Labels

11.13.2019

വിത്ത്‌ കോലങ്ങള്‍

വിത്ത്‌ കോലങ്ങള്‍
____________________
ഒരെമണ്ടന്‍ തണ്ണിമത്തന്‍ മുറിച്ച്
കുരുക്കള്‍ തുപ്പിക്കളയുന്ന സായാഹ്നത്തിലേയ്ക്കാണ്
അവന്‍ കടന്നു വന്നത്
വിശപ്പിന്‍റെ ഭാഷയൊട്ടിച്ച നോട്ടം
ഒരര്‍ദ്ധഗൌരവം കൊണ്ട് ഞാന്‍ എതിരിട്ടു
മറുപാതി മനസ്സില്‍
ആ പഴയ തഴപ്പായില്‍
ചെമ്മീനാകാരത്തില്‍
ഉറക്കത്തെ പ്രാര്‍ത്തിച്ച് കിടന്ന കാലം
ദരിദ്ര ചന്ദ്രനെപ്പോലെ എന്നില്‍ ഉദിച്ചു വന്നു .
ഓര്‍മ്മയുടെ ഉറക്കത്തില്‍ നിന്നുമന്നേരം
അഞ്ചാറു മൂത്ത മത്തന്‍കുരുക്കള്‍
വായില്‍ തടഞ്ഞുണര്‍ത്തി .
ചുവന്ന മധുരത്തെ അവനും പകുത്ത്
അവസാനത്തെ ഗൌരത്തെയും ഞാനപ്പോള്‍
എന്നില്‍ നിന്നും ഇറക്കി വിട്ടു .
ഒരു സന്തോഷം
രണ്ടുപല്ലൊഴിഞ്ഞ ചുണ്ടില്‍ നിന്നും
പുറത്തേക്കെത്തി നോക്കി
അവന്‍റെ വഴിയെ ഇറങ്ങിപ്പോയി .
ലോകാവസാനം വരെയും
ജീവനുള്ളവയ്ക്ക് വിശക്കുന്നു
ഉള്ളത് പകുക്കുമ്പോള്‍ പാതിയാകുന്നതാണ്
ആമാശയത്തിന്‍റെ വിശപ്പുകളെന്നു
ഉള്ളിലാരോ തുടികൊട്ടി .
ഭൂമിയപ്പോള്‍ ഒരു ഭീമന്‍ മത്തനെപ്പോലെ
അരുമയോടെ എന്നെ ഉള്ളില്‍ വഹിച്ചു ,
ഞാനതിന്റെ ഉദരത്തില്‍
ഉണ്ണുകയും ഉറങ്ങുകയും വളരുകയും ചെയ്യുന്ന
ഒരു വിത്തായി മാറിപ്പോയിരുന്നു .
ഒരുവന്റെയും വിശപ്പിന്
അതിര്‍ത്തികളില്ലെന്നിരിക്കെ
കവികള്‍ അതിനെ ഒരു
രാജ്യമെന്ന് ചുരുക്കി വിളിച്ച് ഓമനിക്കുന്നു
ഒരു തൂമ്പയുടെ ഒച്ചയത് ഉച്ചത്തില്‍
മണ്ണിനോട് മിണ്ടുന്നു .
ഓരോ വിശപ്പ്‌ തീരുമ്പോഴും അത്
മറ്റൊന്നിനെ കണ്ടെത്തി
പരകായപ്പ്രവേശം നടത്തുന്നു .
ആഹാരം ആയുസ്സ്
തീരാത്ത ആശകള്‍ ആര്‍ത്തികള്‍
അങ്ങിനെ വിശന്നു വിശന്നു മനുഷ്യന്‍
അവന്‍റെ ചെറുകാലം ധൂര്‍ത്തടിക്കുന്നു .
മണ്ണ് അതിന് മറുമൊഴി കിനിഞ്ഞു .
വിത്ത്‌ വളര്‍ന്ന് വിളയുന്ന കാലം
വിശപ്പുകൊണ്ട് ഓര്‍ത്തോര്‍ത്തോമനിക്കെ
ഒരു കണ്ണ്ചുവപ്പന്‍ പക്ഷി വന്നെന്നെ
കൊത്തിയെടുത്ത് വിഴുങ്ങിയതിന്‍റെ കൂടിന്‍റെ
വഴിയെ പറന്നു പോകുന്നു .
ജനനത്തിന്റെ വായില്‍ നിന്നും
ജീവിതത്തിന്‍റെ ഉദരത്തിലൂടെ സഞ്ചരിച്ച്
മരണത്തിലേയ്ക്ക് വിസര്‍ജ്ജിച്ചു കളയുന്ന ഒരു
വിത്തിനപ്പോള്‍
ആരും കാണാത്ത രണ്ട് ചെമ്പന്‍
ചിറകുകള്‍ മുളയ്ക്കുന്നു !

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "