Labels

3.18.2019

ബോധത്തിന്റെ അഞ്ചാറ് അല്ലികള്‍


(ഒന്ന്)
മെലിഞ്ഞു പോയ പൂക്കളില്‍
മഞ്ഞിച്ച ചിറകുകളുമായി 
ഒരു ശലഭം വിശ്രമിക്കുന്നു
തുന്നാനാകാതെ കീറിപ്പോയ ഒരു
ചിറകിനെക്കുറിച്ചു
അതിന് ഒട്ടും
ആകുലതയുമില്ല .
ജീവിതം ശിഷ്ടം കിട്ടിയതില്‍
എത്ര മധുരം നിറയുന്നു എന്നത് മാത്രം
അതിന്‍റെ കണ്ണുകളില്‍ തിളങ്ങുന്നു .
(രണ്ട്)
മനുഷ്യരായ നാം
അറിവിന്‍റെ ആദ്യമോ അതിന്‍റെ ആഴമോ
അവസാനമോ കണ്ടുപിടിച്ചിട്ടിട്ടില്ല.
ജീവിതം ചിറകനക്കാന്‍ ചിന്തയെ തൊടുമ്പോള്‍
അനുസരിക്കുക മാത്രം ചെയ്യുന്ന സഹജീവികളെ
ജ്ഞാനികള്‍ എന്ന് തന്നെ
ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു .
ഇലകള്‍ ശ്വസിക്കുന്നത്
കാറ്റുകള്‍ അറിയുന്നുണ്ട് ,
നാം അതില്‍ പരാജിതരും .
നിസ്സാരം(ര്‍) എന്ന് നാം മുഖം കോട്ടുന്നവ
എത്ര നേര്‍ത്ത ജീവികള്‍ നിങ്ങളെന്ന്
തിരികെ ചുണ്ടനക്കുന്നില്ല എന്നതില്‍
ഒറ്റ വിജയ പതാകയുടെയും ഇളക്കമില്ല .
(മൂന്ന്)
കാടും നാടും എന്നില്ല
ഒരേ അവകാശമുള്ള ജീവിതങ്ങളുടെ
മേച്ചില്‍പ്പുറങ്ങള്‍ ആര്‍ത്തിയില്‍
ഏച്ചും വളച്ചും കെട്ടുന്ന അല്‍പജ്ഞാനം
നമ്മെ മനുഷ്യനെന്ന് വേര്‍തിരിക്കുക മാത്രം
ചെയ്യുന്നു .
(നാല്)
കവിതയെഴുതുന്നു എന്നതുകൊണ്ട്‌ തന്നെ
മഹാനെന്ന് സ്വയം കാലില്‍ നീളന്‍ കമ്പുകള്‍ കെട്ടി
നിലം തൊടാതെ ഉയര്‍ന്ന് നടക്കുകയൊന്നും വേണ്ട .
നിങ്ങളുടെ കവിതകളേക്കാള്‍ വിടര്‍ന്ന പൂക്കളുണ്ട്
കവിതകളേക്കാള്‍ വിരുന്നുള്ള
ചെറുപ്രാണിച്ചിറകുകളെത്രയോ ഭൂമിയില്‍ ,
പിന്നെയും
എത്ര സൌമ്യം നിശബ്ദമാ പുല്ലുകള്‍
നില്ക്കുന്നു ചുറ്റിലും
കാതലുള്ളവയേക്കാള്‍ കരുത്തില്‍
അതിജീവനം സാധ്യമാകുന്നവര്‍ !
(അഞ്ച്)
പുഴകളെ കുടിച്ചു വറ്റിക്കുവാന്‍
ഒരുവനും സാധ്യമല്ല
ചതിച്ചു വറ്റിക്കുക തന്നെ വേണ്ടിവരുന്നു .
ഉള്ളിലുള്ള നന്മയെ
പറഞ്ഞു പറ്റിക്കും പോലെത്തന്നെ .
(ആറ്)
പ്രേമം വേണ്ടത് സമയത്തോടാണ്
സൂക്ഷ്മത വേണ്ടത് അതിനെ ലാളിക്കുന്നതിലാണ്
പ്രാര്‍ത്ഥനയാകേണ്ടത്
അതിന്‍റെ മാന്ത്രിക താളത്തിനൊപ്പമാണ് .
ഓരോ ജീവനിലും കോര്‍ത്തു കിടക്കുന്ന
സമയത്തിന്‍റെ നാഡിയില്‍ ഇത്തിരി നേരം
ഒന്നിരിക്കുവാന്‍ ആയുന്ന നാം
വൈദ്യുതക്കമ്പിയിലാടുന്ന പറവകളെക്കണ്ടു
വിഡ്ഢികള്‍ എന്ന് പുലമ്പിപ്പാളിയിനിയും
ചിരിക്കേണ്ടതില്ലെന്നു ഒരു മഴ
അതിന്റെ പരിവാരങ്ങളുമായി
എഴുന്നെള്ളുന്നു .
********************************


No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "