6.01.2013

ഉറയൂരിപ്പോകുന്നവ (യുവധാര മാസിക )


മഴത്തുള്ളികള്‍ 
മൌനത്തിന്റെ മധുരമായ സംഗീതം 
ഉദരത്തിലെന്തിയവരെപ്പോലെ 
വേരാഴങ്ങളിലേക്ക്
തീര്‍ഥയാത്ര പോകുവാന്‍ 
ധ്യാനം മുറിക്കുന്നവരെപ്പോലെ !

മരുഭൂമിയിലിപ്പോള്‍ 
നിറച്ചും 
മരുപ്പച്ചകളാണ് 
മൌനം തേകിത്തളര്‍ന്ന 
കണ്ണുകളുടെ മുനമ്പുകളില്‍ നിന്ന് 
പൊടിഞ്ഞുതിര്‍ന്ന നനവുകള്‍ 
തീര്‍ത്തത് .

നിലാവ് തിളക്കുകയാണ് 
കുളിരു 
ചോര്‍ന്നു പോയിരിക്കുന്നു
കടല്‍ മൌനത്തിന്‍റെ
ഇരുകരകളില്‍ 
കൂട്ടി മുട്ടാതെ അലയുന്ന
നെടുവീര്‍പ്പുകള്‍ .
നിറയട്ടെ മാനത്തവ 
കണ്ണിലല്ല കടല്‍ 
കരളിലാണ്
നീലിച്ച വികാരങ്ങളുടെ 
വാള്‍ക്കിലുക്കങ്ങള്‍ക്കിടയില്‍ 
നനയാന്‍ മറന്ന്‍ നില്‍ക്കുന്നു 
മണ്ണ് .

മുള്ളന്‍പഴങ്ങള്‍ തേടുന്ന 
ചുവന്ന ചുണ്ടുള്ള പക്ഷിയെപ്പോല്‍
ആകാശം അളന്നു നടക്കുന്ന 
ചിറകുകളെ പ്പോല്‍
നമ്മില്‍ നിന്ന് നാം 
ഉറയൂരിപ്പോകട്ടെ എന്നാശംസിക്കാം .

ആവോളം 
എരിഞ്ഞും മുറിഞ്ഞും 
മഴ മുറിച്ച് വെയില്‍ തുളച്ച്
ഋതുക്കളില്‍ 
നക്ഷത്രങ്ങള്‍ പാകിയെടുക്കണം .
പൂക്കളില്‍ തേന്‍ നിറക്കുന്ന 
കൈകള്‍ കടയണം 
ഓരോ മഞ്ഞുകാലതിനും
വെയില്‍ വിത്തുകള്‍ കൊണ്ട് 
തുലാഭാരം നടത്തണം .
വസന്തം 
അടരാതെ കൊഴിയാതെ 
പകലുകളില്‍ 
ഒട്ടിച്ചു വക്കണം .

നീണ്ട വാലുള്ള 
തുമ്പികള്‍ പിറക്കുന്നു
ചിന്തകളില്‍ .
നിറം പൂശിയ ചിറകുമായ്‌ 
മഴപൊഴിയുന്നു 
ഇപ്പോഴിതാ 
മൌനത്തില്‍ നിന്നും ഒരേട് 
നനഞ്ഞു മണക്കുന്നു .