍
ഉടല്കുലുക്കി ചുണ്ട്നുണയുന്നു .
ചടച്ചുപോയെന്‍റെ ഗ്രാമമെന്ന്
പതിനാലാം നിലയിലെ യന്ത്രത്തണുപ്പിലൊരു
ലഹരിയുടെ മുത്തപ്പന്‍ ,കുനുകുനെ കടലാസ്സ് കീറുന്നു.
ഇന്നിതാ പെരുകുന്നു
മനുഷ്യരെ കറുപ്പ് തീറ്റിക്കുന്ന
കാവിയും വെളുപ്പും പച്ചയും നിറമുള്ള
 കൈക്കരുത്തുകള്‍,
ചതിച്ചതുരംഗയനക്കങ്ങള്‍ .
ഒരു പുറം ,
പ്രണയത്തിന്‍റെ വെണ്ണക്കല്‍ മിനുപ്പുകളില്‍
നഗരത്തിരക്കിന്‍ കറുപ്പേറുന്നു .
കൊഴുത്ത പുണ്യങ്ങളെ ചുമന്നു കിടക്കുന്നു ഗംഗ ,
ഇരുകരകളില്‍ ഇരുന്നു ശാന്തിമന്ത്രം ജപിക്കുന്നവരുടെ നീണ്ടനിര .
പാപനാശച്ചെളിനീരിലോ തിമിര്‍ക്കുന്നു
അയിത്തമില്ലാ കൂത്താടിക്കൂട്ടങ്ങള്‍ .
നാം പിന്നെയും അരുതുകളുടെ കടുംകെട്ടില്‍ പിടയുന്നു .
മറുപുറം ,
ഇന്നിന്‍റെ ദേശസ്നേഹത്തിന്‍ കുങ്കുമത്തളികയില്‍
ചോരയിറ്റുന്ന വാള്‍മൂര്‍ച്ചയില്‍
കൊടുംവേനല്‍ മുഖം നോക്കുന്ന നട്ടുച്ചയുടെ ചിരി ,
മനുഷ്യമണമില്ലാത്തവരുടെ പെരുകുന്ന തെരുവുകള്‍ .
"സഹിഷ്ണുത" വിശുദ്ധപദമെന്ന് പിറുപിറുക്കുന്ന
 പാതിരാ സൂര്യന്‍മ്മാര്‍ .
രാജ്യസ്നേഹമിന്ന് അസഹിഷ്ണുത വിഴുങ്ങിയ പെരുമ്പാമ്പ്‌ ,
മനുഷ്യസ്നേഹമിന്നു മഷിയിട്ടു നോക്കേണ്ട നാഗമാണിക്യം .
സ്നേഹത്തിന്‍റെ കാലമിങ്ങനെ കടന്നുപോകുമ്പോള്‍ , നാം
 പാളങ്ങള്‍ക്കിടയില്‍ സ്വാതന്ത്ര്യചിന്തകള്‍ അറ്റുപോയൊരാ
ജഡങ്ങളാകുന്നു .
സ്നേഹിതാ
നാനാത്വത്തില്‍ ഏകത്വമെന്ന നമ്മുടെ ദേശവാക്യത്തില്‍
ആരോ വിഷം കലര്‍ത്തുന്നുണ്ട് , ജാഗ്രത !

4.30.2016

അരുതുകളുടെ ചെങ്കോല്‍





ചോറ്റുപാത്രത്തില്‍ ചാടിക്കയറുന്ന
ചൊറിയന്‍ തവളയാണിന്നു ഫാസിസം.
മതവും രാഷ്ട്രീയവും 
മനുഷ്യരെ ഭക്ഷിക്കുന്ന കാലത്ത് 
തലയ്ക്ക് മുകളില്‍ വാള്‍ തൂങ്ങിയാടാത്ത 
ഒരു സ്വാതന്ത്ര്യവും ഇന്നുനമുക്കില്ല  !

വര്‍ത്തമാനം 
അരുതരുതെന്ന് അലറും പൂതങ്ങളെ  
കെട്ടഴിച്ചു  വിട്ടിരിക്കുന്നു .
ഭാവിയോ  അതില്‍ ആവിയായ്ത്തീരുന്നു .
ദ്രവിച്ചു  തീരുന്നു ,
ബാക്കിയാകാതെ മനുഷ്യഗുണങ്ങളും .

മനുഷ്യനിലെ ചോരയ്ക്ക് പലനിറമല്ലെന്ന് 
പലവട്ടം  തെളിഞ്ഞിട്ടും 
പലതെന്ന് തന്നെ  പിന്നെയും  പിന്നെയും 
പുകയുന്തുന്ന ചൂളകള്‍ പൊന്തുന്നു ചുറ്റിലും 
പകയുന്തുന്ന ജാഥകള്‍ പരസ്പരം മുഷ്ട്ടിചുരുട്ടുന്നു .

അവനെന്നും  ഇവനെന്നും 
എന്‍റെയും നിന്റെയും ചൂണ്ടുവിരല്‍ ക്കടയുന്നു ,
ചോരമണക്കുന്ന  അതിപുരാതന  ചിത്രങ്ങള്‍  
വീണ്ടും തെളിയുന്നു .

നമ്മുടെ  സന്തോഷങ്ങളിലോക്കെയും 
അരുതുകളുടെ കട്ടുറുമ്പുകള്‍ കൂടുകൂട്ടുന്നു ,
സ്നേഹത്തിന്‍റെയാ മലതുരന്നതിനെ  വെറും  
പൊടിമന്കൂനയക്കുന്നു,
ഒരു വിഷമഴച്ചാറ്റലിലോ നാമപ്പോള്‍ 
വേര്‍പ്പെട്ടുപോകുന്നു .

വിശപ്പിലും വിചാരത്തിലും 
വാക്കിലും  വരയിലും 
ദൈവപ്പേരിലും തമ്മില്‍ത്തമ്മില്‍ 
അസഹിഷ്ണുതയുടെ വിഷദംശനമേല്ക്കുന്ന
ജനതയാകുന്നു നമ്മള്‍ .
നീലിച്ചു  പോകുന്നു  ,
എന്റെയും നിന്റെയും ബാക്കിവന്ന ജീവിതം .

ദേശമിന്ന് ,
അസഹിഷ്ണുതയുടെ കടുത്ത ചായം പടര്‍ന്നൊരു  
ഭൂപടം  മാത്രം !
വെട്ടുക്കിളികളെ പോറ്റുന്ന യജമാനന്‍മാരുടെ  
സിംഹാസനച്ചുവട് ,
സ്വാതന്ത്ര്യങ്ങളുടെ കല്ലറയൊരുക്കങ്ങളില്‍ 
കല്ല്‌ശേഖരിക്കുന്നവരുടെ ഇനിയും നീളുന്ന നിര .

ഒച്ചയില്‍  ഒഴുക്കില്‍ ,ഒരുമയില്‍ 
അണകെട്ടുന്നവരുടെ  അനക്കങ്ങള്‍ ,
അയല്‍ക്കാരന്റെ വിളക്കൂതുന്ന ആര്‍പ്പുവിളികള്‍ ,
അടുത്തുവരുന്നു .

വെളിച്ചത്തിന്‍റെ കമ്പളത്തില്‍ ആരോ 
ഇരുട്ടിന്‍റെയാ പഴന്തുണി 
പിന്നെയും തുന്നിച്ചേര്‍ക്കുന്നു ,
കറപിടിച്ച ഒരു  ചിരിചിരിക്കുന്നു .

വിശക്കുന്നവന്‍റെ അടുപ്പിലെ  
എണ്ണിത്തിളപ്പിക്കും ഉപ്പില്ലാത്ത വറ്റിനും
ഉച്ചയൂണ് നേരത്തെ ഒറ്റിക്കൊടുത്ത 
വറുത്തമീന്‍മണത്തെ വലിച്ചുകേറ്റിയ 
അവന്‍റെ മൂക്കിനും
പിഴചുമത്തേണ്ടതുണ്ടെന്നു
ഈ നൂറ്റാണ്ടിന്‍റെ ന്യായം 
നമുക്ക് മുകളില്‍ 
ചെങ്കോല്‍ നീട്ടുന്നു .
_____________________________
സോണി ഡിത്ത്
______________________________

10.30.2015

വിചിത്രഭാഷകളുടെ വിപ്ലവം -










 നികത്തിയെടുത്ത വയലില്‍ നിന്ന്
ഗൃഹാതുരതയും പ്രകൃതി സ്നേഹവും
വിതുമ്പിയും വിമ്മിഷ്ടപ്പെട്ടും നെടുവീര്‍പ്പിട്ടും
വാതോരാതെ വ്യായാമം ചെയ്ത്
ശീതീകരിച്ച കോണ്ക്രീറ്റ് കൂണുകളിലേയ്ക്കവര്‍
മടങ്ങിപ്പോകുന്നു .
മനസാക്ഷിയുടെ പുറംചട്ടയൂരി
ആണിമേല്‍ക്കൊളുത്തിയിട്ട്
സുരക്ഷിതരെന്നപോലെ
മലര്‍ന്നു കിടക്കുന്നു .

കാണുന്നില്ലേ
നഷ്ടപ്പെട്ടു കഴിയുമ്പോള്‍ മാത്രം
ഒന്നിനെക്കുറിച്ച്
വാചാലനാകുന്നവരുടെ നീണ്ട ജാഥകള്‍ .
കല്ലേറ് കൊള്ളുന്ന പ്രതിമകള്‍ ,
ചില്ലടര്‍ന്ന ചരിത്രമുഖങ്ങള്‍
വിണ്ടു തകരുന്ന
നികുതികൊണ്ട് മേഞ്ഞ മേല്‍ക്കൂരകള്‍
കണ്ണ്പൊട്ടിയ ആനവണ്ടികള്‍
വഴിമുടങ്ങുന്ന
പേറ്റുനോവിന്‍റെ ഞെരക്കങ്ങള്‍
പെരുവഴിയില്‍ ചിതറിയും ചിന്തിച്ചും
വീടെത്താന്‍ തിടുക്കമുള്ളവര്‍
പിന്നെ
നാടുകാണാന്‍ വന്നവര്‍.

കോഴിയും കള്ളും
അതിനുമേലെ ,ചിരിക്കുന്ന ഗാന്ധിയും
പതിവിലധികം ചിലവാകുന്ന
ചതിക്കുന്ന ചന്തകള്‍ .
ചിന്തേരിടാത്ത ഭാഷകള്‍ നിറയുന്ന
നിരത്തുകള്‍ .
മനുഷ്യനെ മാത്രം കാണാത്ത
തോലണിഞ്ഞവരുടെ തെരുവുകള്‍ .

അറിയാതെയപ്പുറം എത്തിനോക്കുമ്പോള്‍
വക്കുപൊട്ടിയ പാത്രങ്ങള്‍
എണ്ണയൊഴിയാത്ത കണ്ണുകള്‍
പൂച്ചയുറങ്ങും അടുപ്പുകള്‍
അച്ഛനെ കാത്തു കാത്ത് നിന്ന്‍
തേഞ്ഞുപോകുന്ന വിശപ്പുകള്‍
അന്തിയില്‍ കാറ്റുതോല്‍പ്പിക്കും
വിളക്കു പോലെ
കെട്ടുപോകുന്ന പെണ്‍യൌവ്വനങ്ങള്‍
വേവുണങ്ങാത്ത അമ്മയുരുക്കങ്ങള്‍ ,
വീണ്ടും പഴസ്സഞ്ചിയുമായ് വേച്ചിറങ്ങുന്ന
കുഴമ്പുമണക്കുന്നച്ഛന്‍റെ ഊന്നുവടിപ്പാടുകള്‍

അങ്ങനെ എത്രയെത്ര
പടയില്‍ പെട്ടുപോയവരുടെ
മടങ്ങിയെത്താത്ത പഴുതുകള്‍ ,
വെളിച്ചം മുളയ്ക്കാത്ത ഇരുട്ടുകള്‍.
പാകമെത്താതെ ഉരിഞ്ഞെടുത്ത
കറയുണങ്ങിയ കറുപ്പുകള്‍ ,
പാതിവഴി പിണങ്ങി നില്‍ക്കും
പല പല ജീവിതങ്ങള്‍.

കളകള്‍ പെരുകിയ
ചതുപ്പ് പേറുന്ന വയലിടങ്ങള്‍
ബാക്കിയാകുമ്പോള്‍ ,
പിഴിഞ്ഞെടുത്ത മണ്ണിന്‍ മുലപ്പാല്‍
കുപ്പിയില്‍ തൂങ്ങുമ്പോള്‍
കളിപ്പാട്ടങ്ങള്‍ പെറുന്ന ,
നിവര്‍ന്നു നില്‍ക്കും ആകാശനിലകളില്‍
ഹോര്‍മോണ്‍ കുത്തിവച്ചു വളര്‍ന്ന
മനുഷ്യരെന്ന യന്ത്രങ്ങള്‍ നിരങ്ങുന്നു .
വിലപേശാതെ വിഴുങ്ങുന്നു
വെളുത്തവന്‍റെ മിടുക്കുകള്‍,
പിന്നെ വിസര്‍ജ്ജിക്കുന്നൂ
വിചിത്ര വേദപുസ്തകങ്ങള്‍.

ഇനിയിവിടെക്കാണൂ നിങ്ങള്‍
മാറ്റം മാറ്റമില്ലാതുറങ്ങുന്ന ചേരികള്‍ ,
നഗരങ്ങള്‍ ജപ്തിചെയ്തെടുത്ത ഗ്രാമങ്ങള്‍,
മനുഷ്യനെക്കാണാതാക്കിയ മന്ത്രമകുടികള്‍ .
**********************************************
നവോദയ കെ സി പിള്ള സാഹിത്യ പുരസ്കാരം ലഭിച്ച എന്‍റെ കവിത heart emoticon .