Labels

6.23.2020

ജലമൃഗം

ജലമൃഗം
_______________________

വിശപ്പിന്‍റെ വിപ്ലവം
മൂർദ്ധാവിൽ ചുംബിക്കുമ്പോള്‍
നീയൊരു അനുസരണയുള്ള മത്സ്യമാകുന്നു .
ശ്വാസവേഗങ്ങളിൽ വേദന കൊളുത്തി
ചുവന്ന ചെകിളകൾ പിടക്കുമ്പോൾ
ഇരയുടെ ദൈവത്തെയും ഓർക്കുന്നു.
കുറിയ ചിറകുകൾ വീശിത്തുഴഞ്ഞ്
നീ പോയ വഴികളന്നേരം മാഞ്ഞുപോകുന്നു.
ശിശിരാകാശത്തിനു കീഴെ നീലജലം,
നിന്‍റെ നിഴലുകൾ നീന്തിയ വീട്.
വിശപ്പിന്‍റെ ദൈവങ്ങളാകാൻ വളരുന്ന
നിന്‍റെയാ ,
ചുവന്ന കുഞ്ഞുങ്ങൾ ചിതറിനീന്തുന്ന
ജലോദ്യാനം!
സ്വാതന്ത്ര്യം
അതിന്‍റെ വല നീട്ടിയെറിഞ്ഞു,
കൊതുകു കൂത്താടികൾ ചോർന്നു പോം
കണ്ണികൾ
കൈകോർത്തു നിന്നു
ദർവീശുക്കളുടെ നൃത്തം പോലെ
ആകാശത്തിനും ഭൂമിക്കുമിടയിലെ വായുവിൽ
പറക്കുന്നൊരാ നേരത്ത്,
ചടുലവും പിന്നെ ശാന്തവുമായി നീ പിടയുന്നു
ജീവനെ ദാഹിക്കുമ്പോൾ
നാമിരുവർക്കും തമ്മിലെന്തെന്ന്
കണ്ണടച്ചു മൗനത്തിലാഴുന്നു,
വിശപ്പുകൾ വിരുന്നുകള്‍ .
ചുവപ്പിന്‍റെ പതാക പാറുന്ന
മരിച്ചകണ്ണുകളുമായി
കൊടിമരംപോലൊരു ചൂണ്ടയുടെ
ഏകാന്തതയില്‍
നീ പിടഞ്ഞാടുന്നു .
വിശപ്പുകള്‍ കൊണ്ട് നൃത്തം ചെയ്യൂ
മരണം കൊണ്ട് നൃത്തം ചെയ്യൂ ,
എന്നുള്ളതാണീ ജീവിതം.
തുറന്ന കണ്ണുകൾ,
തുറന്നടയാത്ത ചെകിളച്ചുണ്ടുകൾ
ശ്വാസത്തിന്‍ ,
ആരോഹണങ്ങള്‍ അവരോഹണങ്ങള്‍
ഇടയില്‍ മരിച്ചുപോകുന്ന നീ,
നിന്‍റെ നിഴലുകള്‍,നിദ്രകള്‍.
തടാകത്തില്‍ പ്രഭാതവെളിച്ചം വീഴവേ
പുതുതായ് വെളിപ്പെടുന്നു ,
രണ്ടുമീനുകളുടെ പുള്ളികള്‍ !
നീയോ ,ഒരു തൂവല്‍ പൊഴിയുന്ന പോലെ
ഒരിലയൂര്‍ന്ന പോലെ
നിശബ്ദമാകുന്നെന്നു പറയൂ
മൌനമാണെന്നു പറയൂ
മരിച്ചുപോയെന്നു പറയൂ ......
ഓഹ് !
ഇപ്പോൾ,
ഭാഷയില്ലാത്ത നീലമത്സ്യമായ് നീ
ആരോ വേട്ടയാടിപ്പിടിച്ച ,
ജലമൃഗമായ് നീ !
_______________________

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "