Labels

11.13.2019

അകവും പുറവുമില്ലാത്ത ചിലത്



അകവും പുറവുമില്ലാത്ത ചിലത് - (കലാപൂര്‍ണ്ണ ) 
_______________________________
വലയിലെ പിടച്ചിലില്‍ നിന്ന് 
തൂവലുകള്‍ പറിഞ്ഞു പോയതിന്‍ 
നീറ്റല്‍ കൊണ്ട് 
ഒരു പക്ഷിയതിന്റെ ആകാശത്തെ
സ്വാതന്ത്ര്യം എന്ന്
ചിറകിന്‍ ഭാഷയില്‍ എഴുതുന്നു ,
കീറിയ വായും കൊണ്ട്
കൊളുത്തിന്നെതിരെ നീന്തുന്ന മീനിന്‍റെ
ഉടലിളക്കങ്ങള്‍ പോലെത്തന്നെ
അതിന്‍റെയാ ലിപികള്‍ .
നോക്കൂ ,
തെളിഞ്ഞു തെളിഞ്ഞു വരുന്നു
അതിനെന്റെയും നിന്‍റെയും
മുഖത്തിന്‍റെ
അതെ അടയാളങ്ങള്‍ !
_____________________
2)
എന്‍റെ മുറ്റത്തെ
അരിപ്പ്രാവുകളുടെ കൊക്കില്‍ നിങ്ങൾ
അതിശയകരമായി
തളിരിലകള്‍ ഒന്നും കണ്ടെന്നു വരില്ല
ഗോതമ്പ് നുറുക്കുകള്‍ കൊണ്ടാണ്
അവയുടെ പ്രഭാതത്തെ ഞാന്‍
അഭിവാദനം ചെയ്തു പോരുന്നത് ,
അതുകൊണ്ട് തന്നെ
ഒരു സാധാരണ
വളര്‍ത്തു മനുഷ്യനെപ്പോലെത്തന്നെയാണ്
എന്‍റെ വയസ്സേറുന്നതും .
______________________
3)
സൂചിക്കുഴ കോര്‍ന്നു
കൂട്ടിമുട്ടുന്ന നൂല് നോക്കൂ
നമ്മുടെ വീട്ടിലേയ്ക്കുള്ളോരാ
വഴികള്‍ പോലെ ,
അതെ
നാം നടന്നു തീര്‍ത്തതത്രയും
തുടങ്ങിയിടത്ത് തന്നെ
സ്വസ്ഥമായി എത്തിച്ചേരാനുള്ള
പല പല വഴികളായിരുന്നു .
_______________
4)
ജീവിതത്തിന്റെ ഒരറ്റം മുതല്‍
മറ്റേ അറ്റം വരെ നീട്ടിക്കെട്ടിയ
കരച്ചിലിന്‍റെ ആ തൊട്ടിലില്‍ നിന്ന്
സന്തോഷത്തിന്റെ ഒരു കുഞ്ഞിനെ
കാലം ഇടയ്ക്കിടെ നമ്മുടെ നെഞ്ചില്‍
മാറ്റിക്കിടത്തുന്നുണ്ട് .
___________________
5)
ഉടഞ്ഞുപോകുന്ന ഒന്നായിരുന്നില്ല മനുഷ്യന്‍
താങ്ങാവുന്നതില്‍ അധികം ജീവിതം
നിറച്ചൊഴിച്ചപ്പോള്‍
ചിന്നിപ്പോയതില്‍ സ്വര്‍ണ്ണം ചേര്‍ത്ത്
ഒന്നുകൂടി അമൂല്യമാക്കുക മാത്രം ചെയ്യുന്ന
ഒരു തച്ചുശാസ്ത്രം കൂടിയാണത് !
____________________
6)
ഒരു വെള്ളരിത്തോട്
ഉണങ്ങിച്ചുരുണ്ട് കിടക്കുന്നു
ഒരു പകലിന്‍റെ നിഴല്‍
പൂച്ചയെപ്പോലെ അതിനെ
പതുങ്ങിപ്പതുങ്ങി വിഴുങ്ങുന്നു .
തിരിച്ചറിയാനാകാത്തവണ്ണം
മറ്റൊന്നായി അത് പിന്നെയും
ബാക്കിയാകുന്നു
തൊണ്ടയില്‍ ഉരസുമ്പോള്‍
ഒരു രാത്രിയതിനെ
കക്കിക്കളഞ്ഞെന്ന പോലെത്തന്നെ ,
അതെ
മരണം
ജീവിതത്തോട് ചെയ്യുന്നതുപോലെ-
യൊക്കെത്തന്നെ !
_________________
7)
വയസ്സനാകുക എന്നും എളുപ്പമായിരുന്നു
അവനവനില്‍ കൂനിക്കൂടിയിരുന്നു
ഓര്‍മ്മകളെ മാത്രം തിന്നും കുടിച്ചും
വസന്തകാലവും ധൂര്‍ത്തടിച്ചു
ദരിദ്രനായിരുന്നാല്‍ മാത്രം മതി .
__________________
8)
ഒരുവന്‍റെ
മരണ നേരമടുക്കുമ്പോള്‍ മാത്രം
പ്രണയമോ സ്നേഹമോ
പകര്‍ന്നു തരട്ടെ എന്ന്‍ ചുറ്റും നിന്നവര്‍
ചോദിക്കുന്നു
വിവേകമുള്ള മൂഡരേ,
വിഷം കുഴച്ച
മധുരപലഹാരം പോലെത്
അവന്‍റെ വരണ്ടതൊണ്ടയില്‍
തടഞ്ഞിരിക്കുകയെ ഉള്ളൂ .
__________________
9)
കേള്‍ക്കുവാന്‍
ഇഷ്ടമില്ലെങ്കിലും കേള്‍ക്കൂ
ഏറ്റവും വലിയ സങ്കടത്തിന്റെ പേരാണ് ജീവിതം .
നീയും ഞാനും ആലിംഗനം ചെയ്യുമ്പോള്‍
നമ്മളെന്നു പ്രധിധ്വനിക്കുമെങ്കിലും
തനിച്ചായിപ്പോകുന്ന ഒരിടവഴിയാണത് .
സന്തോഷങ്ങളെ കൊള്ളയടിക്കുന്ന ആരോ ഒരാള്‍
കൂട്ടുകാരനെന്നപോല്‍ കൂടെ സഞ്ചരിക്കുന്നു ,
നമ്മുടെ സ്നേഹങ്ങളിലൊക്കെയും പതിയിരിക്കുന്നു .
നിന്‍റെയും എന്‍റെയും സ്നേഹങ്ങളപ്പോള്‍
ഇല്ലിമുള്ളുപോലെ കൂര്‍ത്തു പോകുന്നു .
_________________________

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "