11.19.2012

എന്തോ ഒന്ന് __________നിസ്സഹായതയുടെ മുള്‍മുനകളില്‍
ഞാന്‍ മുഖമമര്‍ത്തുന്നു .
മരവിച്ച കാഴ്ചകളെ
അടര്‍ത്തി മാറ്റുവാനാകാതെ
ഞാനെന്‍റെ നോവിനെ
താഴിട്ടു പൂട്ടട്ടെ .

ചോരയുടെ പൂക്കള്‍
വിരിഞ്ഞു കൊണ്ടിരിക്കുന്നു
നിലവിളിക്കുന്ന ചിത്രങ്ങള്‍
ചരിത്രത്തിന്‍റെ ചില്ലകളിലെയ്ക്ക്
ചെക്കേറിക്കൊണ്ടിരിക്കുന്നു .
മുരടനക്കമില്ലാതെ
മരണം പിച്ചവയ്ക്കുന്ന
പാദങ്ങളെ നിശ്ചലമാക്കുമ്പോഴും
പിളര്‍ന്ന മുറിവാകളില്‍
വംശീയത പരിഹാസ്യച്ചിരി
മുളപ്പിക്കുമ്പോഴും
ഞാനെന്‍റെ
സുരക്ഷയുടെ ആശ്വാസം
ദീര്‍ഘനിശ്വാസത്തില്‍
കൊരുത്തുവക്കട്ടെ .

വെദപുസ്തകങ്ങളില്‍
ഇപ്പോള്‍ പുകമണം നിറയുന്നു .
നീട്ടുന്ന വിരലുകളില്‍
പിന്നെയും സര്‍പ്പം ജനിക്കുന്നു .

ദൈവങ്ങളില്ലാതെ
മനുഷ്യരില്ലാതെ
ഇരുട്ടിന്നുമപ്പുറത്തു നിന്നും
എന്തോ ഒന്ന് ഒഴുകിയിറങ്ങുന്നുണ്ട്
കുഴിമാടങ്ങളുടെ
അളവുകളിലെയ്ക്ക് .
_____________________