Labels

12.12.2019

എപ്പോഴും ഇപ്പോഴും അങ്ങിനെത്തന്നെ

എപ്പോഴും ഇപ്പോഴും അങ്ങിനെത്തന്നെ
___________________________________

ജീവിതമെപ്പോഴും
വഴിമാറിയൊഴുകാനോ
വരണ്ടുപോകുവാനോ സാധ്യതയുള്ള 
ഒരു 
പുഴപോലെയാണ് .

ദുഃഖത്തിന്‍റെ ചെരുപ്പുമിട്ട് നാം നടക്കുന്നു, 
സൂര്യനുണരുമ്പോഴും ഉറങ്ങുമ്പോഴും
ആ പഴയ മനുഷ്യനായിത്തന്നെ
ഉദിക്കുകയും അസ്തമിക്കുകയും 
ചെയ്തു കൊണ്ടിരിക്കുന്നു.

സന്തോഷങ്ങള്‍ ഒക്കെയും ചെറുതാണ്
അതാകട്ടെ
തീരെക്കുറവ്‌ മനുഷ്യര്‍ക്കു മാത്രം
വീതിച്ചു കൊടുത്തിരിക്കുന്നു .

ആനന്ദം നമ്മെ സന്ദര്‍ശിക്കുവാന്‍ വരുമ്പോള്‍
പാതിമാത്രം തുറന്ന വാതിലുകളിലൂടെ നാം
വെറുതെ നോക്കിനില്‍ക്കുന്നു.
ദു:ഖങ്ങളുടെ കാലൊച്ചകളെ
ദൂരത്തുനിന്നും കേള്‍ക്കുമ്പോഴേയ്ക്കും 
ആനയിക്കുവാനുള്ള പാതയൊരുക്കുന്നു.

സ്വന്തം ജാലകത്തിലൂടെ നോക്കുമ്പോള്‍
ഒരു കാഴ്ചയും സത്യം പറയുന്നില്ല
മറ്റുള്ളവരുടെ ആനന്ദങ്ങളെയും
അവനവന്‍ സങ്കടങ്ങളെയും മാത്രം അത്
ചതുരത്തില്‍ ചൂഴ്ന്നു തുറന്നുവച്ചിരിക്കുന്നു .

ഒന്നിലും
പൂര്‍ണ്ണത അനുവദിക്കാതിരിക്കുക എന്നതാണ് 
മനുഷ്യന് മുന്നിലുള്ള ഉപായം ,
പൂര്‍‍ണ്ണമായെന്നു തോന്നിക്കുന്ന ഒന്നില്നിന്നും 
അവന്‍റെ ആനന്ദം
അതിവേഗം പടിയിറങ്ങുന്നു .‍
അവനവനെ ജീവിതത്തില്‍
നിലനിറുത്തുന്നതിനു വേണ്ടിയാണു നാം
സ്നേഹിക്കുന്നതും പ്രണയിക്കുന്നതും
കൂട്ടുകൂടുന്നതും .
അവനവനെ ജീവിതത്തില്
ഉറപ്പിച്ചു നിറുത്തുവാന്‍
ഞെരമ്പുകളില് നാം നട്ടുവളര്‍ത്തുന്നു
നമുക്കുള്ള ഇഷ്ടങ്ങളെ പ്രണയങ്ങളെ സൌഹൃദങ്ങളെ .

സ്നേഹമാണ്
ഒരുവനെ മുറിവേല്‍പ്പിക്കാന്‍ കഴിവുള്ള
ഏറ്റവും ശക്തിയുള്ള ആയുധം !

ചിലയിടങ്ങള്‍ 
സ്നേഹത്തിന്‍റെ സുവര്‍ണ്ണ ഗോപുരങ്ങളെന്ന് 
ആവര്‍ത്തിച്ചു തോന്നിക്കുമെങ്കിലും
എപ്പോഴും മുറിഞ്ഞു വീഴാന്‍ പാകത്തിനുള്ള
ഒരു പല്ലിവാല്‍ കൂടി
അതിന്‍റെ മച്ചില്‍ നിങ്ങള്‍
പ്രതീക്ഷിച്ചു കൊണ്ടേയിരിക്കുക...
.*********************************************

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "