12.16.2012

മഴയഴിഞ്ഞു വീണ മരുഭൂമി
"നേര്‍ത്ത് നേര്‍ത്തൊരു ഷഹനായ്‌
ഈ മരുഭൂവിന്‍ രാവിലിതേതു കടല്‍
തേങ്ങുന്നു !"


മരുഭൂവിന്‍ ഉടലിലേക്ക്
പതിയെ
അഴിഞ്ഞു വീഴുകയാണീ മഴ .
വെയിലിനെ നനച്ചെടുത്തു ,
പകലില്‍ നിന്നും ഊര്‍ന്നിറങ്ങുമ്പോള്‍
ഉന്മത്തയെപ്പോല്‍
മഴകുടിച്ച ഭൂമി .

കുതിര്‍ത്തു വിഴുങ്ങിയ
ശബ്ദങ്ങളെയും
പാകിയെടുത്ത തണുപ്പിനെയും ,
ഒരൊറ്റ ദിവത്തിലെ എലസ്സിലാക്കി ,
ശിശിരത്തെ
ആവാഹിച്ചെടുത്തിരിക്കുന്നീ
കാലം.
ശ്വാസത്തിന്‍റെ ഇത്തിരിച്ചൂടിലൂടെ ,
ഭീമന്‍ ചിറകുകള്‍ വിരിച്ചിറങ്ങുന്ന ,
തണുത്ത യാമങ്ങള്‍ .

കമ്പിളിയുടുപ്പുകളിലേക്ക്
നടന്നു കയറുമ്പോഴൊക്കെയും
ചിന്തകളെ മുറിച്ച് ,
ചൂടുകായുന്നവരാകുന്നു നമ്മള്‍ .
ആഴങ്ങളെ ഭോഗിച്ചവനെപ്പോല്‍
മഴയിതാ
കിതച്ചുകൊണ്ടേയിരിക്കുന്നു .
കാപ്പിക്കപ്പുകളുടെ അരികു ചേര്‍ത്ത്
ചുണ്ടുകള്‍
പ്രണയം പകര്‍ന്നുകൊണ്ടിരിക്കുന്ന
ഇടവേളകളില്‍
ഉറകള്‍ പൊഴിച്ചിടുന്ന നാഗമാകും
തണുപ്പ്.

ഞാന്‍ തൊട്ട കാറ്റും ,
നുണഞ്ഞിറക്കുന്ന ചൂടും തമ്മില്‍
കലഹിക്കുമ്പോള്‍
പുഞ്ചിരി വിതച്ചെടുത്ത്
സുഖം കൊറിക്കട്ടെ ഞാന്‍ .
കാല്‍ച്ചൂടിലേക്ക്
പൂച്ചപ്പതുക്കങ്ങള്‍ ചുരുണ്ടു ചേരുന്നു .
ചീവീടൊച്ചകള്‍ ഒലിച്ചുപോയ
രാവിലിനി
മഴയൊരു പ്രാവായ്‌ കുറുകട്ടെ .