Labels

3.18.2019

ദൈവത്താന്‍


തന്നെത്തന്നെ വാരിച്ചുറ്റിയ 
ഒരു മനുഷ്യ ദേഹമായിരുന്നു ഞാന്‍ 
എന്‍റെ ശരീരത്തിനും ആത്മാവിനും 
പകലിന്റെയും രാത്രിയുടെയും ചിറകുകള്‍ 

ജീവിതം  ശോഷിച്ചു പോകുന്ന 
ഒരു  നദിക്ക് മീതെ ഞാന്‍  പറന്നു നടന്നു   
അതിനെന്റെ പേരുള്ള അടയാളം !
മത്സ്യങ്ങള്‍ക്കും മാനുകള്‍ക്കും ഒപ്പം ഞാന്‍  
സഞ്ചരിച്ചിരുന്നു 
അവയുടെ രുചിയില്‍ വിശപ്പിനെ 
ഇടയ്ക്കിടെ കണ്ടുമുട്ടുന്നു .

സന്തോഷത്തിന്റെ വൃക്ഷം നിഴലുകൊണ്ടും
സങ്കടങ്ങളുടെ മടിത്തട്ട് അതിന്‍റെ ആഴം കൊണ്ടും  
എന്നെ  സ്വീകരിക്കുന്നു 
എന്നെത്തന്നെ  ഞാന്‍  അടയാളം വച്ച ഏകാന്ത 
എനിക്ക് ചുറ്റും നൃത്തം  ചെയ്തു  
എന്‍റെ  വഴികളോ 
ആദിസൂര്യനെത്തൊട്ടു .

ജീവിതം  
ചിറകു നിവര്‍ത്തുകയും ഉടല്‍ കുടയുകയും 
ചെയ്തുകൊണ്ടിരുന്നു 
ആദിപാപത്തിന്റെ വേദനകള്‍ 
വസന്തത്തിന്‍റെ പൊയ്മുഖങ്ങളുമായി 
എന്നെയും കൊള്ളയടിച്ചു 
ജീവനില്‍ നിന്നും  ആത്മാവില്‍ നിന്നും  
വേര്‍പെടുത്തുന്ന പോലെയും  
നോവുകളുടെ ഉത്സവം കൊട്ടിത്തിമിര്‍ത്തു .
ദൈവക്കോലങ്ങള്‍ മാഞ്ഞുപോയ  
മകരച്ചൂടില്‍ 
ഒരാലിന്‍ചുവട്ടിലെ സമൃദ്ധമായ തണലില്‍  
ചുവന്നപട്ടും  ചിലമ്പും 
കുങ്കുമക്കൂടയും കാഴ്ചവച്ച് 
എന്നെയും പ്രതിഷ്ട്ടിച്ച് 
ഞാനെന്‍റെ ദൈവമാകുന്നു !

ചിറകുകള്‍ ഇല്ല ചിന്തകളുമില്ല 
ദേഹമോ ദേഹിയോ ഇല്ല 
വാക്കുകളുടെ നൃത്തവും 
കൊഴിഞ്ഞു  പോയിരുന്നു ,
ജീവനുള്ള ഒന്നിനെപ്പോലെയപ്പോള്‍  
നട്ടുച്ചനടുവില്‍  
ഹൃദയാകൃതിയുള്ള ഇലകളുടെ  
അനക്കം മാത്രം  
ഏതോ പുരാതന മന്ത്രണം 
ആവര്‍ത്തിച്ചു കൊണ്ടിരുന്നു !
**************************************************

സോണി ഡിത്ത്,
അസ്സലായിണ്ട് ബിംബവൽക്കരണങ്ങളുടെ കവിത, അതും പൊതുബോധങ്ങളിൽ -
("ദൈവക്കോലങ്ങൾ ‍മാഞ്ഞുപോയ
മകരച്ചൂടിൽ ‍
ഒരാലിൻ‍ചുവട്ടിലെ സമൃദ്ധമായ തണലിൽ ‍
ചുവന്ന പട്ടും ചിലമ്പും
കുങ്കുമക്കൂടയും കാഴ്ചവച്ച്
എന്നെയും പ്രതിഷ്ഠിച്ച്
ഞാനെൻ്റെ ദൈവമാകുന്നു!")
വരുന്ന നിരവധി കാര്യങ്ങളെ അവനവനിലൂടെത്തന്നെ കല്പിക്കുമ്പോൾ മനുഷ്യൻ്റെ സ്വാർത്ഥബോധങ്ങൾക്കേൽക്കുന്ന മുറിവ് ഉണങ്ങുകയേ ഇല്ല.
മാത്രമല്ല എല്ലാം അവസാനിച്ചു വെറും ജഡം ആകുന്ന അവസ്ഥയിലേക്ക് 'സ്വയം ദൈവമാകുന്ന' നിരവധി സാമൂഹ്യബോധങ്ങളെ ആവാഹിക്കുമ്പോൾ ഉള്ള ആ തുറന്നു പറച്ചിൽ ഉണ്ടല്ലോ, അത് ഷെല്ലിയുടെ
ഒസിമാൻഡിയാസിൽ കാണാം -
"my name is ozymandias, king of kings;
look on my works, ye mighty, and despair!
nothing beside remains. round the decay
of that colossal wreck, boundless and bare
the lone and level sands stretch far away"-
സത്യത്തിൽ ഈ ബിംബമല്ലേ ഇവിടെ തകർന്നത്, തകർത്തത് ?
"ജീവിതം
ചിറകു നിവർ‍ത്തുകയും ഉടൽ ‍ കുടയുകയും
ചെയ്തുകൊണ്ടിരുന്നു."
അപ്പോൾ പിന്നെ
"ആദിപാപത്തിൻ്റെ വേദനകൾ
വസന്തത്തിൻ്റെ പൊയ്മുഖങ്ങളുമായി
എന്നെയും കൊള്ളയടിച്ചു."
എന്ന ഈ പൂർവ്വാശ്രമം ഓർക്കേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ. പക്ഷെ അതെല്ലാം എഴുത്തുകാരിയുടെ / കാരൻ്റെ സ്വാതന്ത്ര്യം അല്ലെ!
*********************************

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "