Labels

11.10.2018

മനുഷ്യനെന്നതൊരു വിശുദ്ധ വാക്കല്ല




ഭൂമിയുടെ തൊലിക്ക് മുകളില്‍
അതറിയാതെ കൊണ്ട് നടക്കുന്ന
മനുഷ്യനെന്നു സ്വയം വിളിക്കുന്ന
അതിന്റെ ഇളകുന്ന ജീവനുള്ള ഒരു
രോമമാണ് ഞാന്‍ .
ആകാശമാണ്‌ എനിക്കു സ്വന്തമായുള്ളത് ,
കയ്യെത്തിപ്പിടിക്കാനോ
ഒരിക്കലെങ്കിലും തൊടാനോ സാധിക്കാത്ത
ഒന്നിനെ അഹങ്കാരത്തോടെ ആരാധനയോടെ
സ്വന്തമെന്നു നെഞ്ചില്‍ കൊണ്ട് നടക്കുന്നത്
മനുഷ്യന് പുതിയൊരു ഗൗരവമുള്ള തമാശയല്ല .
വെളിച്ചം മുകളില്‍ നിന്ന്
വെള്ളം താഴെ നിന്ന്
വായുവോ ചുറ്റും നിന്നും
എല്ലാമിങ്ങനെ ദാനം കിട്ടിയവന്‍റെ ആ 
നടത്തം കണ്ടിട്ടുണ്ടോ നിങ്ങള്‍ ?
എപ്പോള്‍ വേണമെങ്കിലും വളഞ്ഞോ ഒടിഞ്ഞോ
പൊടിഞ്ഞോ പോയേക്കാവുന്ന എന്തോ ഒന്നിനെ 
നട്ടെല്ലുള്ളതെന്നും പറഞ്ഞ്
എല്ല് മുളയ്ക്കാത്തതും ഏറ്റവും എളുപ്പം
അഴുകിപ്പോകുന്നതുമായ ഒന്നുകൊണ്ട് 
ഏറ്റം ഗർവ്വോടെ 
ചുഴറ്റി വീശിയങ്ങ് ഒറ്റപ്പോക്കാണ് .
എല്ലാം ചൂണ്ടുവിരലില്‍ തളയ്ക്കാമെന്ന്
ആവര്‍ത്തിച്ചു ഓരിയിട്ടവന്‍
ഒരു കൊടുങ്കാറ്റിലോ പ്രളയത്തിലോ
ഒരു കടുത്ത ഉടല്‍ച്ചൂടിലോ
വിറച്ചു പതുങ്ങുന്നതുവരെയ്ക്കും
അവര്‍ ഒച്ചയായ് മാത്രം പറത്തിവിട്ട
ധീരതകളുടെ എക്സ്റേകളെ
ഒരിക്കലും നിങ്ങൾ കണ്ടെടുക്കാറില്ല .
കടലോ കാറ്റോ വെള്ളമോ വീഞ്ഞോ
വരുതിയില്‍ അല്ലാത്ത വിരുതരാണ് നാം
മനുഷ്യനെന്ന 
വിചിത്ര ബുദ്ധിയുള്ള പ്രാണികള്‍ .
അവനവന്‍ ശരികളുടെ കടിഞ്ഞാണും കൊണ്ട്
ഏഴു ലോകവും പിന്നെയവന്‍റെ
കാക്കത്തൊള്ളായിരം ദൈവങ്ങളെയും കൊണ്ട്
പ്രാണനും പൊതിഞ്ഞു പിടിച്ചു 
മരിക്കുന്നിടം വരെ
വെറുതെയങ്ങിനെ
യാത്രപോകുന്നവര്‍ .
മനുഷ്യന്‍റെ അറിവില്‍
നാലില്‍ മൂന്നുഭാഗവും അവനെ 
തിരികെ അറിയാത്തവയുടെ 
ഭൂഗന്ധങ്ങളാണ് എന്ന കണ്ടുപിടുത്തമാണ്
ഞാനിപ്പോള്‍ ഉറക്കത്തില്‍ നടത്തുകയും
ഉണരുമ്പോള്‍ മറന്നു പോകുകയും ചെയ്യുന്നത് .
അതുകൊണ്ടായിരിക്കാം
മരണത്തിന്‍റെ ഇരകളാകും വരെ
കോഴിക്കും കൊതുകിനും പുഴുവിനുമൊപ്പം
ജീവിതത്തിലിങ്ങനെ ജീവനോടെ ഇരിക്കുന്ന
നമ്മളെ
എന്തുപേരായിരിക്കും പ്രപഞ്ചം
നീട്ടിവിളിക്കുന്നത് എന്നിടക്കിടെ
ഉണര്‍വ്വിലും ഉറക്കത്തിലുമിങ്ങിനെ
കാതോര്‍ത്തു പോകുന്നത്!


No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "