12.15.2012

കൈക്കുടന്നയിലെ കടല്‍ - ഹൈക്കുസ്‌ എന്റെം ഉണ്ട്

"മഹാകവി അക്കിത്തത്തിന്റെ അനുഗ്രഹ ആശംസകളോടെ, ശ്രീ രാജശേഖരന്റെ പ്രൌഡമായ അവതാരികയോടെ, ശ്രീമതി ഓ വി ഉഷയുടെ മനോഹരമായ ഒരു പരിച്ചയപെടുത്തലോടെ , ഭാസ്ക്കരന്റെ ആലേഖനങ്ങളോടെ*


ഈ കടലല അടങ്ങുന്നില്ല

- കാവാലം ശശികുമാര്‍
അക്കിത്തത്തിന്റെ ഒരുപമയുണ്ട്- ഇത്തിരി പോന്നൊരു തുളവഴി കാണും ഖാണ്ഡവ ദാഹം പോലെ-എന്ന്. വിപ്ളവ കവി എന്ന കവിതയില്‍ തന്നെ കാണാന്‍ വന്ന ഒരു ഇടതുപക്ഷ     കവി അദ്ദേഹത്തിന്റെ ജീവിതാനുഭവം വിവരിക്കുന്നതു കേട്ട കവി അക്കിത്തം അതിനെ വിശേഷിപ്പിച്ചതാണത്. അക്ഷരങ്ങള്‍കൊണ്ടുള്ള ദൃശ്യാനുഭവം ഇത്ര പ്രോജ്വലമായി അവതരിപ്പിച്ച വരികള്‍ ഇതിനു സമാനമായതില്ലെന്നു ഞാന്‍ പറയും; അതേപോലെ ഇത്ര ധ്വന്യാത്മകമായി ഒരു അവസ്ഥ അനുഭവിപ്പിക്കുന്ന വരികള്‍ മലയാളത്തില്‍ അപൂര്‍വമാണെന്നും. ഏറെ പറയുന്നതല്ല, പറയാതെ പറഞ്ഞ് അനുഭവിപ്പിക്കുന്നതാണല്ലോ കവിത. കുറഞ്ഞ വരികള്‍, അവയില്‍ കുറച്ചു മാത്രം വാക്കുകള്‍, ആ വാക്കുകള്‍ അക്ഷരം കുറഞ്ഞവയും. ആ വാക്കുകള്‍ക്ക് വാക്കത്തിയേക്കാള്‍ മൂര്‍ച്ചയുണ്ടാവണം, അവയ്ക്ക് വാഗതീതമായ ആശയാകാശ വിശാലതയുണ്ടാകണം, കടല്‍പോലെ അലയൊടുങ്ങാത്ത സ്പന്ദന ശക്തിയുണ്ടാകണം. അങ്ങനെ കൈക്കുടന്നയില്‍ കടലൊതുക്കുകയെന്ന വിശേഷ ശേഷിയുള്ളവര്‍ക്കേ ഹൈക്കു രചനാ രീതി വഴങ്ങു. ഹൈക്കുവിനെ രൂപത്തിലും ഭാവത്തിലും കയ്യിലൊതുക്കിയ ഒരുകൂട്ടം എഴുത്തുകാരുടെ അസാധാരണമായ അക്ഷരക്കയ്യടക്കം പ്രകടമാക്കുന്ന പുസ്തകമാണ് 'കൈക്കുടന്നയിലെ കടല്‍' എന്ന ഹൈക്കു കവിുതകളുടെ സമാഹാരം.
വേദോപനിഷത്തുക്കളുടെ രചനയില്‍ മൂന്നുവരിക്കവിതകളുടെ അത്ഭുതകരമായ പ്രയോഗം കാണാം. ഇതിനെ ഹൈക്കുവിന്റെ ഭാരതീയ രൂപമെന്നു പറയാം (അതോ, മറിച്ചോ എന്ന കാര്യം ചര്‍ച്ചചെയ്യണം-അതു വേറേ വിഷയം) എന്നാല്‍ കാച്ചിക്കുറുക്കിയപ്പോള്‍ പാത്രത്തില്‍ പറ്റിപ്പോയതുപോലെ, പാലമൃതമാണെങ്കിലും ഉപനിഷദ്ദര്‍ശനങ്ങള്‍ അനുവാചകനോട് ആത്മാവു തുറന്നു സംവദിക്കാന്‍ മടിക്കുമ്പോള്‍ ഈ ഹൈക്കുകള്‍ ഹൃദയത്തിലേക്ക് അതിവേഗം കടക്കുന്നു, ലളിതമായ ഭാഷയിലൂടെ, ഗഹനമായ ആശയലോകവും പേറി. ഇതില്‍ ചിലരുടെ മൂവടികളില്‍ ത്രിലോകമടക്കിയ വാമന പാദങ്ങളുടെ ഗാംഭീര്യമുണ്ട്. അതേ സമയം കുറിഞ്ഞിപ്പൂക്കളുടെ കാന്തിയുണ്ട്.
അമ്പലക്കുളത്തില്‍
നീന്തല്‍ പഠിക്കുന്നു
കുഞ്ഞന്‍ ആലില എന്നു രമ്യ ലിനോജ് എഴുതുമ്പോള്‍ ആ വരികളെ എങ്ങനെ വ്യാഖ്യാനിക്കാന്‍ കഴിയും. പ്രളയ പയോധി ജലേ... എന്ന് ഒരു നല്ല അനുവാചകന്‍ അറിയാതെ അടുത്ത വരി പാടിപ്പോകും. അവിടെയാണ് അമ്പലക്കുളവും ആലിലയും ഒരു വലിയ ആശയമായി മാറുന്നത്. ആ ഗഹനതക്കൊപ്പം ഒരു കുഞ്ഞിക്കാല്‍ വെള്ളത്തില്‍ തീര്‍ക്കുന്ന നുരയും പതയും ചിറ്റോളങ്ങളും അനുഭവിച്ചറിയാനായില്ലെങ്കില്‍ അതു ഹൈക്കു വായനയുടെ സാമാന്യ ധര്‍മ്മം വായനക്കാരന്റെ ഹൃദയത്തില്‍ കയറാത്തതു മൂലം.
പട്ടുപാവാട
ത്തുമ്പൊന്നു തൊട്ടപ്പോള്‍
തൊട്ടാവാടിപ്പൂവിനു നാണം (പദ്മ തമ്പുരാട്ടി) എന്തെന്തു സുന്ദരമായ ആശയവും അനുഭവവുമാണെന്നോ ഈ പുസ്തകത്തിലെ നൂറുകണക്കിനു ഹൈക്കുവില്‍.
പുറം ഭിത്തിയില്‍ ജനല്‍ വലുപ്പത്തില്‍ പ്രകൃതി- മായാ അജയ് അക്ഷരങ്ങള്‍ കൊണ്ടു വരച്ചിടുന്നതു മായാ ലോകമാണല്ലോ.
മിഴി തുറന്നു, മിഴിയടഞ്ഞു, ഒരു മാത്ര മൃതിയടഞ്ഞു എന്നു ഷമീര്‍ എന്‍പി എഴുതുമ്പോള്‍ പൂന്താനപ്പാനയുടെ ലാളിത്യവും ഭാവ ഗാംഭീര്യവും മൂവടിയില്‍ ഒതുങ്ങിക്കൂടുകയാണല്ലോ.
ചുകപ്പു പച്ചയായി, പച്ച ചുകപ്പായി, അന്ധന്‍ മാത്രം ബാക്കി - മധു ഒറ്റപ്പാലം എത്ര ഗംഭീരമായി ആക്ഷേപഹാസ്യവും ആഴത്തിലുള്ള ആശയവും അവതരിപ്പിക്കുന്നുവെന്നു നോക്കുക.
കിളിന്തു പൂവിന്റെ നിറുകയില്‍ മുത്തി
ചെവിയില്‍ നുള്ളി
ശലഭത്തിന്റെ പയ്യാരം (ഇന്ദു പിണറായി) എത്ര തീവ്രമായാണ് ആനുകാലികതയോടും സാര്‍വകാലികതയോടും മൂവടികള്‍ സംവദിക്കുന്നതെന്നു നോക്കുക. ഹണി ഭാസ്കര്‍, സോണി ഡിത്ത്, എം.ഡി.സുഭാഷ്.. വേണ്ട, പേരെടുത്തു പറയാന്‍ തുടങ്ങിയാല്‍ എല്ലാ പേരും ചേര്‍ക്കേണ്ടിവരും. ഒന്നിനൊന്ന് മനോഹരമായ ഈ ഹൈക്കു സമാഹാരത്തിലെ ഇംഗ്ളീഷ് രചനകള്‍ക്ക് ഭാഷയുടെ സീമകള്‍ക്കപ്പുറം പോയി ഇന്‍ഡ്യന്‍-മലയാളി എഴുത്തുകാരുടെ സാന്നിദ്ധ്യം പുറം ലോകത്തെക്കൊണ്ടുകൂടി അംഗീകരിപ്പിക്കാന്‍ സാധിക്കുമെന്നുറപ്പാണ്.
രണ്ടിരിപ്പില്‍ മൂന്നു വട്ടം കുടിച്ചു ഈ കടല്‍, ഉപ്പധികമെന്നു തോന്നിയതേയില്ല, ദാഹം കൂടിക്കൂടി വരുന്നു