4.27.2013

നിമിഷാത്മഗതങ്ങള്‍മഞ്ഞലിയും മുന്‍പേ 
നാലുംകൂടിയ കവലകളില്‍ 
തിളച്ചുകൊണ്ടിരിക്കുന്ന 
ഭീമന്‍ കെറ്റില്‍
അണയാത്ത കനല്‍ .
ചിതറിമറയുന്ന ആള്‍ക്കൂട്ടങ്ങള്‍ 
ബസ്സുകളുടെ ഉറക്കെയുള്ള 
ആത്മഗതങ്ങള്‍ 
ഓട്ടോറിക്ഷകള്‍ മായ്ച്ചെഴുതുന്ന 
യാത്രകള്‍ ,
തിരക്കില്‍ അലിയാതെ പോകുന്ന 
ഭിക്ഷക്കാര്‍ 
ദിനങ്ങള്‍ കരക്കടുപ്പിക്കുമ്പോള്‍ 
മറന്നു വയ്ക്കുന്ന 
അമ്മയുടെ നോട്ടം ,
ഭാര്യയുടെ സ്പര്‍ശം 
കുഞ്ഞിന്‍റെ വായിലെ 
ഒന്നാമത്തെ പല്ല് .
പിന്നെ 
കീശയിലെ 
വിണ്ടുപോയ അക്കങ്ങള്‍ ,
സ്വപനങ്ങളുടെ ഒരു കൂജ തണുപ്പ് 
ഒടുവില്‍ 
കുടത്തിനുള്ളില്‍ മുഷ്ടി കുടുങ്ങിയ 
കുരങ്ങനെപ്പോലെ 
അന്തിച്ച് ,
സ്വയം 
മറന്നു മറന്നു പോകുന്നവരില്‍ നിന്ന് 
എന്നോ കളഞ്ഞുപോയ 
ചിരിയുമായി 
തിരികെ നടക്കുന്ന 
നിഴലുകള്‍ .