Labels

11.13.2019

മനുഷ്യനെ വായിക്കുന്നു


ഞാൻ 
മനുഷ്യനെ വായിക്കുന്നു
ഭാഷകൾ 
അതിസങ്കീർണ്ണമായി അവനെ 
കുരുക്കഴിച്ചു കൊണ്ടേയിരിക്കുന്നു
എന്ന് കാണുന്നു.
വായനകളെല്ലാം അപൂർണ്ണമായി
കൈമാറ്റം ചെയ്യപ്പെടുന്ന നിശബ്ദത
എന്നിൽ നിന്നൂർന്നു വീഴുന്നു.

ഇടതോ വലതോ മുകളിലോ കീഴെയോ
പുരാതന നഗരങ്ങളുടെ മതിലുകളിൽ
മാന്ത്രിക ലിപികൾ പതിച്ചു വച്ചിരിക്കുന്നു.
മ്യാവൂ എന്ന ഭാഷയിലൂന്നി ഒരു കരിമ്പൂച്ച
കാലത്തിൽ നിന്നും കുറുകെച്ചാടി
മതിലു വിണ്ടതിൻ ഇടുക്കിലൂടെ
അതിലളിതമായി കടന്നു പോകുന്നു.

ഞാനതിന്റെ ഭാഷയറിയാത്ത
നിരക്ഷരനായി
പൂർത്തിയാകാത്ത ജീവിതവുമായി
പൂരിപ്പിക്കാനാവാത്ത അറിവിനെക്കാത്ത്
നടവഴിയിൽ നിന്ന്
വെയില് കൊള്ളുന്നു ,
എനിക്കപ്പോൾ
ആദിമ ശബ്ദത്തിൽ നിന്നും പുറപ്പെട്ട
ആ ഒരക്ഷരം ദാഹിക്കുന്നു.
********************************************

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "