ആഴക്കടലിലേക്ക് എറിയുന്ന വലപോലെയാണ് പ്രവാസം ചിലര്‍ വല നിറച്ച് സന്തോഷത്തോടെ മടങ്ങിപ്പോരുന്നു മറ്റു ചിലര്‍ കടല്പ്പായല്‍ മാത്രം കുരുങ്ങിയ വലയുടെ ഉപ്പുമണവുമായി തളര്‍ന്നു തിരികെ പ്പോരുന്നു. മരുഭൂമിയുടെ മറ്റു വേഷപ്പകര്ച്ചകളെക്കാള്‍ വേനലാണ് ഇവിടെ കൂടുതല്‍പ്പേര്‍ക്കും
അപരിചിതനല്ലാത്ത ഉപ്പ് മണമുള്ള ആ ഒരാള്‍ .മരുഭൂമിക്കും അതിലൂടെ സഞ്ചരിക്കുന്ന ഒരു വിഭാഗം പ്രവാസികള്‍ക്കും ചിലപ്പോള്‍ ഒക്കെ ഒരു സൂഫിയുടെ രൂപഭാവങ്ങള്‍ ആവാഹിച്ച ഹൃദയമാണ് എന്ന് തോന്നിപ്പോകും.
കുന്നുകളും ഒട്ടകക്കൂട്ടങ്ങളും നിലം പറ്റി പച്ചതുറന്നു വച്ച് നില്ക്കുന്ന പുല്ലുകളും ,തലയുയര്‍ത്തി നില്‍ക്കുന്ന മുള്‍ച്ചെടികളും എല്ലാത്തിനും രാജാവായി എണ്ണക്കിണറുകളെ അടയാളം വച്ച ഇടങ്ങളും പിന്നെ നിഗൂഡതകള്‍ ഒളിപ്പിച്ചുവച്ച വിസ്മയ ഭംഗികളും ഓരോ കാലാവസ്ഥകളെയും മണല്‍ച്ചൂര് കൊണ്ട് തൊട്ടു മറിക്കുന്ന കാലങ്ങളും എല്ലാത്തിനും സാക്ഷിയായ് നിവര്‍ന്നു കിടക്കുന്നു .ഈ അറേബ്യന്‍ ഭൂമി പുരാതനമായ അതിന്‍റെ മന്ത്രസ്വരങ്ങളെ മാറിമാറി ഉരുവിട്ടുകൊണ്ടിരിക്കുന്നു .
അറബിനാട്ടിലെ വെയിലും മഴയും മഞ്ഞും കാറ്റും എല്ലാം ഓരോ പ്രവാസിയും അവന്‍റെ നാടുമായി ചേര്‍ത്ത് ഇടയ്ക്കിടെ ഒത്തുനോക്കുന്നുണ്ട് .അത് അവനെ ആശ്വസിപ്പിക്കുകയോ കൂടുതല്‍ സങ്കടപ്പെടുത്തുകയൊ അതുമല്ലെങ്കില്‍ മറ്റൊരു സമ്മിശ്ര വികാരത്തില്‍ കൊണ്ടെത്തിച്ച് തിരികെ കൊണ്ട് വരികയോ ചെയ്യുന്നുണ്ട് .ഇപ്പോള്‍ അറേബ്യന്‍ നാടുകള്‍ ചൂടുകാലത്തെ കടന്ന് തണുപ്പ് കാലത്തിലേയ്ക്ക് പതിയെപ്പതിയെ അതിന്റെ മണല്‍ക്കൂനകളെയും ഈന്തപ്പനകളെയും മനുഷ്യരെയും കൊണ്ട് നീങ്ങിത്തുടങ്ങിയിരിക്കുന്നു .
മഞ്ഞുകാലത്തെ മണല്‍ഭൂമിയെ സൂര്യന്‍ അതിന്‍റെ സുന്ദരവും മൃദുവുമായ ചുംബനം കൊണ്ട് മനോഹരിയാക്കുന്നു . ഇളംചൂടുള്ള ചിരികള്‍ കൊണ്ട് പകലുകളെയും ചുവപ്പും പീതനിറവും അടുക്കിയും ഇടകലര്‍ത്തിയും ആകാശത്തു ചാര്‍ത്തി ഒരു കാന്‍വാസില്‍ എന്നപോലെ അതിന്‍റെ സായന്തനങ്ങളെയും അലങ്കരിക്കുന്നു .മരുഭൂമിയെ പൂക്കള്‍കൊണ്ടും തളിരുകള്‍ കൊണ്ടും ആ വരവറിയിക്കുന്നു .
ഭൂമിയുടെയും മനുഷ്യരുടെയും വേവുകളെയും വടുക്കളെയും മഞ്ഞുമണമുള്ള കാറ്റുകള്‍കൊണ്ട് തഴുകി ആ കാലം കടന്നുപോകുന്നു .മേല്ക്കൂരയുള്ളവര്‍ അതിന്‍റെ ആനന്ദത്തെ സ്വീകരിച്ചു വികാരാധീനരാകുകയും ആഘോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നു .ഉള്ളില്‍ മഴക്കാലവും വേനലും മാത്രം മാറിമാറി വന്നുപോകുമ്പോള്‍ വിണ്ടുകീറിയ ജീവിതം ഏതു കാലത്തിലും ചിലരെ നോവിച്ചു കൊണ്ടിരിക്കും .അവനോ മഞ്ഞുകാലത്തിലും പ്രാവുകളെപ്പോലെ അവന്‍റെ പ്രാര്‍ഥനയില്‍ അടയിരിക്കുന്നു .
ഇലപൊഴിയന്‍ നാളുകള്‍ കടന്ന് മഞ്ഞുകാലം അതിന്‍റെ വരവറിയിക്കുന്നത് പൊടിക്കാറ്റും പിന്നെ മഴക്കാറും കൊണ്ടാണ് . ചിലപ്പോള്‍ തുലാവര്‍ഷം പോലെ ഇടിയുടെയും മിന്നലിന്റെയും അകമ്പടിയും ഉണ്ടാകും .വെളുത്ത നീളന്‍ ഉടുപ്പുകളിലും ഇവിടെ കുഞ്ഞുങ്ങള്‍ മഴനനയാന്‍ മടിച്ചു നില്‍ക്കാറില്ല .ആകാശത്തിന്‍റെ സമ്മാനപ്പൊതി ആവേശത്തോടെ അവര്‍ ആവോളം ഏറ്റുവാങ്ങി സന്തോഷം പങ്കിടുന്നതും രസകരമായതും മനസ്സ് കുളിര്‍പ്പിക്കുന്നതു മായ കാഴ്ചകള്‍ തന്നെ .
ഈ തണുപ്പന്‍ മാസങ്ങളില്‍ മരുഭൂമിയുടെ മാറില്‍ വെളുത്ത കൂടാരങ്ങളും പലനിറമുള്ള നേര്‍ത്ത വെളിച്ചങ്ങളും നിറയുന്നത് നമ്മില്‍ കൌതുകമുണര്‍ത്തും .ഈ ജനത തണുപ്പന്‍ രാവുകളെ ആഘോഷമാക്കുകയാണ്.ആ രാത്രികള്‍ ഉറങ്ങാനുള്ളതല്ല ! ഗഹ്വയും ചുട്ടമാംസങ്ങളും ചൂട് വര്‍ത്തമാനങ്ങളുമായി അറബ് അവരുടെ പൂര്‍വ്വസ്മരണകളുടെ ഒരോ ചീന്തു പനയോലകള്‍ വീണ്ടും പകുക്കുന്നുണ്ടായിരിക്കണം അവിടെ .അറബ് യുവത്വങ്ങള്‍ അവരുടെ ചിരികളും ചിന്തകളും പുതിയകാലത്തിന്‍റെ കാപ്പിക്കടകളിലേയ്ക്ക് മാറ്റി ഇരുത്തിയിരിക്കുന്നു .അവയുടെ ഊഷ്മളമായ അന്തരീക്ഷവും മങ്ങിയ വെളിച്ചത്തിനും കീഴെ അവര്‍ മഞ്ഞുകാലം മൊത്തിക്കുടിക്കുന്നു .
പകല്‍ നടക്കുവാന്‍ കഴിയാത്ത ചൂടുകാലത്തെ അതെ ഇടങ്ങളിലൂടെ നമുക്ക് ആവോളം ആകാശത്തെയും മണല്‍ഭൂമിയും ആസ്വദിച്ച് സഞ്ചരിക്കാവുന്ന നല്ല സമയങ്ങള്‍ .വഴിനീളെ പൂച്ചെടികള്‍ വച്ച് കൊടുക്കുമ്പോള്‍ മഞ്ഞുകാലം അതില്‍ പൂക്കള്‍ നിറച്ച് മനുഷ്യനെ സന്തോഷിപ്പിക്കുവാന്‍ മത്സരിക്കുന്നതും വെളുത്ത പറവകള്‍ ഒരുമിച്ചു പറക്കുന്ന ആകാശങ്ങളും കണ്ടു നമുക്ക് നടന്നു നീങ്ങാം. ഇക്കാലത്ത് ആണ് കൂടുതലായി ദേശവര്‍ത്തമാനങ്ങളും വീട്ടുവര്‍ത്തമാനങ്ങളുമായി കോര്‍ണിഷുകളിലും പാര്‍ക്കുകളിലും കുടുംബങ്ങള്‍ കൂടുതലായി ഒഴിവു സമയങ്ങള്‍ ആസ്വദിക്കുന്നത്. പലവിധ വിനോദങ്ങളുടെയും ഫെസ്റ്റ്കളുടെയും നല്ലകാലവും ഇതുതന്നെയാണ് .ഒട്ടക കുതിരവണ്ടി സവാരികളും ചൂടന്‍ ചോളപ്പാത്രങ്ങളും മണല്ക്കൂനകളില്‍ കയറിയിറങ്ങിപ്പായുന്ന കുഞ്ഞന്‍ വണ്ടികളും അങ്ങിനെ പലതും ഒരുക്കി കാത്തിരിക്കുന്നവരുടെ സന്തോഷകാലം കൂടി മഞ്ഞുകാലത്തില്‍ അവിടവിടെ കാണാം .
കടല്‍ക്കാക്കകള്‍ ആകാശത്തും മണലിടങ്ങളിലും കൂട്ടം കൂട്ടമായി പാറിച്ചുറ്റുന്ന കാലം കൂടിയാണ്.മഞ്ഞുകാലം തീര്‍ന്നു തീര്‍ന്നു പോകവേ അവ അവയുടെ കുഞ്ഞുങ്ങളെയും ആകാശം കാണിക്കുന്നുണ്ട് എന്ന് ഞാന്‍ ആനന്ദത്തോടെ നോക്കി നില്‍ക്കാറുണ്ട് . എത്രയെത്ര കുഞ്ഞു ചിറകുകള്‍ താഴെ നിന്നു നോക്കുബോള്‍ അവ വലിയ ശലഭങ്ങളെപ്പോലെ നമുക്ക് മുകളില്‍ ഒഴുകുന്നതുപോലെ തോന്നുന്നു .കുറെ ദേശാടനപ്പക്ഷികളെയും ചില പ്രത്യേക ഇടങ്ങളില്‍ കാണുന്നതും മഞ്ഞുകാലം തരുന്ന ബോണസ് തന്നെയാണ് . എവിടെയും കാണുന്ന പൂച്ചകളുടെ കാര്യം എടുക്കുകയാണെങ്കില്‍ ഈ തണുപ്പിനെ അവ അധികം ഇഷ്ടപ്പെടുന്നില്ല . കടല്ക്കരകളില്‍ ഓടിനടന്നിരുന്നവര്‍ കല്ലിടുക്കുകളില്‍ ഒളിച്ചിരിക്കുമെന്നും പിന്നെ അവയുടെ കുറുമ്പന്‍ കുട്ടികളുമായി പിന്നീട് പുറത്തിറങ്ങുമെന്നും ശ്രദ്ധിച്ചിട്ടുണ്ട് .
തണുപ്പന്‍ കാലം വരുന്നതും പോകുന്നതും മഴയുടെ പരവതാനിയിലൂടെയാണ് എന്നതാണ് മറ്റൊരു കൌതുകം . രണ്ടറ്റത്തും മഴമണം ഉള്ള ഒരു കാലമായി അവയെ ഓര്‍മ്മകളില്‍ തൂക്കിയിടുമ്പോള്‍ കേരളീയര്‍ക്ക് എന്തെന്നില്ലാത്ത ഗൃഹാതുരത കൂടി മനസ്സില്‍ തിങ്ങി വരും. എ സി മുറികളില്‍ നിന്നും ഹീറ്റര്‍ ചൂടിന്‍റെ കൂട്ടിലേക്ക് അവര്‍ പലപ്പോഴും കുഞ്ഞുങ്ങള്‍ എന്നപോലെ ജോലിത്തിരക്കുകള്‍ കഴിഞ്ഞ് കുനിഞ്ഞു കൂടും .
"കാറ്റുലയുമ്പോള്‍ മഴ ചിതറുമ്പോള്‍
മഞ്ഞുപൊഴിയുന്ന മരമാകുന്നു കാലം
കിളിയൊച്ചകള്‍ ,കാപ്പിച്ചൂട് ,
നമ്മുടെ കുഞ്ഞു കുഞ്ഞാശകള്‍
നമ്മുടെ കുഞ്ഞു കുഞ്ഞാശകള്‍
കൊഞ്ചിച്ചുരുളുന്ന കുസൃതി ,
കമ്പിളി ഉടുപ്പിന്‍റെ പ്രണയം
കമ്പിളി ഉടുപ്പിന്‍റെ പ്രണയം
ഒക്കെയും ചുറ്റും നിറയുന്നു" .
ചൂടന്‍ കപ്പയും കാന്താരിയും നേര്‍ത്ത പത്തിരിയും കോഴിക്കറിയും കടുപ്പന്‍ സുലൈമാനിയും പിന്നെ എന്തെന്നില്ലാത്ത നമ്മുടെ ആ നാടന്‍ പൂതികള്‍ ഒക്കെയും വരിവരിയായി നമ്മില്‍ വന്നു നിറയുന്ന കാലം കൂടിയാണത്.പുതിയ കുഞ്ഞുങ്ങള്‍ അവയില്‍ പിസ്സകളെയും ബര്‍ഗ്ഗറുകളെയും അവരുടെ മോഡേന്‍ ഇഷ്ടങ്ങളെയും കൂടെക്കൂട്ടിയിരിക്കുന്നു .
തണുപ്പന്‍കാറ്റ് വീശുമ്പോഴും വൃശ്ചികത്തില്‍ എന്നപോലെ മരങ്ങള്‍ക്കിടയിലൂടെ കമ്പിളികളില്‍ കയ്യുകള്‍ തിരുകി നടന്ന് കൊതിയോടെ പോറ്റമ്മയുടെ ഈ സുന്ദരമായ ഭാവമാറ്റങ്ങളെ ആസ്വദിക്കുകയാണ് പലരും. ഉള്ളിലെ വേവുകളെ കുറച്ചു സമയത്തെയ്ക്കെങ്കിലും മറന്നു കളയാന്‍ ചിലനേരങ്ങള്‍ മനുഷ്യന്
തണുപ്പന്‍കാറ്റ് വീശുമ്പോഴും വൃശ്ചികത്തില്‍ എന്നപോലെ മരങ്ങള്‍ക്കിടയിലൂടെ കമ്പിളികളില്‍ കയ്യുകള്‍ തിരുകി നടന്ന് കൊതിയോടെ പോറ്റമ്മയുടെ ഈ സുന്ദരമായ ഭാവമാറ്റങ്ങളെ ആസ്വദിക്കുകയാണ് പലരും. ഉള്ളിലെ വേവുകളെ കുറച്ചു സമയത്തെയ്ക്കെങ്കിലും മറന്നു കളയാന്‍ ചിലനേരങ്ങള്‍ മനുഷ്യന്
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "