Labels

1.01.2013

ഘടികാര സൂചികള്‍ പറയുന്നത്



തൊട്ടറിയാത്ത തുടിപ്പിന്‍റെ 
നിശ്വാസമായ്‌
മഞ്ഞുമാസങ്ങളുടെ ചുണ്ടിലേക്കും ,
വേനല്‍ വിയര്‍പ്പിന്‍റെ മാറിലേയ്ക്കും
നടന്നു കയറുകയാണീ ,
ഘടികാരസൂചികള്‍ .
നമുക്കിടയിലൊരു
വസന്തത്തിന്‍റെ തൂക്കുപാലം
ചന്തത്തില്‍ അണിയിച്ചോരുക്കുന്ന
മഷിപ്പാത്രമായ്‌
പതിയെ പുഞ്ചിരിക്കുന്നൊരു ഋതു .
പരവതാനിയിഴകളിലെ
നിറങ്ങള്‍ക്കിടയിലെ കറുപ്പ് പോല്‍
വേര്‍തിരിച്ചറിയുവാനാകാതെ
മരണം കമിഴ്ന്നു കിടക്കുന്നു .
രണ്ടു കാലങ്ങള്‍ക്കിടയിലെ
കൈകോര്‍ക്കലുകളിലും
മേല്‍ക്കൂര മേയുന്ന ആകാശമായി ,
ഘടികാര സൂചികളിലേറി
യാത്രപോകും ,
നഗ്നരായ കവിതകള്‍ .
പള്ളി ജനാലകളില്‍
ശ്രീകോവിലുകളില്‍
ബാങ്കു വിളികളില്‍
അയിത്തമില്ലാത്ത വെളിച്ചത്തിന്‍റെ
കണ്ണുകള്‍
പ്രാര്‍ഥനകള്‍ തൊട്ടുഴിയുമ്പോള്‍,
ബോധിവൃക്ഷങ്ങളില്‍ തലകീഴായ് ,
രാവു പകലായവരുടെ
കുരിശുവരകള്‍ കാണാം .
ശാന്തനായ കുഞ്ഞിനെപ്പോല്‍
പുല്ലുകിളിര്‍ത്ത നദികളൊക്കെയും
വിജയം മോന്തിക്കുടിക്കുന്നവന്‍റെ
വിദേശ വിചാരത്തില്‍
മരിച്ചുകൊണ്ടേയിരിക്കും .
നാളേക്ക് വിതച്ചെടുക്കേണ്ട
ധാന്യമണികളില്‍
കഴിക്കേണ്ടവന്‍റെ പേര്
കുഴിച്ചുമൂടപ്പെടുമ്പോഴൊക്കെയും
നമുക്കിടയില്‍ ,
ശബ്ദമുയര്‍ത്തി വിറച്ചുകൊണ്ടേയിരിക്കും
കണ്ണുകാണാത്തവരുടെ ജാഥ .
_________________________________


10 comments:

  1. ഘടികാര സൂചികള്‍ ..
    നല്ല കവിത..

    ReplyDelete
  2. പുതുവത്സരാശംസകള്‍ .

    ReplyDelete
  3. തുടക്കത്തിലെ വശ്യത ഒടുക്കത്തില്‍ കിട്ടീയില്ല

    ReplyDelete
  4. തുടക്കത്തിലെ വശ്യത ഒടുക്കത്തില്‍ കിട്ടീയില്ല

    ReplyDelete
  5. രണ്ട് തവണ വായിച്ചു. ആദ്യഭാഗത്തെ ഘടികാര സൂചികളെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെങ്കിലും അവസാനം മനസ്സിലാക്കാന്‍ പ്രയാസം തോന്നി. ആശംസകള്‍ .

    ReplyDelete
  6. പരവതാനിയിഴകളിലെ
    നിറങ്ങള്‍ക്കിടയിലെ കറുപ്പ് പോല്‍
    വേര്‍തിരിച്ചറിയുവാനാകാതെ
    മരണം കമിഴ്ന്നുകിടക്കുന്നു

    മനോഹരങ്ങളായ കാവ്യബിംബങ്ങൾ.

    ReplyDelete
  7. മനസ്സിലാകാത്ത സുഹൃത്തുക്കളോട് മാപ്പ്
    http://irippidamweekly.blogspot.com/2013/01/blog-post_18.html?showComment=1362926443397#c8629158771230114979

    അനുവാചകനെ അമ്പരപ്പിക്കുന്ന കാവ്യബിംബങ്ങള്‍ കൊണ്ട് സമ്പന്നമാണ് സോണി ഡിത്തിന്‍റെ, മോണാലിസ സ്മൈല്‍സിലെ കവിതകള്‍. അനിവാര്യമായ ഒന്നിലേയ്ക്കുള്ള കാലത്തിന്റെ നിശ്ചിതവും നിസ്സംഗവുമായ യാത്രാവഴികളെ പ്രതിബിംബമാക്കി രചിച്ച അത്തരം ശ്രദ്ധേയമായ ഒരു കവിതയാണ് 'ഘടികാരസൂചികള്‍പറയുന്നത്'.


    "പരവതാനിയിഴകളിലെ
    നിറങ്ങള്‍ക്കിടയിലെ കറുപ്പ് പോല്‍‍
    വേര്‍തിരിച്ചറിയുവാനാകാതെ
    മരണം കമിഴ്ന്നുകിടക്കുന്നു."

    അവിശുദ്ധസഞ്ചാരങ്ങള്‍ക്കെതിരെ സദാ ഉണര്‍ന്നിരിക്കേണ്ട കണ്ണുകള്‍ക്കിന്ന് അന്ധത ഒരു അലങ്കാരമത്രേ. നദികള്‍ക്ക് ദാഹമേറുന്നു, സമയം പാഴ്വസ്തുവാകുന്നു, നമ്മള്‍ വിത്തെടുത്തു കുത്തുന്ന സ്വയംഭരണ രാജ്യക്കാരാവുന്നു. നിഷ്ഠയുടെയും നിയന്ത്രണത്തിന്റെയും വീണ്ടെടുപ്പിന് ആഹ്വാനം ചെയ്യുകയാണ് മനോഹരമായ ഈ കവിതയിലൂടെ സോണി ഡിത്ത്.

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "