ആത്മഋതു
___________________
ഗ്രീഷ്മ കാലത്തിന്റെ അവസാന ജാലകവും
അടച്ചു കഴിഞ്ഞിരിക്കുന്നു.
മഴക്കാലത്തിന്റെ ആകാശം
അലിവുള്ളതും ആദ്രവുമായിരുന്നു
ചാരനിറത്തിലുള്ള ഉടയാടകൾ ഉലച്ച് അത്
നൃത്തം ചെയ്തു.
ജീവനുള്ളവയെല്ലാം തളിര്‍ക്കുന്ന
കാലമായിരുന്നത് .
ആത്മാവിൽ ആരോ
സുഖമുള്ള നൊമ്പരം കൊണ്ട്
തൊട്ടു നോക്കുന്നുണ്ടായിരുന്നു.
നനഞ്ഞുതിർന്ന
ജക്രാന്തപ്പൂക്കൾക്ക് നടുവിലൂടെ
നടക്കുകയെന്നത്
സ്വർഗ്ഗത്തിലേക്കുള്ള പാത പോലെ
തോന്നിക്കുന്നതും
ആനന്ദം പകർന്നു തരുന്നതുമായ
ഒന്നായിരുന്നു.
അതിന്‍റെ
വയലറ്റ്നീർ കലർന്ന ഒരുന്‍മാദഗന്ധം
പ്രകൃതിയിൽ ലയിക്കുന്നുണ്ടായിരുന്നു.
പ്രണയം
ഹൃദയത്തിലേക്ക് ഊതി വിടുന്നതു പോലെ
ചെറുകാറ്റ് ചാഞ്ചാടിക്കൊണ്ടിരുന്നു.
മഴയുടെ മണം നിറഞ്ഞ സായാഹ്നത്തോട്
അസൂയ തോന്നിക്കും വിധം
വഴിനീളെ ഗൃഹാതുരമായ കൊളുത്തുകൾ
തൂങ്ങിക്കിടന്നു.
ഒന്നിനും തുടച്ചു മാറ്റാനാകാത്ത പോലെ
നിറഞ്ഞൊഴുകുകയായിരുന്നു ആകാശം !
ആനന്ദത്തേക്കാൾ
വേദന പോലെ എന്തോ ഒന്ന്
ഉള്ളു തൊട്ടു കൊണ്ടിരുന്നു.
ജീവിതമോ ശൂന്യതയോ
എന്തെന്നറിഞ്ഞില്ല
ഒഴിഞ്ഞും നിറഞ്ഞും ഞാനിരുന്നു.
ഓര്‍മ്മകളോ
ചുറ്റും നിന്ന് ചൂളംകുത്തി .
ജീവിതത്തിന്റെ വഴികൾ നീണ്ടതും
ഇടുങ്ങിയതുമായിരുന്നു,എങ്കിലോ
മത്തുപിടിപ്പിക്കുവാൻ തക്ക
വീര്യമുള്ള ഒന്നായിരുന്നു.
ഭൂമിക്കു മീതെ വിറകൊള്ളുന്ന
മിന്നല്‍പോലെ ഞാന്‍ നിന്നു .
മീവൽപ്പക്ഷികൾ
കൊക്കുരുമ്മുന്ന ഒരു സായാഹ്നത്തിൽ
ഊഷ്മളമായ
കുന്നിൻ ചെരുവിൽ നിന്നും ഒരാള്‍
നീലച്ചിറകുള്ള പട്ടമുയർത്തിപ്പറത്തുന്നു.
എണ്ണമില്ലാ ഇണശലഭങ്ങള്‍ ഒഴുകിനടക്കുന്ന
ആ സന്ധ്യയുടെ ചുവന്ന നേരങ്ങള്‍
പേരറിയാത്ത ഒരു വീഞ്ഞ്
രുചിക്കും പോലെയായിരുന്നു .
കുന്നിറങ്ങിപ്പോയ വെളിച്ചത്തിനൊപ്പം
മഴയുടെ നനുനനുത്ത മേനിയില്‍
നഗ്നപാദനായ് ഞാന്‍ നടന്നു .
നേര്‍ത്തു നേര്‍ത്ത് പോകുന്ന
ഒരു പകലിന്റെ നീള്‍വിരലുകളിലപ്പോള്‍
ചാന്ദ്രശോഭ മാത്രം
സമയത്തിന്‍റെ മോതിരക്കല്ലായ്
തെളിഞ്ഞു മിന്നി !
______________________________ _
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "