Labels

2.10.2019

പ്രണയമെന്നാല്‍



മുന്തിരിപ്പൂക്കളായിരുന്നില്ല പ്രണയം 
ചെഞ്ചുവപ്പാര്‍ന്ന ആകാശമേനിയും  
ആയിരുന്നില്ലത്
നിറമുള്ള ചുമരുകള്‍  മാത്രമുള്ള 
സ്വപ്നവുമല്ലായിരുന്നു. 

അതോ 
ആദികാലം മുതല്ക്കേ 
ഹൃദയം ഹൃദയത്തില്‍ 
കോര്‍ത്തുപിണയുമ്പോള്‍  തിളങ്ങുന്ന  
മിശ്രവികാരമുള്ളോരാ 
സ്വര്‍ണ്ണനാഗങ്ങള്‍ തന്‍  നീലക്കണ്ണുകള്‍ 

അതോ 
മാതളപ്പൂനിഴലില്‍  
മരുഭൂമി ഒളിപ്പിച്ചു വച്ചൊരാ നീര്‍നിധിയുടെ 
അരുമയാം അനക്കം 

മകരക്കാറ്റുവീശുമ്പോള്‍ 
ചുണ്ടിലേയ്ക്ക് തെന്നിവീഴുന്ന 
വാഴപ്പൂവിലെ 
പ്രിയമാര്‍ന്ന നേര്‍ത്ത മധുരസം 

പേരറിയാത്ത കാടിന്‍റെ ഉച്ചിയില്‍ 
വേനലിലിരുകിളികള്‍ ചേര്‍ന്ന് പാടുന്ന 
ദിവ്യഗാനം 

നീര്‍ത്തടത്തിന്‍ ചാരെ നിന്ന് 
പ്രണയപൂര്‍വ്വം നീരില്‍ 
നിശബ്ദമായ് പൂക്കള്‍ പൊഴിക്കുമൊരു   
വൃക്ഷവികാരം 

അതുതാന്‍  അല്ലയോ ഇതെന്ന് നമ്മില്‍  
ഇടയ്ക്കിടെ ആരോ തൂക്കിയിടുന്നോരാ 
പഴയൊരു വാല്‍ക്കണ്ണാടി 

പ്രണയം 
വിഷാദത്തെയും ആനന്ദത്തെയും  
വേട്ടയാടിപ്പിടിച്ചു വിളയാടും   
ഇരുമുഖം ഉള്ലോരാ വിശുദ്ധ സര്‍പ്പം

പ്രണയം 
നാം  മാറി മാറി വിവര്‍ത്തനം  ചെയ്യുന്ന  
അദൃശ്യമാം കാലകാലാന്തര ഘടികാരത്തിന്‍ 
വിസ്മയ സ്പന്ദനവുമത്രെ !

ഇതാ 
വാക്കുകള്‍  തീര്‍ന്നു പോകുമ്പോള്‍ 
നാം  പരസ്പരം നോക്കുകൊണ്ട് തൊടുക്കുമാ
ഹൃദയബാണത്തിന്‍ പ്രണയ ശോണിമ
നിന്‍റെയുള്ളിലും ഇപ്പോള്‍ 
പടരുന്നതറിയുക ...
...............................................

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "