Labels

6.29.2021

ജീവിതത്തിന്‍റെ ആത്മഭാഷണങ്ങള്‍

 ജീവിതത്തിന്റെ ആത്മഭാഷണങ്ങള്

____________________________
ഒരു ഗര്ഭപാത്രം
ജീവിതത്തിലേയ്ക്ക് എന്നപോലെ നമ്മെ
മരണത്തിലേയ്ക്ക് പ്രസവിച്ചിരിക്കുന്നു .
നോക്കൂ ഉദയകിരണങ്ങള് നമുക്കുമേല്
ശാന്തമായി അതിന്റെ ഉടല് പതിപ്പിക്കുന്നു .
ഉച്ചകളില് അത് തീവ്രമായി
വെളിച്ചത്തിന്റെ ഗാനം ആലപിക്കുന്നു
പിന്നെയും നാം
നിഴലുകള് കൊണ്ട് ഞൊറിയിട്ട
സായന്തനങ്ങളും കടന്ന് പോകുന്നു .
നമ്മുടെ മുറികളില്
വെളിച്ചം ഇരുട്ട് സമ്പത്ത്എന്നതൊന്നുമല്ല
നിറഞ്ഞിരിക്കുന്നത്‌
നമ്മുടെ എകാന്തതകളും
നാം ഒഴിഞ്ഞു പോകുമ്പോള് ഉള്ള
ശൂന്യതകളും തന്നെയായിരിക്കണം .
വിശക്കുന്ന ഒരു ജീവിയായിരുന്നു മനുഷ്യന്
ആഹാരത്തെയും ആശകളെയും ആര്ത്തിയേയും
വിശന്നു വിശന്ന്
അവനെത്തന്നെ ഭക്ഷിച്ച ഒരു കാലത്തില്
ഭൂമിയില് ദഹിച്ചുപോകുന്ന ഒന്ന് .
മുന്തിരിപ്പടര്പ്പുകള് പയര്പ്പൂവുകള്
ചോളക്കതിരുകള് കരിമ്പിന് തളിര്പ്പുകള്
കടന്നെത്തിയ തേനീച്ചച്ചിറകുകളില്
കാലം ഒരു നുള്ള്പൂമ്പൊടിയായി പറ്റിയിരുന്നു .
ചിരിയോ ചിന്തയോ എന്ന് നാം ഒരിക്കല് പോലും
ഓര്ത്തു നോക്കാത്ത ഒരു ഭാവമായിരുന്നു
ഓരോ ചിറകുകളുടെയും ഭാഷ .
മനുഷ്യന്
അതിന്റെ മധുരത്തെമാത്രം
പിഴിഞ്ഞും അളന്നുമെടുത്തു തൃപ്തനായി.
തുരുമ്പെടുക്കാത്ത
രണ്ടു കാര്യങ്ങളുണ്ട് ഭൂമിയില്
വെളിച്ചവും അതിന്റെ വഴികളും !
എന്നാല് ഇരുട്ട് കനക്കുമ്പോള്
ഉള്ളതും കെടുത്തി
ഉറക്കം തൂങ്ങുവാന് മാത്രം നമ്മള്
മനപ്പാഠം പഠിച്ചു വച്ചിരിക്കുന്നു .
ജപമാലകളോ മന്ത്രഭാഷകളോ
ജീവിതത്തെ വീണ്ടും കുടഞ്ഞു നിവര്ത്തിയില്ല
ജപിച്ചവരാരും അത് കണ്ടെത്തുന്നതില്
തിടുക്കമില്ലാതെ അവരെത്തന്നെ കടന്നുപോയി.
കനിവ് ഇറ്റുവീഴുന്ന ഹൃദയം പേറിയവനോ
എന്നും അതില്ത്തന്നെ ബന്ധനസ്ഥനായിരുന്നു .
കൊമ്പുലയുന്ന മരത്തില് കിളിക്കൂട്‌ ഉണ്ടല്ലോ
മഴ കനക്കുമ്പോള്
ഉറുമ്പുകള് ചിതറിപ്പോകുമല്ലോ എന്നുള്ള
സങ്കടങ്ങളെ വരി നിറുത്തി അവന്
നെടുവീര്പ്പുകളില്
തുരുമ്പിച്ചു കൊണ്ടേയിരിക്കുന്നു .
എന്നും
വേദനയുടെ മര്മ്മരമാണ്
ജീവന്റെ മുറിവുകളില് ഉണര്ന്നിരിക്കുന്നത് ,
സന്തോഷം അതില്
വസന്തകാലത്ത് വന്നുപോകുന്ന
പൂക്കളെപ്പോലെയാണ് .
മീന്മുള്ളുകള് അവശേഷിച്ച ജലഭൂമികള്
മൃഗങ്ങളുടെ ഒറ്റയായ അസ്ഥികൂടങ്ങള്
നോക്കെത്താ ദൂരത്തോളം വെയില്
ഒറ്റയ്ക്കിരുന്നു സങ്കടം ഉണക്കുന്ന മനുഷ്യര്
കഴുകന് പറക്കലുകള് ബാക്കിയാകുന്ന ഇടങ്ങള്
ഇവ ഒന്നൊന്നായ് കണ്ടു തുടങ്ങുമ്പോള്
നിന്റെ പ്രതീക്ഷയുടെ
അവസാനത്തെ വിത്തെടുത്തു
പാലായനം തുടരേണ്ടിയിരിക്കുന്നു .
ജനനത്തിനും മരണത്തിനും ഇടയില്
കാലമൊരു തൂക്കുപാലം കണക്കെ
നമ്മുടെ ജീവിതങ്ങളുടെ കാലടികളെ
എത്രദൂരം തോളേറ്റിക്കടത്തുമെന്ന്
ഒരു കോഴിപോലും കൂവിയുണര്ത്താത്ത
ഇടങ്ങളിലൂടെ ഊര്ന്നുപോയവര്
ഓരോ വളവിലും
അടയാളമുണ്ട് !
________________@Pachakkuthira


No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "