Labels

2.06.2019

അധികാരം ഒരു സാധു മൃഗമാണ്‌


കാലങ്ങള്‍ക്കിപ്പുറം
ഗാന്ധിയുടെ നിഴല്‍ നീണ്ടു കിടക്കുന്നു 
നിരന്തരം വെടിയേറ്റ്
നിറയെ വൃത്താകാരം ഉള്ള നക്ഷത്രങ്ങള്‍ ചുമക്കുന്ന
ഒരു ആകാശത്തിന്‍റെ പാടപോലെ
നമു‍ക്കിപ്പോള്‍ അതിനെ പരിചയമുണ്ട് .
അധികാരത്തിന്‍റെ പര്‍വ്വതാരോഹകര്‍ കയ്യേറിയ
പാതിയും വികൃതമായ ഇന്ത്യയുടെ ഭൂപടം പോലെ
തന്നെത്തന്നെ താങ്ങിനിറുത്തി ക്ഷീണിച്ചു പോയ
വിപ്ലവങ്ങളെപ്പോലെ
നാം അതിനെയും നോക്കി
സഹതാപത്തോടെ നെടുവീര്‍പ്പിട്ടു
നമ്മുടെ ജീവിതങ്ങളില്‍ കൂനിയിരിക്കുന്നു .
നീലക്കുറുക്കന്‍മ്മാര്‍ സിംഹാസനങ്ങളിലിരുന്ന്‍
എല്ലാം നല്ലതിന് വേണ്ടിയാണെന്ന് ഓളിയിടുന്നു .
അവരുടെ പ്രജകള്‍ പുതിയമാറ്റങ്ങളുടെ അപ്പം
ഭക്ഷിച്ച്‌ ഭക്ഷിച്ച്‌ മെലിഞ്ഞു പോയിരിക്കുന്നു .
പാതിരാത്രികളിലെ സൂര്യനുദിപ്പുകള്‍
ദേശം നിറയെ
ആധികളുടെ ചൂളകളിലെ വിറകുകള്‍ക്ക്
തീ കൊടുത്തു .
പച്ച മരംപോല്‍
പുകഞ്ഞു പുകഞ്ഞൊരു രാജ്യം മുഴുവനും
ആ കടുംപുകയിലിപ്പോള്‍ തപ്പിത്തടഞ്ഞു നടക്കുന്നു .
പലര്‍ പൊള്ളിപ്പൊള്ളി വേകുന്നു ,പിന്നെ
വെറുതെ മരിച്ചു പോകുന്നു ..
അവരോ
പുതിയ ഇരകളെ നറുക്കിട്ടെടുത്തുകൊണ്ടിരുന്നു
കൃഷിക്കാരന്‍റെ വയലുകളില്‍ വിശപ്പ്‌ മാത്രം
ബാക്കി വച്ചു .
ധനവാന്റെ കടങ്ങളില്‍
അപ്പൂപ്പന്‍ താടിയുടെ വിത്തുകള്‍ കെട്ടിയിട്ടു .
ഗ്രാമങ്ങളിലെ അടുക്കളകള്‍ ആക്രമിക്കപ്പെട്ടു
മനുഷ്യരെ അട്ടഹാസങ്ങളോടെ വേട്ടയാടിപ്പിടിച്ചു .
അധികാരം പാതിയും ഭക്ഷിച്ചുപോയ
അവരുടെ കുടുംബങ്ങള്‍
അപ്പോള്‍ ബാക്കിയായി .
സാധാരണ മനുഷ്യരുടെ ജീവിതത്തിന്‍റെ
ഒത്ത നടുക്ക് ,വലിയ വട്ടത്തില്‍
ഉപ്പുവെള്ളം നിറഞ്ഞ ഓരോ കിണര്‍
അവര്‍ കുത്തിയിട്ടിരിക്കുന്നു .
സ്വാതന്ത്ര്യം എന്ന് നെടുവീര്‍പ്പിടുവാന്‍ പോലും
കപ്പം കൊടുക്കുന്ന
നിസ്സഹായതയെ പൂജിച്ചിരിക്കുന്നവരുടെ
നിര പിന്നെയും നീളുന്നു .
പതിഞ്ഞ പുഞ്ചിരിയുള്ള ദൈവങ്ങളോ
ആകാശത്ത് ,
നിഷ്കളങ്കതയോടെ പറന്നു നടക്കുന്നു .
പ്രജാനിലവിളികള്‍
കാതുകളുടെ കവാടങ്ങളില്‍പ്പോലും
പ്രവേശിക്കാതിരിക്കുവാന്‍ ,
സ്വന്തമായി പഞ്ഞിത്തോട്ടങ്ങള്‍ വാങ്ങിക്കൂട്ടിയ
പ്രസിദ്ധനായ ഒരു രാജന്‍റെ ഭരണമാണ്.
അക്ഷരങ്ങള്‍ കൊണ്ട് യുദ്ധം ചെയ്തവര്‍ക്ക്
നേരെ തോക്ക് ചൂണ്ടി
എഴുത്ത് കൊണ്ട് മുറുമുറുത്ത മറ്റു ചിലരെ
വാളുകള്‍ കൊണ്ടും കല്ലുകള്‍ കൊണ്ടും
കരുത്തുകൊണ്ടും ആഞ്ഞു ചുംബിച്ചു .
അവര്‍ വീശിയ നിറത്തില്‍ നിന്നും
ജയ്‌വിളികളില്‍ നിന്നും
നമ്മുടെ പഴയ സാധുമൃഗം
അതെ, ആ പാല്‍തൂ ജാന്‍വര്‍
ഭീമാകാരമായ ഒരു സത്വം പോലെ
വെകിളിപിടിച്ചു പാഞ്ഞുവന്നു .
ഇന്നും
മുറിവേറ്റ ഒരു രാജ്യവും അതിന്‍റെ
മുറിവേറ്റ ജനതയും
ചോരവാര്‍ന്ന ഉടലുമായ് പുളയുന്നു
അധികാരം
അതിന്റെ തെരുവില്‍ പൊടിപാറിച്ചുകൊണ്ട്
അരാജകത്വത്തിന്റെ ശംഖൂതുന്നു .
നാമിപ്പോള്‍
ആമ ജയിച്ച പന്തയത്തില്‍
ഉറങ്ങിപ്പോയ മുയലിനെ തിരഞ്ഞ് പിന്നോട്ട്
ഓടുകയാണ് .
അതെ ,
അധികാരം ഒരു സാധു മൃഗമാണെന്ന് നാം
പിന്നെയും ,
തിരിച്ചറിഞ്ഞിരിക്കുന്നു .
__________________________
സോണി ഡിത്ത് 
__________________________

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "