Labels

10.22.2018

തിരുവാ എതിർവാ


എന്‍റെയും നിന്‍റെയും ന്യായം
ജനാധിപത്യ രാജ്യത്ത് ഇന്ന് 
മറ്റാര്‍ക്കോ തീറെഴുതിപ്പോയ വെറും
കടലാസ്സ് മാത്രമെന്ന തിണര്‍ത്ത പതാക
അവരുടെ കൊടിമരങ്ങളില്‍ ഇതാ
ഉയര്‍ത്തിക്കെട്ടിയിരിക്കുന്നു !
എതിര്‍ക്കുന്ന വാക്കും നാക്കും വിരലും
അവരുടെ ദേവപ്രീതിക്കായി ബലിയെടുക്കുന്ന
കാലമാണ് .
ശരികേടുകളുടെ തേര്‍വാഴ്ചകള്‍ക്കും
അധികാര ചൂതാട്ടങ്ങള്‍ക്കും നേരെ
വാക്ക്ചൂണ്ടുന്നവരെ , ഒച്ചചൂണ്ടുന്നവരെ
ഭീരുക്കളുടെ കാവല്‍നായ്ക്കള്‍
ഒന്നൊന്നായി കൊന്നുകളയുന്നു .
എങ്കിലോ
കൂടുതല്‍ക്കൂടുതല്‍ ഉച്ചത്തില്‍
അവരുടെ പേരുകള്‍
ഞങ്ങളുടെയും നിങ്ങളുടെയും ലോകത്ത്
മുഴങ്ങിക്കൊണ്ടിരിക്കുന്നു .
അവരുടെ മുഷ്ട്ടിചുരുക്കങ്ങള്‍
അവരുടെ ഉറച്ച ശബ്ദങ്ങള്‍
നിങ്ങള്‍ക്കെതിരെ ഉള്ള അവരുടെയാ
മുഴുത്ത കല്ലേറുകള്‍
അവരുടെ കനത്ത നട്ടെല്ലുകള്‍ ,
അതെ മനസ്സുള്ളവര്‍ പിന്നെയും
ഇരട്ടിച്ചുകൊണ്ട് ഏറ്റെടുക്കുന്നു .
ഓരോ കൊലപാതകങ്ങളില്‍ നിന്നും
ഒരായിരം മനുഷ്യത്വമുള്ള ശത്രുരാജ്യങ്ങള്‍
നിങ്ങള്‍ക്കെതിരെ
കൈകോര്‍ക്കുന്നു എന്നറിയുക .
നിങ്ങളുടെ
ഓരോ മൌനങ്ങള്‍ക്കും നേരെ
ഓരോ സ്വകാര്യ അട്ടഹാസങ്ങള്‍ക്കും മീതെ
ഓരോ അധികാര അഴിഞ്ഞാട്ടങ്ങള്‍ക്കു ചുറ്റും
ശത്രുസംഹാരക്രിയകളും തീയാട്ടങ്ങളും
ഒട്ടും പേടിയില്ലാതെ അവര്‍ നടത്തും .
അവരുടെ മഷിപ്പാത്രങ്ങൾ‍ ,
മായമില്ലാമനുഷ്യചിന്തകള്‍
ജീവനുള്ള അക്ഷരങ്ങളെ പ്രസവിക്കും .
ഒന്നൊന്നായോ ഒരുമിച്ചോ
അവരെ കൊന്നു കൊന്നു തീരാതെ
നിങ്ങളുടെ ആയുധങ്ങള്‍
നാണിച്ചും അരിശപ്പെട്ടും
നിങ്ങളിലെയ്ക്ക് തന്നെ
തിരികെയെത്തും .
ധീര ശബ്ദങ്ങളെ" വീര ചുവടുകളെ "
നിങ്ങളുടെ ഓരോ വാക്കും
ജീവനുള്ള ചുവപ്പായിരുന്നു.
അതിനാല്‍
വെടിയുണ്ടകളും വാള്‍മൂര്‍ച്ചകളും
ആൾക്കൂട്ടത്തിൻ നീതിയില്ലാ നീതികളും
പിന്നില്‍ നിന്നും അവര്‍ നിങ്ങള്‍ക്ക്
പുരസ്കാരങ്ങളായി നല്‍കുന്നു.
വിരലറുത്തും നാക്കറുത്തും ഉയിരറുത്തും
നുണകളെ അവര്‍
വ്യാജ വിപ്ലവരക്തം കൊണ്ട് ചായംപൂശി
നാട്കടത്തുവാന്‍ നോക്കുന്നു .
എന്നിട്ടും
അധികാരം ഉള്ളവന്റെ ഭിഷയല്ല
ജനാതിപത്യ സ്വാതന്ത്ര്യം എന്നുറക്കെപ്പറയുന്ന
നാവുകളും മുഷ്ടികളും ഒന്നൊന്നായ് ഉണര്‍ന്നു
തിരികെ നിവര്‍ന്നു നില്‍ക്കുന്നു .
പണമുള്ളവന്റെയും
അഞ്ചു ചെങ്കോലുള്ളവന്‍റെയും പുച്ഛങ്ങളില്‍
പുല്ലുകളാണെങ്കിലും
ഓരോ കൊടുങ്കാറ്റിന്‍റെ
ആഞ്ഞുവീശലുകളിൽ‍ നിന്നുമവര്‍
പിന്നെയും പിന്നെയും
കരുത്തോടെ ഉയിര്‍ത്തു നില്‍ക്കുന്നു .
ഒറ്റ ഒറ്റയല്ല
കൂട്ടം കൂട്ടമായി അവര്‍ നിങ്ങളുടെ
അധികാര ചന്തകളെ വളയാന്‍ തുടങ്ങുന്നു .
നിങ്ങളെപ്പോലെ
നിഴലുകളല്ല ,
ജീവനുള്ളവരാണ് ഞങ്ങളെന്നു
അളന്നു കൊള്ളുക എന്ന നട്ടെല്ലുകള്‍
പിന്നെയും ഉണര്‍ന്നുയിര്‍ത്തു നില്‍ക്കുന്നു !
മുഖംമൂടിയില്ലാതെ അവര്‍ വരുന്നു ,
നിറമോ മതമോ ഇല്ല
മനുഷ്യരാണ് എന്നൊരൊറ്റ അടയാളം
മാത്രമുള്ളവര്‍ .
മരിച്ചവരെപ്പോലെയല്ല ,
അനീതികൊണ്ട് കൊല്ലപ്പെടുന്നവരുടെ പേരിനു നേരെ
കൊന്നവന്റെ ശിക്ഷയുടെ ന്യായവിധി
ലോകം എന്നും നീട്ടിപ്പിടിക്കുന്നുണ്ട് .
" കുരുതികളുടെ ദൈവങ്ങളെ
നിങ്ങള്‍
നിങ്ങളെ കാത്തുകൊള്ളുക ,
രക്തത്തിന്റെ ഉടുതുണികള്‍ കൊണ്ട്
സിംഹാസനമുറയ്ക്കാത്ത ഒരു കാലം
എതിരെ വരുന്നതിന്‍ പച്ചയായ
മുഴക്കം കേള്‍ക്കുക ".
**********************************
✊✊✊✊✊✊✊✊✊✊

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "