https://navamalayali.com/2020/06/14/poem-sony-dith/?fbclid=IwAR0iaD40q4_qQvgqUV3MES7-77fGkuGzlD5DgkmOMBRr7FzpKYR7y3geeKY
ദൈവകാര്യം
____________________
ആകാശം വെളിച്ചം കൊണ്ട് ധ്യാനിക്കുമ്പോഴും
അതിന്‍റെ പുതുപൂമണങ്ങളോടൊപ്പം
ഇന്നീ രാവിനെ വാസനിക്കുമ്പോഴും
ഒരേകാന്ത പുല്‍ക്കൊടിയുടെ തുമ്പിലേന്തിയ
മഞ്ഞുകണം പോലെ
ലോകം മുഴുവനും ശാന്തമായിരുന്നു .
പേരിടാത്ത
ഒരു കാറ്റുകൊണ്ട് അതില്‍ത്തൊട്ട് ഏതോ
ദൈവം ചോദിക്കുന്നു
നിന്‍റെ ഭൂമി എവിടെപ്പോയ് ,
നീ കണ്ട ശാന്തത തൂവി മറഞ്ഞുവോ?എന്ന്
ഞാന്‍
രണ്ടുകയ്യിലും
കനമുള്ള നക്ഷത്രങ്ങള്‍ ഏന്തിയ ഒരു
കുട്ടിയെന്നപോലെ തികച്ചും
നിശബ്ദനും നിസ്സഹായനുമായി നിന്നു ,
ഈ ലോകം
ദൈവത്തിന്‍റെ വലതുകാലില്‍ നിന്നും
ഒരു ചിലങ്കമണി പോലെ
എവിടെയോ ഉതിര്‍ന്നുപോയി എന്ന്
അപ്പോള്‍ ഞാന്‍ കരുതുന്നു .
എനിക്ക് ലോകത്തോടും ആ ദൈവത്തോടും
സ്നേഹം തോന്നി .
എനിക്കെതിരെ
ഒരു കുട്ടനിറയെ കാറ്റുമായി
ഒരു പെണ്‍കുട്ടി
സൂക്ഷ്മതയോടെ നടന്നു പോകുന്നു
അവളുടെ കണ്ണുകളില്‍
എന്‍റെ കയ്യിലെ നക്ഷത്രങ്ങള്‍ ചുവന്നും
തെളിഞ്ഞും കാണുന്നു .
ആ പഴയ സായിപ്പെന്നപോലെ
ഞാന്‍ ചോദിച്ചൂ ,,,,,,,
"ജാനകീ,ജാനകീ നിന്‍റെ കുട്ടയിലെന്താണ് ? "
"ഓ ,അതെന്‍റെ ദൈവമാണ്
ദൈവം വഴി നടത്തുന്നു എന്ന്
ഞങ്ങളുടെ പുരോഹിതന്‍ പറയുന്നു
ഞാന്‍ എന്‍റെ ദൈവത്തെയും ചുമന്ന്‍
എന്‍റെ വഴിയെ പോകുകയാണ് "
ഞാനവളുടെ ഭാരത്തെ ഓര്‍ത്ത്
അതിലേയ്ക്കൊന്ന്‍ എത്തിനോക്കി
ഒരുകാല്‍ അടര്‍ന്നുപോയ ഒരു
പുല്‍ച്ചാടിയെ അല്ലാതെ
മറ്റൊന്നും കണ്ടില്ല
ഞാനത് അവളോട് പറഞ്ഞതുമില്ല ,
പുല്‍ച്ചാടിയും
എന്നെപ്പോലെ
ആരുടെയോ ദൈവമായിരിക്കണം !
.
.
കുരുത്തംകെട്ട ഒരുണര്‍ച്ച
വാവലുകണക്കെ തലകീഴായ്
എന്നെയും കൊണ്ടപ്പോള്‍ ഊളിപ്പറന്നു .
ചിലപ്പോള്‍
നമ്മുടെ ശൂന്യതയുടെ നിറവില്‍ നിന്നും
മറ്റുചിലപ്പോള്‍
പൂജ്യജീവിതത്തിലെ മഹാശൂന്യതയില്‍ നിന്നും
നാം എത്രയെത്ര ദൈവങ്ങളെ പുതുതായ്
പണിഞ്ഞു നോക്കിയിരിക്കുന്നു ,
കാണിക്കയിട്ട് ഉടല്‍വളച്ച്
കാലങ്ങളെത്ര കാത്തുനിന്നിരിക്കുന്നു
"പ്രാര്‍ത്ഥന " എന്നു പേരിട്ട
പിറുപിറുപ്പുകളും കൊണ്ട്
എത്ര നിമിഷങ്ങളെ നമ്മളിങ്ങനെ
ചൂണ്ടയില്‍ കൊരുത്ത് കണ്ണ്നനച്ച്
നോക്കിയിരുന്നിരിക്കുന്നു ,
അങ്ങിനങ്ങിനെ
അടുപ്പിലെ തീയെത്ര കെട്ടുപോയിരിക്കുന്നു,
നമ്മുടെ വിശപ്പെത്ര മയങ്ങിപ്പോയിരിക്കു ന്നു .
കാണിക്കവഞ്ചി മറച്ച മഹാകവാടങ്ങളില്‍
അവനവനെച്ചുമന്ന്‍ ക്ഷീണിച്ചവരുടെ
എത്രയോ അടയാളങ്ങളിലൂടെ നമ്മളും
നടന്നു തീര്‍ന്നിരിക്കുന്നു ,
ദൈവക്കടവുകളോരോന്നും നീന്തിത് തളര്ന്നവരുടെ
ഉപ്പുവറ്റാത്ത കാല്‍ചിഹ്നങ്ങള്‍ക്കു മീതെ
നമ്മുടെ ഭാരവുമെത്രയോ അമര്‍ന്നു പോയിരിക്കുന്നു .
ദൈവമേ ദൈവമേ ,
എനിക്കും നിനക്കും തമ്മിലെന്തെന്ന ചോദ്യങ്ങള്‍
നിത്യവും നിവര്‍ത്തിക്കുടയുന്ന നിസ്സഹായനല്ലാതെ
ആരാണ് നീ !
ഇത്രയും ദൈവദോഷങ്ങള്‍
മനസ്സുകൊണ്ട് തൂക്കിനോക്കി
ഒറ്റനിമിഷത്തില്‍
ഞാന്‍ എന്നിലേയ്ക്ക് ഒന്നുകൂടി
തിരികെയെത്തി .
ദൈവങ്ങളെ വില്‍ക്കുന്ന തെരുവുകളിലൂടെ
ഒഴിഞ്ഞും നിറഞ്ഞും വെട്ടവും ഇരുട്ടും
അതിന്‍റെ ആദിമ ധര്‍മ്മം അപ്പോഴും
തുടരുന്നുണ്ടായിരുന്നു .
"ഓരോ പകലുകള് അസ്തമിക്കുമ്പോഴും
ദേവാലയയമണികള് മുഴങ്ങുന്നു
ഒരു മനുഷ്യനസ്തമിക്കുമ്പോള്
അവന്‍റെ ദൈവവും അവനും
ഒരേ കടലില് താഴ്ന്നു പോകുന്ന
ഇരട്ടകളാകുന്നതത്രേ ഈ മനുഷ്യലോകം ! "
ദേവാലയയമണികള് മുഴങ്ങുന്നു
ഒരു മനുഷ്യനസ്തമിക്കുമ്പോള്
അവന്‍റെ ദൈവവും അവനും
ഒരേ കടലില് താഴ്ന്നു പോകുന്ന
ഇരട്ടകളാകുന്നതത്രേ ഈ മനുഷ്യലോകം ! "
ഏതോ ബുദ്ധവൃത്തത്തില്‍ നിന്നുമപ്പോള്‍
ഒരശരീരി മുഴങ്ങിക്കൊണ്ടിരുന്നു .
അവള്‍പോയ വഴിയും നോക്കിനിന്ന്
തീര്ന്നുപോയപ്പോള്‍
എന്‍റെ ഉറക്കം എന്നെ സന്ദര്‍ശിച്ചു
ഞാന്‍ അതുമായുള്ള ഉടമ്പടി
എന്നത്തെയുംപോലെ പൂര്‍ത്തിയാക്കി
ഉറങ്ങുന്നൊരു ദൈവമായി അന്നും
അതിലേയ്ക്ക്
നിവര്‍ര്‍ര്‍ന്നു കിടന്നു .
____________________
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "