12.02.2012

പ്രണയം കുറുകുന്നു


മന്ദഹസിക്കുന്നീ രാവ്
നേര്‍ത്ത കാറ്റിന്‍റെ
വിരല്‍ത്തൊട്ട നിമിഷങ്ങളില്‍
തണുപ്പുടുത്ത എകാന്തതയ്ക്കുമേല്‍
ഒരു പക്ഷിയുടെ ശബ്ദം
പൊഴിഞ്ഞു വീഴുന്നു .

ദേവാലയ മണികള്‍
മഞ്ഞുപൊതിഞ്ഞ നിദ്രയിലേക്ക് ,
മൌനം ചേര്‍ക്കുമ്പോള്‍ ,
മുടിയഴിച്ചിടുന്ന ഇരുളിന്‍റെ ചുരുളില്‍
ഗന്ധരാജന്‍ ചേര്‍ത്ത് വയ്ക്കുന്ന
നനുത്ത സുഗന്ധമായ്‌
നീയെന്നെ ചേര്‍ത്ത് പിടിക്കുന്നു.

തേഞ്ഞു തീരുന്ന നിമിഷങ്ങളിലേക്ക്
വീഞ്ഞുപോലെ നുണയാന്‍
മുന്തിരികള്‍ പൂവിടുന്ന
തോപ്പുകളിലാണ് ഞാനെന്‍റെ
സ്വപ്നത്തിന്‍റെ വിത്തുകളിപ്പോള്‍
ചേര്‍ത്തുവക്കുന്നത് .
നിശബ്ദതയെ ഞാന്‍
ഭംഗിയുള്ള വാക്കുകള്‍ കൊണ്ട്
മുറിക്കുന്നു .

തളിരില്‍ നിന്നും
ഉടുപ്പുകള്‍ മാറിയുടുക്കുന്ന
ഇലകലെപ്പോലെ
കീഴേക്ക് പറക്കാന്‍ പാകമാകുന്ന
ഓരോ ഇലകളാകുന്നു നമ്മള്‍ .

വെന്ത വേനലിന്‍റെ ഉടലില്‍
ഒരു മഞ്ഞു ശലഭം
പാറിയണയുന്ന നിമിഷമേ
നോവറിഞ്ഞ മുറിവില്‍ പടരുന്ന
കാറ്റുപോല്‍ നീ .

പള്ളിമണികള്‍ ഉണരുന്ന
പ്രഭാതത്തില്‍ വിശുദ്ധമായ്
കുറുകുന്ന പ്രാവുകളെപ്പോല്‍
നാമിപ്പോള്‍ പരസ്പരം
സമാധാനം ആശംസിക്കുകയാണ് .
__________________________