12.30.2012

നഗ്നതയുടുത്ത മൌനം _____________
നടന്നകലുന്ന

തീരത്തിന്‍റെ അറ്റത്ത്
ചിതറിക്കിടക്കുന്ന ചിരിപ്പൊട്ടുകളും
കളിച്ചു മതിവരാത്ത
കളിപ്പാട്ടങ്ങള്‍ക്കുമിടയില്‍
സമയമളക്കുന്ന മണല്‍ത്തരികള്‍
ഊര്‍ന്നു വീണുകൊണ്ടേയിരിക്കുന്നു .
എട്ടു ദിക്കുകളില്‍ നിന്നും
ആവേശത്തോടെ
ഉടുപ്പഴിച്ചു കൊണ്ടേയിരിക്കുന്ന
ദിനങ്ങളുടെ കുതിപ്പുകള്‍
തീവണ്ടി ബോഗികള്‍ പോല്‍
ഇരുണ്ടും  ചുവന്നും ,
വരിയൊത്തങ്ങനെ .
കിടക്ക വിരിപ്പുകളില്‍
നനഞ്ഞും  ഉണങ്ങിയും
നരച്ചു നരച്ചങ്ങനെ  വസന്തവും ,
വിടപറയാന്‍ മടിച്ചു നില്‍ക്കുന്നതും
ഞാനറിയുന്നുണ്ട്  .
ഋതുക്കളില്‍ നഗ്നതയുടുത്തും
തളിര്‍ത്തും
ഇരുളും വെളിച്ചവും
ഒരു പാതയറ്റം
തേടിക്കൊണ്ടേയിരിക്കുന്നു
സൌന്ദര്യം
പഴകിയ ചിത്രങ്ങള്‍ളില്‍
നിന്നെത്തന്നെ
അസൂയപ്പെടുത്തുന്നതും
ഉടലുകളുടെ ആശകള്‍ കിതച്ചും
വരണ്ടും പാതിവഴിയില്‍
തിരിഞ്ഞു കിടക്കുന്നതും ,
വേനലിന്‍റെ കുന്നിന്‍ മുകളിലെന്നു
നീയറിയുന്നുവോ ..?
കാറ്റിന്‍റെ തൂവലനക്കങ്ങള്‍ പോലും
കാതില്‍ പതിയുന്ന
നിദ്രയുടെ മറുപുറം
നിനക്ക് മുന്‍പില്‍
രാവുകളുടെ ചീവീടൊച്ചകളിലെയ്ക്ക്
നൂലുകോര്‍ക്കുമ്പോള്‍
ഗര്‍ഭസ്ഥ മൌനത്തില്‍ നിന്നും
ഒരു ശിശു ഇറങ്ങി നടക്കും .
വേനല്‍ക്കുന്നുകളില്‍
നീലക്കുറിഞ്ഞികള്‍ വിത്തുണക്കുന്ന
കാലത്തില്‍ ,
വെളിച്ചത്തിനപ്പുറം താണ്ടി ,
ഇരുട്ടിന്നപ്പുറം താണ്ടി
എന്തോ ഒന്ന് ,
ചൂടില്ലാതെ ....
തണുപ്പില്ലാതെ ....
നിന്‍റെ മൌനത്തിലെയ്ക്ക്
ഒഴുകിയിറങ്ങുകയായിരിക്കും ...
_________________________________
മഴവില്ല് മാഗസിന്‍