രഹസ്യമായതൊന്നുമില്ല
________________________
(1)
മരത്തണലിലിരിക്കുമ്പോൾ
പക്ഷികൾ കാറ്റ് എല്ലാം അതിൻ്റെ
വീട്ടുകാർ എന്നറിയുന്നു.
ആകാശമപ്പോൾ
ആൾപ്പാർപ്പില്ലാത്ത വലിയ പറമ്പ്.
ഭൂമി
മരങ്ങളുടെയെല്ലാം അമ്മവീട് .
പകൽകൊണ്ട് ഉറക്കമുണർത്തുമ്പോൾ
നിറങ്ങളും നിഴലുകളുമത്
വീതിച്ചുനല്കുന്നു.
രാത്രികൊണ്ട് പുതപ്പിക്കുമ്പോൾ
ചന്ദ്രനെ അടയാളം വക്കുന്നു.
ഞാനിപ്പോൾ
ജീവിതം തിന്നുന്ന കുഞ്ഞ്.
വളരുമ്പോഴും വളയുമ്പോഴും
ആൾച്ചെരിവുകളുള്ള
ഒരാകാരം.
(2)
വീടുണ്ടാക്കുമ്പോൾ
ആദ്യ താമസക്കാർ കാറ്റുകളാണ്.
അതാണെങ്കിലോ
പക്ഷികളുടെ ശബ്ദങ്ങളെയും
പൂക്കളുടെ മണങ്ങളെയും
എപ്പോഴുമതിൻ്റെ കുപ്പായത്തിൽ
കൊണ്ടുനടക്കുന്നു.
എല്ലാ വിജനതകളിലും
അവനവനെ നിറച്ചുവച്ച് ചിലപ്പോൾ
അതിഗൂഡമായി ധ്യാനമിരിക്കുന്നു.
ചിലപ്പോൾ
പായൽ വകഞ്ഞ്
മുകളിലേക്ക് വരുന്ന ഒരു
മീനിൻ്റെ പിളർന്ന ചുണ്ടിൽ
ചുംബിക്കുന്നു ,
മറ്റുചിലപ്പോൾ
അതിൻ്റെ വീട്ടിൽ നിന്നും
തിരിഞ്ഞുനോക്കാതെ
ഇറങ്ങിപ്പോകുന്നു .
(3)
നിഴലുകൊണ്ട്
തോടിൻ്റപ്പുറം തൊട്ടു
പുന്നമരം.
ആ നിഴലിലെ തണുപ്പേറ്റ്
പൂവ്വാംങ്കുരുന്നിൻ പൂക്കളിൽ
രണ്ടു ശലഭങ്ങളിരിക്കുന്നു ,
മുഴുത്ത മുത്തങ്ങാപ്പുല്ലുകൾക്കടിയിൽ
കരിയുറുമ്പുകളുടെ ഒറ്റവരി പോകുന്നു.
മരത്തിൻ്റെ ചില്ലകൾക്കിടയിലെ
മൈനകളിലൊന്ന് പറന്നു പോകവെ
നിഴലിൽനിന്നു തെളിയുന്നതിൻ
വിടർന്ന
ചിറക് .
(4)
കാട്ടു ഞാവൽച്ചില്ലയിൽ
കാക്കയുടെ പ്രതിമ
തളിർത്ത കറുകപ്പുല്ലുകളിൽ
മുഖമുരസുന്ന
മാനിന്റെ പ്രതിമ ,
കൈകൊട്ടിയപ്പോൾ കാക്കക്കും
പതിയെ മുന്നോട്ടാഞ്ഞപ്പോൾ
മാനിനും ജീവൻവച്ചു
കാക്ക പറന്നുയർന്നു
മാൻ കുതിച്ചോടി
ഞാൻ മാത്രം
ചേറുകുഴഞ്ഞ മണ്ണിൽ
കാലുറഞ്ഞ മനുഷ്യനായി
ബാക്കിയായി
എന്റെ മനസ്സപ്പോൾ
ഏതു ശിൽപ്പത്തിനും പാകമായ
കല്ല് ,
മരണത്തിന്റെ
കൊത്തുപണികളുറങ്ങുന്ന
ജീവനുള്ള
ആൾത്താര .
(5 )
വേനൽ കടുത്തപ്പോൾ
മരങ്കൊത്തിയുടെ കൊക്കിൻ്റെ
മൂർച്ച കേൾക്കുന്നു.
ഉണങ്ങിയ പായൽ, ദ്രവിച്ച മീൻമുള്ളുകൾ,
ഒരൊച്ചിൻ്റെ കൂട്,താമരവിത്തുകളുടെ ഉറക്കം
വെള്ളമുണ്ടായിരുന്നതിൻ്റെ പാടുകൾ
ഒക്കെയും
ഒരു കുമ്പിൾച്ചെളിയി-
ലൊറ്റത്തവളച്ചാട്ടത്തിൻ്റൊച്ചയിൽ
കോന്തിലമ്പാടത്തെ കുളം
കാണിച്ചുതരുന്നു.
(6)
രണ്ടുപേർക്കിടയിലെ നിശ്ശബ്ദതയെ
ആദ്യത്തെ വാക്കുകൊണ്ട്
കൊത്തുന്നു ഒരാൾ
മറുവാക്ക് കൊണ്ട്
അതിന്
വിളക്ക് നീട്ടിപ്പിടിക്കുന്നു
മറ്റെയാൾ ,
ആ
തെളിച്ചത്തിലങ്ങിനെ
ചെത്തിയും ചീവിയും
പൂർത്തിയാകുന്നു
അവരുടെ ഓർമ്മകളിൽ
ഒരിയ്ക്കലും
മങ്ങിപ്പോകാത്ത സമയത്തിന്റെ
ഒരു സ്വർണ്ണഘടികാരം !
(7)
എൻ്റെ രാജ്യത്തിന്റെ അതിർത്തിയിൽ
ഇയ്യാനിപ്പുല്ലുകൾ തഴച്ച പുഴയരികുകളിൽ
കാട്ടുകുതിരകൾ മേയുന്നു .
വിശപ്പ്
പുഴുവായും പൂമീനായും
പുളയുന്നു നീന്തുന്നു .
പർപ്പിൾ പൂക്കളിൽ
മഴയുതിരുമ്പോൾ
കടുപ്പൻ കട്ടൻചായപോലെ
ഞാൻ
വിഷാദം മോന്തുന്നു .
എൻ്റെ
നെഞ്ചിൻകൂടിനുള്ളിലപ്പോൾ
ഹൃദയാകൃതിയുള്ള
ഭൂമിയുടെ അരുമയായ
അനക്കം !
*
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "