Labels

1.30.2020

പുതു പ്രഭാതവന്ദനങ്ങൾ


ഭയം തൂങ്ങിയാടുന്ന
നിഴലുകൾക്കപ്പുറത്തു നിന്നും
ഞാനൊരു
സമാധാനത്തിന്റെ ഫലം പാകമാകുന്നതും
കാത്തിരിക്കുന്നു.

 കുഞ്ഞുങ്ങളുടെ ശബ്ദങ്ങൾ കൊണ്ട്
 നാം നമ്മുടെ രാജ്യത്തെ ശുദ്ധിയാക്കുന്നു.
 അഴുക്ക് തൂത്തു കളഞ്ഞ്
  കഴുകി മിനുക്കി നാമൊന്നിച്ച്
 ഉപ്പുകാച്ചുന്നൊരുച്ചനേരം വീണ്ടും
 അടുത്തെത്തിയിരിക്കുന്നു.

 നമ്മുടെ ധാന്യപ്പുരകളിൽ 
 പതിരു പാറ്റിക്കൊഴിച്ച വിളകൾ
 ശേഖരിക്കുന്ന കാലം ആർപ്പുവിളിയോടെ
 കാത്തു നില്ക്കുന്നു.

 മൗനമായിരുന്നു വേരുകൾ
 മൂകമായിരുന്നു യുവശാഖികൾ
 'എങ്കിലിതാ
 ഒരു മാമരത്തിന്റെ ഭൂപടം
 ഇരുളുകളിൽ നിന്നും വെളിച്ചത്തെ
ഉറയിൽ നിന്നൂരിയെടുത്ത വാൾ പോലെ വീശുന്നു !

 ചുവന്ന മൊട്ടുകൾ നിറഞ്ഞ്
വിരിഞ്ഞുയർന്ന ചില്ലകൾ,
 വേരുകളുടെ ഭാഷകളുയർത്തി 
ആകെപ്പൂത്തുലയുന്ന
 കൊടിമരങ്ങൾ.

 ഭൂമിയുടെ വേർപ്പുകൾ
ഇറ്റുവീഴുന്നിടങ്ങളിൽ ,
 ഭൂതകാല മുദ്രകൾ നീട്ടി നില്ക്കുന്നു
പിതാമഹർ പകർന്നു വച്ചൊരാ
ദേശഭക്തി സൂക്തങ്ങൾ .

 മൂന്നു വർണ്ണങ്ങളും നിവർന്നു വീശി
 നീണ്ടുയർന്നു നില്ക്കുന്നു                     
 നാടിൻ സിരകളിൽ ഇരമ്പുന്ന
സ്വാതന്ത്ര്യത്തിൻ നിത്യസ്മാരകം.

 രക്തരാശികൾ വകഞ്ഞ്
 ഉദിച്ചു പൊന്തുക കാലമേ
 നിനക്കായ് ചർക്കയുടെ
 താളത്തിൽ നിന്നുയിർക്കുന്നു
 പുതിയ രാജ്യത്തിൽ
 പുതു പ്രഭാതവന്ദനങ്ങൾ .



No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "