1.01.2013

ഘടികാര സൂചികള്‍ പറയുന്നത്തൊട്ടറിയാത്ത തുടിപ്പിന്‍റെ 
നിശ്വാസമായ്‌
മഞ്ഞുമാസങ്ങളുടെ ചുണ്ടിലേക്കും ,
വേനല്‍ വിയര്‍പ്പിന്‍റെ മാറിലേയ്ക്കും
നടന്നു കയറുകയാണീ ,
ഘടികാരസൂചികള്‍ .
നമുക്കിടയിലൊരു
വസന്തത്തിന്‍റെ തൂക്കുപാലം
ചന്തത്തില്‍ അണിയിച്ചോരുക്കുന്ന
മഷിപ്പാത്രമായ്‌
പതിയെ പുഞ്ചിരിക്കുന്നൊരു ഋതു .
പരവതാനിയിഴകളിലെ
നിറങ്ങള്‍ക്കിടയിലെ കറുപ്പ് പോല്‍
വേര്‍തിരിച്ചറിയുവാനാകാതെ
മരണം കമിഴ്ന്നു കിടക്കുന്നു .
രണ്ടു കാലങ്ങള്‍ക്കിടയിലെ
കൈകോര്‍ക്കലുകളിലും
മേല്‍ക്കൂര മേയുന്ന ആകാശമായി ,
ഘടികാര സൂചികളിലേറി
യാത്രപോകും ,
നഗ്നരായ കവിതകള്‍ .
പള്ളി ജനാലകളില്‍
ശ്രീകോവിലുകളില്‍
ബാങ്കു വിളികളില്‍
അയിത്തമില്ലാത്ത വെളിച്ചത്തിന്‍റെ
കണ്ണുകള്‍
പ്രാര്‍ഥനകള്‍ തൊട്ടുഴിയുമ്പോള്‍,
ബോധിവൃക്ഷങ്ങളില്‍ തലകീഴായ് ,
രാവു പകലായവരുടെ
കുരിശുവരകള്‍ കാണാം .
ശാന്തനായ കുഞ്ഞിനെപ്പോല്‍
പുല്ലുകിളിര്‍ത്ത നദികളൊക്കെയും
വിജയം മോന്തിക്കുടിക്കുന്നവന്‍റെ
വിദേശ വിചാരത്തില്‍
മരിച്ചുകൊണ്ടേയിരിക്കും .
നാളേക്ക് വിതച്ചെടുക്കേണ്ട
ധാന്യമണികളില്‍
കഴിക്കേണ്ടവന്‍റെ പേര്
കുഴിച്ചുമൂടപ്പെടുമ്പോഴൊക്കെയും
നമുക്കിടയില്‍ ,
ശബ്ദമുയര്‍ത്തി വിറച്ചുകൊണ്ടേയിരിക്കും
കണ്ണുകാണാത്തവരുടെ ജാഥ .
_________________________________