Labels

11.13.2019

ചിന്തകളുടെ നാല് വളവുകള്‍


ചിന്തകളുടെ നാല് വളവുകള്‍
_____________________
(1) സ്നേഹം നമ്മുടെ വാതിലില്‍ മുട്ടിവിളിച്ചു
ആദ്യം
ഇവിടെയാരുമില്ലെന്നു പിറുപിറുത്തു
തിരിച്ചയച്ചു
വീണ്ടുമൊരിക്കല്‍
മനസ്സിലായില്ലെന്ന് പറഞ്ഞ് ഒഴിവാക്കി
പിന്നെയോ
വീട് മാറിപ്പോയതാകും എന്ന് പറഞ്ഞ്
മറ്റൊരാളുടെ വിലാസം കൊടുത്തുവിട്ടു
ഇപ്പോള്‍
കലങ്ങിമറിഞ്ഞ ഉള്ളവും താങ്ങി മുടന്തുമ്പോള്‍
മറ്റൊരുവന്‍റെ തോളില്‍കയ്യിട്ട്
നമ്മെക്കടന്നുപോകുന്ന ഒന്നിന്
ആ പഴയ വാതില്‍ക്കല്‍ നിന്നും
പുഞ്ചിരിച്ചു മടങ്ങിപ്പോയ ആളുടെ
അതെ ശാന്തമായ മുഖച്ഛായ !
_________________________
(2) ഓര്‍മ്മകളിലൂടെ നടക്കുമ്പോള്‍
മാനായും മയിലായും അവ നമ്മെ
കൌതുകപ്പെടുത്തുന്നു
കരിമേഘമായും കടും കനപ്പായും
നമ്മെ ഭാരപ്പെടുത്തുന്നു
പൂവിതളായും പുഴയൊച്ചയായും
നമ്മെ കനമില്ലാതാക്കുന്നു
ചിരിയായും ചിതറലുകളായും നമ്മെ
വിവര്‍ത്തനം ചെയ്യുന്നു .
അങ്ങിനങ്ങിനെ
ഓരോ വളവുകളിലും
നമ്മെ സന്ദര്‍ശിക്കുമ്പോള്‍
പലനിറമുള്ള കാലങ്ങളെ ഒളിപ്പിച്ച ഒരു
മാന്ത്രികത്തൊപ്പിയാകുന്നു .
______________________
(3) എതൊഴുക്കിന്നടിയിലും
നിശ്ചലതയുടെ ഒരു പ്രതിച്ഛായ
മറഞ്ഞു കിടക്കുന്നു .
നിറഞ്ഞിരിക്കുമ്പോള്‍ ആരുമത്
അറിയുന്നില്ല
ഒഴുകുമ്പോള്‍ നാം
ആകൃതികള്‍ മറന്നു പോകും .
കാറ്റ് വെളിച്ചം വെള്ളം എല്ലാം
ഒഴുകുന്നില്ലെന്നപോലൊഴുകുന്നു .
എന്നാലോ
മനുഷ്യമനസ്സിനേക്കാള്‍ ഒഴുകുന്ന
ഒരു നദിയുമില്ലീ ഭൂവിലും !
_________________
(4) ആകാശം ,
ജലത്തിന്‍റെ ഉടലുമായി
ഭൂമിയില്‍ സഞ്ചരിക്കുന്നു
ആദ്രത എന്നും കനമുള്ളതും
കാലാന്തരങ്ങള്‍ താണ്ടുന്നവയുമായിരുന്നു.
നമ്മുടെ ആശകള്‍ മുക്കാലും
പൂക്കളം പോലെ നിറമുള്ളതും
അതീവ ലോലവുമായിരുന്നു
പട്ടുനൂലിറങ്ങിവരുന്ന
പുഴുക്കള്‍ പോലെ ചിലത്
പൊടുന്നനെ അവ അവയ്ക്ക് മീതെ
ഊര്‍ന്നിറങ്ങിയ സമയങ്ങളില്‍
ആകെ ഇരുണ്ടുപോയ മറുപുറങ്ങളും
താങ്ങി നിന്നു നാം ,
രണ്ടുകാലുള്ളോരാ വെറും പ്രാണികളായി .

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "