Labels

10.14.2018

ലഹരിയുടെ ലിപികള്‍



ഹൃദയത്തിലെ വീഞ്ഞ്
ചിന്തകളിൽ കടിഞ്ഞാണില്ലാത്ത അതിന്‍റെ
കുതിരക്കൂട്ടത്തെ അഴിച്ചുവിട്ടു.
ആത്മാവുകൊണ്ട് ഞാൻ നൃത്തം ചെയ്യുകയും
ആനന്ദം കൊണ്ടും സങ്കടം കൊണ്ടും
എന്നെത്തന്നെ
അമ്മാനമാടുകയും ചെയ്തു.
ഞാൻ പല ഹൃദയമുള്ള മനുഷ്യനായി
എനിക്കുള്ളിൽ കറങ്ങുകയും
എന്നിൽ നിന്ന് പാഞ്ഞോടുകയും
എന്‍റെയുള്ളിൽ മുങ്ങിപ്പൊങ്ങുകയും
ചെയ്തു കൊണ്ടിരുന്നു.
ആകാശത്തെ ഉടുത്തു
ഭൂമിയെ ആലിംഗനം ചെയ്തു
ഉള്ളുo പുറവും ഒന്നായ
വാതിലുകൾ ഇല്ലാത്ത ഒരു ദേവാലയമായി
ഒറ്റമഴയിൽ
തുളുമ്പിപ്പോകുമെന്ന പോലെ ഞാൻ
നിറഞ്ഞ തടാകമായി,
ഒരു കാറ്റിൽ ആകെക്കുടഞ്ഞ്
പൂമണം തെള്ളുന്ന
കള്ളിൻ നിറമുളെളാരു ഗന്ധരാജച്ചുവടായി.
കാലുകൾ കൊണ്ടും കയ്യുകൾകൊണ്ടും
ഉദരം കൊണ്ടും ഉന്മാദം കൊണ്ടും
മണ്ണിനെ തൊട്ട് മാനത്തു തൊട്ട്
ഉരഗജീവിതവും ആകാശ ജീവിതവും അറിഞ്ഞു.
നിന്റെ ഓർമ്മ തൊടുത്ത
അമ്പുകൾ കൊണ്ടിടക്കിടെ ഞാൻ
ചുവന്ന് പോകുമെങ്കിലും
നീയിറ്റു വീഴുന്ന ഹൃദയമുള്ള പ്രതിഷ്ഠയായി
ഇപ്പോൾ ഞാനിതാ ഇവിടെ
വെറും നിലത്തിരിക്കുന്നു.
ലഹരിയുടെ ദീപങ്ങൾ ആഞ്ഞുകത്തുമ്പോൾ
ബോധത്തിന്‍റെ ഈയലുകൾ പാറി നടക്കുന്ന തെരുവിലെ
ചന്ദനം മണക്കാത്തവനാകുന്നു.
ഉളളിലേക്കാളുന്ന വെയിലിൽ നിന്നും
ഒരു കറി നാരകത്തിന്നില മണത്ത്
കറുത്ത വാവിന്റെ തിണ്ടത്തിരുന്ന്
വെളുത്ത വീഞ്ഞ് കുടിക്കുന്നു.
എന്‍റെ ഏകാന്തത
ഉരിഞ്ഞെറിഞ്ഞു ഞാന്‍ ,
നിന്‍റെയാനന്ദ വാചാലത
വാരിച്ചുറ്റുന്നു ,
നഗ്നമാകുന്നു വിഷാദത്തിന്‍റെയാ ഉടല്‍ !
ഒരു വെളുത്ത തൂവല്‍കൊണ്ട്
ശരത്കാലം വീണ്ടുമെന്നെ തൊട്ടു നോക്കുമ്പോള്‍
ചുറ്റമ്പലമില്ലാത്ത കോവിലിലെ ദേവന് നേദിക്കാൻ
ഒരു കുടം അന്തിക്കള്ളും കൊണ്ട്
ഒന്നാം പടി കടന്നുവാ നീയെൻ
മുളങ്കൂട്ടിൽ പൂവിട്ട ചെമ്പരുത്തീ !
**********************************************

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "