11.13.2012

പച്ച വെളിച്ചത്തിനുമപ്പുറം____
ഓരോ കാല്‍ച്ചുവടിലും
പടര്‍ന്നു പരക്കുന്നത്
ചന്ദനത്തിരിയുടെ ഗന്ധമാണ് .
പിന്നിട്ട വഴിയില്‍ ഇരുട്ട് ,
ഒരു സര്‍പ്പം പോലിഴഞ്ഞടുക്കുന്നു .
നിമിഷങ്ങളുടെ കനം
നേര്‍പ്പിച്ചെടുക്കുന്നു ,
പള്ളിമണികള്‍ മുഴക്കുന്ന
ഓരോ ശബ്ദതരംഗവുമെന്ന്
മരണപ്പെട്ടവന്‍റെ കൂദാശകള്‍ .

ഒറ്റ ശ്വാസത്തിന്‍റെ
ബന്ധനത്തില്‍ നിന്നും
മിടിപ്പുകള്‍
അപഹരിക്കപ്പെടുന്നവന്‍റെ
മേനിയില്‍ തണുപ്പിഴയുമ്പോള്‍
ജീവന്‍റെ കുടുക്കഴിച്ചു
മരണത്തിന്‍റെ വസ്ത്രം
പറ്റിപ്പിടിക്കുന്നു .

മെഴുതിരി നാളങ്ങള്‍
നിനക്ക് വേണ്ടി മൌനപ്രാര്‍ത്ഥന
ഉരുക്കുമ്പോള്‍ ,
തെളിഞ്ഞ ഉപ്പുനീര്‍
ഉറവകള്‍ വറ്റാന്‍ തുടങ്ങിയിരിക്കും .
ഞാഞ്ഞൂലുകള്‍ വഴികള്‍ കോറി
വഴുക്കി നീങ്ങുന്നത് കാണുമ്പോള്‍ ,
നീ നിന്‍റെ സന്തതിയെ
അറിയാതെഎങ്കിലും ഓര്‍ക്കുന്നുണ്ടോ ..?

പാത മുറിച്ചു കടക്കുന്നവന്‍റെ നിമിഷങ്ങള്‍
എനിക്കും നിനക്കും വേണ്ടി ,
പുറപ്പെട്ടുകഴിഞ്ഞു .
ഇനിയും നീ
കാണുന്നില്ലേ
പച്ചവെളിച്ചത്തിനും അപ്പുറം
ചുവപ്പിന്‍റെ സിഗ്നല്‍
കാത്തു നില്‍ക്കുന്നത് .
____________________________