Labels

4.17.2018

ബോധിവൃക്ഷത്തിന്‍റെ ദലമര്‍മ്മരങ്ങള്‍- കൈരളിയുടെ കാക്ക ത്രൈമാസിക.


ബോധിവൃക്ഷത്തിന്‍റെ ദലമര്‍മ്മരങ്ങള്‍
___________________________________
വേപ്പുമരത്തിലെക്കാറ്റ്
അതിലൊറ്റക്കിളിയെ ഇരുത്തി ഓമനിക്കുമ്പോള്‍ 
ഞാനെന്റെ ജാലകം തുറന്നിടുന്നു
അവിടെ ഉണ്ടായിരുന്നെന്ന അടയാളത്തെ
ഒരു ചില്ലയനക്കത്തില്‍ പുറകിലാക്കി
അത് പറന്നു പോകുന്നു .
വര്‍ത്തമാനകാലത്തെ ഒരു ചിറകനക്കത്തില്‍
ഭൂതകാലമെന്നെഴുതി അതിദ്രുതം
ആ നിമിഷത്തെ കടന്നു പോകുന്നൊരു
മാന്ത്രികന്‍ !
ഈ പ്രപഞ്ചത്തില്‍
ഉത്തരങ്ങളെക്കാള്‍ ദുഷ്കരമാണ്
ചോദ്യങ്ങളെ തുറന്നു വിടുക എന്നത്
തനിക്ക് താങ്ങാവുന്നതിലധികം ഭാരവുമായി
ചിലപ്പോളത് തിരികെ എത്തിയേക്കാം .
ജീവിതം ഒരു കണ്ണാടിയല്ല
ശ്വാസത്തെപ്പോലെ സ്വന്തമല്ലാത്ത പലതുമാണ് നാം .
ഹൃദയമൊരു വിരുന്നുകാരനാകുമ്പോള്‍
ജീവിതമതിന്റെ വിരുന്നുമേശയാകുന്നിടം മാത്രമാണ്
നമുക്കീ ലോകം .
നമുക്ക് മുകളില്‍
പാടിത്തീര്ത്ത ഓരോ പകലുമായി കിളികള്‍ ,
കൂട്ടിലേയ്ക്കു പറക്കുന്നു .
വസന്തങ്ങള്‍ കൊഴിഞ്ഞു തീരുമ്പോഴും
വേനലുകള്‍ പടര്‍ന്നു പെരുകുമ്പോഴും
പാട്ടുകളുമായവര്‍ കാലങ്ങള്ക്കു കുറുകെ
പറന്നു പോകുന്നു .
ലോകമോ , നമ്മെയും എന്നപോലെ
ഓരോന്നിനെയും
പൂരിപ്പിച്ചുകൊണ്ടിരിക്കുന്നു .
മഞ്ഞുകാലങ്ങള്‍ മനുഷ്യനെ
പുതപ്പുകളിലേയ്ക്ക് ചുരുട്ടിക്കളയുന്നു
മഴക്കാലം കുഴലൂതുമ്പോള്‍
എത്രയെത്ര ഈയലുകള്‍ മരണനൃത്തം ചെയ്യുന്നു !
ഗ്രീഷ്മം ജലഉടലുകളുമായി
ഗാഡപ്രണയത്തിന്റെ ഒന്നാകലുകളിലേയ്ക്ക്
ഓരോ അടരുകള്‍ ,പടവുകള്‍ ഇറങ്ങിപ്പോകുന്നു .
വേനല്‍ , വയലിലും കാറ്റിലും
വിണ്ടലിപികള്‍ കൊണ്ടടയാളം വക്കുന്നു .
അപ്പോഴൊക്കെയും
ഏതു തീപ്പൊരി വീണാളിപ്പോകുമെന്നറിയാതെ
പാതിയുമുണങ്ങിയ ജീവിതങ്ങളും കൊണ്ട്
നാമുലയുന്നു .
നോക്കി നോക്കിയിരിക്കെ
ഒരു ശരത്കാലത്തെ കാറ്റുവന്നു ജാലകം ചാരുന്നു ,
ചുറ്റും ഇലകള്‍ പൊഴിയുമ്പോള്‍
നഗ്നമാകുന്നു ജീവിതം .
കിളിക്കുഞ്ഞുങ്ങള്‍ പറക്കാന്‍ പാകമാകുമ്പോള്‍
കൂട്ടിലവശേഷിക്കുന്ന
നനുത്തചില തൂവലുകള്‍ പോലെ
നാം ചിലത് ബാക്കിയാക്കുന്നു ,
ജീവന്റെ അടയാളങ്ങളെന്നു തോന്നിക്കാത്തവണ്ണം
കാലങ്ങളിലൂടെ എത്ര അലസമായവ
പാറിപ്പോകുന്നെന്ന് കാണൂ !
ഒരു കാലം
തെളിവുകള്‍ നിരത്തി നിരത്തി വയ്ക്കുന്നു
മറുകാലം
അതിനെയെല്ലാം പൊട്ടും പൊടിയും മാത്രമാക്കി
വിഴുങ്ങിക്കളയുന്നു .
നമ്മുടെ ശരീരങ്ങളും ,
ഏതോ കാലത്തിന്റെള തെളിവുകള്‍
മറ്റേതോ കാലമതിനെ
അപ്പാടെ വായിലാക്കുവാന്‍
പൂച്ചപ്പതുക്കങ്ങളുമായി കൂടെയുണ്ടെന്നത്
ഇന്നും മാറ്റമില്ലാതെ തുടര്ച്ചകളെ പെറുന്നു .
ഓരോ ശിലയും
ആദരപൂര്‍വ്വം കടന്നുപോകേണ്ടുന്ന
കാലങ്ങളും കൂടിയാണ്
ഏതേതു ദൈവങ്ങളെ സ്വതന്ത്രമാക്കിയ
(അതോ ബന്ധനത്തിലാക്കിയതോ !)
ഉളിയൊച്ചകളെ ധ്യാനിക്കുന്നു അവയെന്ന്
നാമറിയുന്നില്ല ,
ദൈവകാലത്തേക്ക് ഉയര്ന്നുപോയവരുടെ
പൂര്‍വ്വാശ്രമച്ചീളുകളിലൂടെ നാം !
പകലുകള്‍ ഓരോന്നും
ഉടഞ്ഞു പോകുന്നെന്നോ
അലിഞ്ഞു പോകുന്നെന്നോ നാം
ആസ്വദിക്കുകയോ ആകുലപ്പെടുകയോ ചെയ്യുന്നു
ഉടഞ്ഞുപോകുന്നത് ഓരോരോ നമ്മളെന്നു ,
നമ്മുടെ സമയമെന്ന്
വീണ്ടുമാ സൂര്യനുദിക്കുന്നു .
നിങ്ങളറിയുന്നോ
ജീവിതം അതിന്റെയാ
ഒറ്റച്ചുബനംകൊണ്ട് ഒപ്പുവച്ച
നമ്മുടെയേതോ വസന്തകാലത്തിലായിരിക്കണം
നാമിപ്പോള്‍
ചേക്കേറിയിരിക്കുന്നത് !
_________________________________

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "