Labels

12.04.2018

പ്രണയമഞ്ഞ്


നാം  പ്രണയത്തില്‍നടക്കുമ്പോള്‍
മുന്നില്‍
സ്വയം തെളിയുന്ന പാതകള്‍
ആരോ  
ഒളിപ്പിച്ചു വച്ചിരിക്കുന്നു !

പ്രണയമേ ചുറ്റും  വെളിച്ചമാണ് 
നമ്മെ മാത്രം  കാണുന്ന  വെളിച്ചം !
പ്രണയത്തില്‍ ഉദിക്കുകയും  
അസതമിക്കുകയും ചെയ്യുന്ന  
ചുവന്ന നക്ഷത്രത്തെപ്പോലെ ഞാന്‍
ഹൃദയത്തില്‍  
ചെമ്പരത്തിച്ചാറു പൂശിയിരിക്കുന്നു .
ചിന്തകള്‍ നിറയെ  
ഉന്മാദത്തിന്റെ വിത്തുകള്‍ 
പൊട്ടിത്തൂളുന്നു.

ഹാ ! 
ഭ്രാന്തിന്റെ കടല്‍പ്പെരുക്കങ്ങള്‍ കേള്‍ക്കുന്ന  
ദ്വീപിലാണ് നാം ഉറങ്ങിക്കിടക്കുന്നതും .
നമ്മളൊരുമിച്ച്  
ഒരു സ്വപ്നത്തിന്‍റെ കടല്‍ വരാന്തയിലിരുന്ന് 
വെളുത്ത കാക്കകള്‍ ചുണ്ടില്‍ 
വാകപ്പൂങ്കുലകളുമായി പറക്കുന്ന ഒരു  
ചിത്രം  വരച്ചു തീര്‍ക്കുന്നു .

വാഴനാരു പിരിച്ച്  
രണ്ടിലകള്‍കൊളുത്തിയ കൊലുസ്സിട്ട 
നിന്‍റെ കാലുകള്‍ കടല്ക്കര തൊടുമ്പോള്‍
ആകാശം ഓരോ തരിമണികള്‍ അതില്‍
സ്വര്‍ണ്ണവെയില്‍ കോര്‍ത്തിടുന്നു .

മരങ്ങളില്‍ 
പൂക്കളുടെ  കവിതകള്‍
നിറഞ്ഞു  നില്‍ക്കുന്ന താഴ്വരയില്‍

പക്ഷിക്കൂടുകളില്‍ നിറയെ 
ചിത്രശലഭങ്ങള്‍ പതിഞ്ഞിരിക്കുന്ന  
സ്വപ്നത്തെ 
കാന്‍വാസില്‍പകര്‍ത്തുമ്പോള്‍
പ്രണയത്തിന്‍റെ ഒന്നാം  സ്ഥലം  പോലും നാം  
കടന്നു  പോയിരുന്നില്ല .

ഉണര്‍വ്വിലേയ്ക്ക് ഉയിര്‍ക്കുമ്പോള്‍
പ്രണയത്തിന്‍റെ വേരുകള്‍ പിണഞ്ഞ 
തലകളുമായി നാം 
നടന്നു നീങ്ങുന്നു .
പ്രണയത്തില്‍  ആയിരിക്കുമ്പോഴൊക്കെയും  
പുളിയുറുമ്പുകള്‍ കൂടുതുന്നുന്ന 
ഇലകള്‍ക്കിടയിലൂടെ 
ഉടലുകള്‍ ഒതുക്കി നമ്മള്‍  നടന്നു .

ഏതു വയലോന്‍ വിതച്ചിട്ട ധാന്യമാകാം 
നമ്മുടെ പനം തത്തകള്‍കൊത്തി 
കൂടൊരുക്കുന്നതെന്ന്
ഒരു പനിനീര്‍പ്പൂവ് 
അതിന്‍റെ കുഞ്ഞന്‍ അമ്പുകൊണ്ട് 
ഒന്ന് കാലില്‍തൊട്ടു .
വിരഹം കൊണ്ടെന്നപോലെ നമ്മള്‍ 
ഇരുനിമിഷം 
വിയര്‍ത്തു പോയി .

പ്രണയത്തിന്‍റെ പച്ച ഉടലുകളില്‍ 
മുറിവുകള്‍ എപ്പോഴും 
ചുണ്ടുകളെന്നപ്പോലെ ഹൃദയത്തെ 
ചുംബിച്ചുകൊണ്ടിരിക്കും എന്ന്  
നീളവാലന്‍ തുമ്പികള്‍ ചുറ്റിലും 
കണ്ണുകള്‍ അനക്കി.

ചിന്തകള്‍ കുടയുമ്പോള്‍
പറന്നു മാറുന്ന പക്ഷികളെപ്പോലെ 
പ്രണയം  ചിതറുകയും 
വീണ്ടും കൂടുകയും ചെയ്യുന്നുണ്ടായിരുന്നു.
എങ്കിലും 
പ്രണയപൂര്‍വ്വം നാം ധ്യാനിക്കുമ്പോളൊക്കെയും  
മഞ്ഞില്‍നിന്നും മരക്കുരിശുമായി ആരോ  ഒരാള്‍
പതുക്കെ പതുക്കെ നമുക്ക് നേരെ 
തെളിഞ്ഞു വരുന്നുണ്ടായിരുന്നു !

______________________________________________

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "