12.19.2012

പെണ്ണ്‍ "വര്‍ത്തമാനം ആഴ്ചപ്പതിപ്പ്‌ " 6 - Jan -2013 -Sunday
ചങ്കിന് മുകളില്‍
ഒരു മുള്ള് മാത്രം നട്ടുവളര്‍ത്തണം ,
നിലവിളികള്‍ക്ക് നേരെ
മുഖം തിരിക്കുമ്പോഴൊക്കെയും
നോവറിഞ്ഞു നീറാന്‍ .

പെണ്ണെന്നു പിറുപിറുത്തുകൊണ്ടിരിക്കുന്ന
വയസ്സിത്തള്ളയുടെ നാക്കൊന്നു
കടം വാങ്ങണം .
പറക്കാന്‍ തോന്നുമ്പോഴൊക്കെ
ചിറകരിഞ്ഞു ചിരിക്കാന്‍ .

മഴത്തുമ്പികളാകുന്നു സ്വാതന്ത്ര്യമെന്ന്
കൊത്തിയെടുത്ത്
ചില്ലിട്ടുവയ്ക്കാന്‍ നേരമായി
നിദ്രയുടെ ആഴങ്ങളിലും,
നിനക്കിനി മീന്‍കണ്ണുകള്‍ വേണം .

പകലുകാണാത്ത പെണ്ണേ
നിനക്കിനി
ലിംഗഭേദത്തിന്‍റെ ഒറ്റപ്പീഠം
കാഴ്ച .
എന്നും കുളിച്ചു കുറി തൊട്ടിനി
ആ മറപ്പുരക്കകത്ത് കയറി
നാമം ജപിച്ചിരിക്കാം .
ദേവിയെന്നെങ്ങാനും തീറാധാരം
പേര്‍ പതിച്ചു കിട്ടിയാലോ !