Labels

11.12.2012

ഒച്ചയില്ലാതെ


എന്‍റെ മിഴികളില്‍
ഒരാകാശം വളരുന്നുണ്ട്
കണ്ണടക്കുമ്പോള്‍ കൊയ്തൊഴിഞ്ഞും
കണ്ണ് തുറക്കുമ്പോള്‍
പെയ്തു തെളിഞ്ഞും
പരവതാനി നീര്‍ത്തിച്ചുരുക്കുന്നുണ്ട്‌
ഓരോ ഇമയനക്കങ്ങളും .

വെയിലുകായുന്ന നിഴലുകളും
പടര്‍ന്നു കയറുന്ന
നിമിഷങ്ങളുമുള്ള
മുഴുത്തുരുണ്ട ഗോളത്തില്‍ ,
ദിനാന്ത്യങ്ങളുടെ ചെരിവുകളിലെക്ക്
കുട്ടിക്കരണം മറിയുന്നുണ്ട്
പൊട്ടി മുളച്ചും പിഴുതു മാഞ്ഞും
ഒരു വട്ടി രൂപങ്ങള്‍   .

ഐസുകട്ടകള്‍ പോലെ
അപ്പൂപ്പന്‍ താടിപോലെ
ഓരോ കാഴ്ചകളും
ആകാശത്തിലേയ്ക്ക് ചേക്കേറുന്നു .

ഉതിരുന്ന വെളിച്ചവിടവുകളില്‍
രാവിനെ കോര്‍ത്തെടുക്കുമ്പോള്‍
കാഴ്ചകള്‍ക്കെല്ലാം ശിശിരവും
ഗ്രീഷ്മവും ,വസന്തവും
ചേര്‍ന്ന് താരാട്ട് പാടുന്നു .

ഒരു പൂവ് തളരുന്നതും
ഒരില കൊഴിയുന്നതും
ചിലപ്പോള്‍
മഞ്ഞുതുള്ളികള്‍ തളിര്‍ക്കുന്ന
പകലിലായിരിക്കും .

ആകാശത്തു
അസതമയം മാത്രം
വിരിച്ചിടുന്ന ദിനത്തിന്‍റെ
ഉദ്യാനത്തില്‍
ഒഴുകാനാകാതെ ഒരു പകല്‍
മയങ്ങുന്ന സമയമുണ്ടാകാം .

കിളിയൊച്ചകള്‍  ഇറ്റുവീഴുന്ന
കാറ്റിലും
മഴയനക്കങ്ങള്‍ വിതച്ചെടുക്കുന്ന
യാമത്തിലും
ആരോ ഒരാള്‍ നമ്മെ
പിന്തുടര്‍ന്നുകൊണ്ടേയിരിക്കും ,
അസ്തമയങ്ങളും
പുലരികളും കോര്‍ത്ത
നാളങ്ങളില്‍
ആകാശം അപ്പോഴും
വളരുകയായിരിക്കും
ഒച്ചയില്ലാതെ .
__________________________















1 comment:

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "