Labels

12.06.2012

haiku (പലതില്‍ ചിലത് ഹൈക്കു )


"കണ്ണടച്ചുതുറക്കുമ്പോഴൊക്കെയും
കവിത തുന്നിയ തൂവാല പോലെയീ ,
ആകാശം ."


"നിലാവ് വിതക്കുന്നാകാശം 
മുളയ്ക്കുന്നതൊക്കെയും 
നിഴലുകള്‍ ."


"കിളിപ്പാട്ടുകള്‍ നിലച്ചപ്പോള്‍ 
പകലൊരു രാവാകുന്നു ,
ഒച്ചയില്ലാതെ ."


"ചെറിപ്പൂക്കള്‍ക്കിടയില്‍ 
കുരുവിക്കുഞ്ഞുങ്ങള്‍ ,
ഇതളുകള്‍പോലെ ചിറകുള്ളവര്‍ ."


"കാറ്റുപോലുമില്ലാതെ
എത്ര ശാന്തമായ്‌ അടരുന്നു 
അക്കെഷ്യകളിലെ മഞ്ഞപ്പൂക്കള്‍ ."



"ഏകാന്തതയില്‍
തണുപ്പുടുത്ത്
പേരറിയാത്ത മരം ."


"കാറ്റുപോലുമില്ലാതെ
എത്ര ശാന്തമായ്‌ അടരുന്നു
അക്കെഷ്യകളിലെ മഞ്ഞപ്പൂക്കള്‍ ."


"തെരുവുകള്‍ കത്തുമ്പോഴും
വെടിയൊച്ചകള്‍ പിറക്കുമ്പോഴും
രാജ്യങ്ങള്‍ക്കപ്പുറം മഞ്ഞുകായുന്നു ബുദ്ധന്മാര്‍ ."


"ഇലക്കീറിലെ ചന്ദനം
ഒരു ശിശിരത്തണുപ്പായ്‌ എന്നില്‍
മേനി ചേര്‍ക്കുന്നു ."


"ശബ്ദം വിഴുങ്ങിയ തൊണ്ടയുമായ്‌
പിന്‍വലിക്കാനാകാത്ത കൈകളുയര്‍ത്തി
ചരിത്രപുരുഷന്മാര്‍ ."


"ചന്ദ്രനില്ലാത്ത രാത്രിയില്‍
മരുഭൂമിയില്‍ മേയുന്നത്,
തണുത്തൊരു കാറ്റുമാത്രം ."


"വീട്ടുകാരനും
വിരുന്നുകാരനുമിടയില്‍
ഒരൊറ്റ കിളിവാതില്‍ ."


"മയങ്ങിയുണരുമ്പോള്‍
വെയില് കോര്‍ക്കുകയായിരുന്നു
മണ്ണും മനസ്സും ."


"കാട്ടുപൂക്കള്‍ വിരിയുന്ന ഗന്ധവും
കൊരുത്തൊഴുകുന്നു
പട്ടുനൂല്‍ പോലോരരുവി ."


"വേനല്‍ത്തൊടികളില്‍
പേടിച്ചരണ്ട കുരുന്നിനെപ്പോല്‍
പിച്ചവയ്ക്കുന്നീ മഞ്ഞുകാലം ."


"അര്‍ദ്ധ നിമീലിത
മിഴികളെത്ര ശാന്തം
ചിതയിലെരിയും ബുദ്ധനോ അയാള്‍ !"


"ശിശിരത്തില്‍
അന്യനെപ്പോള്‍ മുഖം തിരിക്കുന്നു ,
സൂര്യന്‍ ."



"ഞാങ്ങണകള്‍ക്കിടയില്‍
കാട്ടുതാറാവുകള്‍
ഒരു തടാകമിളകുന്നു ."


"സൂര്യനെ
കൂവിയുണര്‍ത്തുന്ന പക്ഷി ,
മഞ്ഞുകാലം അടയിരിക്കുന്നതറിയാതെ ."


"ഒരു സ്വപ്നമെന്‍ 
നിദ്രയിലുരുമ്മുന്നു
അദൃശ്യമാം ,
നിഴല്‍മര്‍മ്മരം പോലെ ."


"മണല്‍ദൂരം താണ്ടി
ജാലകത്തിന്നിരുവശം
ശിശിര ചന്ദ്രനും ഞാനും ."


"മഞ്ഞലിഞ്ഞപ്പോള്‍
കടല്‍ക്കാക്കകള്‍ക്കെല്ലാം
ചിറകുകള്‍ മുളയ്ക്കുന്നു ."




1 comment:

  1. ഒരുപാടുണ്ടല്ലോ എല്ലാവരികളും നന്നായിരിക്കുന്നു ചെറിയ വരികളിലൂടെ പലപ്പോഴും ഒരുപാട് അര്‍ഥങ്ങള്‍ പറയാന്‍ സാധിക്കും ആ ചിന്തക്കും എഴുത്തിനും ആശംസകള്‍.

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "