5.04.2018

വീണ്ടുവിചാരണഒരാള്‍ ചൂളമടിക്കുമ്പോള്‍
ഒരു പക്ഷി അതിനു മറുപടി മൂളുന്നു
മഞ്ഞയും വയലറ്റും നിറമുള്ള കുഞ്ഞുപൂക്കള്‍ 
തലയിലേന്തി പുല്‍ച്ചെടികള്‍
അവരുടെ സ്നേഹത്തെയും സൌഹാര്‍ദത്തെയും
മണ്ണില്‍ നിന്നും മുകളിലേയ്ക്ക് ഉയര്‍ത്തുന്നു .
ഉണങ്ങിയ വൃക്ഷം അതിന്‍റെ തോടിനുള്ളില്‍
ഉറുമ്പുകള്‍ക്കും പ്രാണികള്‍ക്കും ഇടം കൊടുക്കുന്നു
മരിച്ചിട്ടും തന്നെ പകുത്ത് കൊടുക്കുന്നു .
ആകാശം കൊണ്ട് ഋതുക്കളെ ചൂടിച്ച്
ഭൂമികൊണ്ട് താങ്ങിയെടുത്ത്
വെള്ളത്തെയും വെളിച്ചത്തെയും കോരിക്കൊടുത്ത്
പ്രപഞ്ചം വളര്‍ത്തിയ കുഞ്ഞുങ്ങള്‍ നമ്മള്‍
പുല്‍ച്ചാടികള്‍ പൂമ്പാറ്റകള്‍
കാലുകൊണ്ടും ചിറകു കൊണ്ടും
നിറങ്ങള്‍ കൊണ്ടും നൃത്തം ചെയ്യുന്നവര്‍
കുഞ്ഞു ജീവിതം കൊണ്ട് ആനന്ദിക്കുന്നവര്‍
മനുഷ്യന് ചുറ്റും ദൈവം വിളമ്പിവച്ചിരിക്കുന്നവര്‍ .
എകാന്തതയെന്നും മടുപ്പെന്നും
അവനവനില്‍ കുഴിച്ചു മൂടി
നിറച്ചുണ്ടിട്ടും അരവയര്‍ നിറയാത്തവനെ
മറന്നിട്ട് ആഞ്ഞുനിലവിളിച്ച്
സങ്കടങ്ങളെന്നു
ഉള്ളതിന്‍റെയും ഇല്ലാത്തതിന്‍റെയും
അഴികളെണ്ണി
വസന്തമിറുത്ത് റീത്ത് ചൂടി അവര്‍
വിലപിക്കുന്നു
വളര്‍ന്നിട്ടും വളഞ്ഞിരിക്കുന്നവരെ
നോക്കൂ നിങ്ങളാ
കൊടുങ്കാറ്റില്‍ മണ്ണോടൊട്ടി
ചാഞ്ഞു പോയൊരു ചില്ല നിറയെ പൂക്കള്‍
തിങ്ങിവിടര്‍ന്നു നില്‍ക്കുന്നതിലെത്ര ആനന്ദം
പിന്നെയും
മടങ്ങിയെത്തിയിരിക്കുന്നെന്ന് !