4.17.2018

ഉന്മാദവാക്യങ്ങള്‍

1) നെല്‍ക്കതിര് കൊത്തിപ്പറക്കും പക്ഷിയെ
ഒരു ചില്ലിട്ടചിത്രത്തില്‍ സൂക്ഷിച്ചു വയ്ക്കുന്നു ,
നാളെയൊരു ഓര്‍മ്മകൊണ്ട് തൊട്ടു രുചിക്കാന്‍ 
ഗൃഹാതുരത്വമെന്ന പഴകിയ വീഞ്ഞ്
ശേഖരിക്കുന്നു ഞാന്‍ .
____________________________________
2) പൂമ്പാറ്റകള്‍
ചിറകു മിനുക്കുന്ന കാലം വരുമ്പോള്‍
അവര്‍ പക്ഷികളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് നമ്മള്‍ അത്ഭുതമൊന്നുമില്ലാതെ നോക്കി നില്‍ക്കും
നാമപ്പോള്‍ ഉടലുകളില്ലാത്ത മനുഷ്യരായിരിക്കും .
___________________________________
3) വിഷാദത്തിന്റെ വിത്ത്‌ ഉള്ളില്‍
വീണുപോകാതെ സൂക്ഷിക്കുക ,
ഇത്തിക്കണ്ണിയേക്കാള്‍ ഗാഡമായി
അവ നിങ്ങളെ ചുംബിക്കുകയും
കണ്ണീര്‍ തുള്ളിപോലൊരു ചിഹ്നം കൊണ്ട്
അകാലമപ്പോള്‍ നിങ്ങളെ
മൂന്നക്ഷരത്തിനുള്ളില്‍ തൂക്കിയിടുകയും ചെയ്യും.
___________________________________
4) ഏകാന്തതയില്‍ മുങ്ങിത്താഴും നേരം
ഓര്‍മ്മയുടെ കച്ചിത്തുരുമ്പൊന്ന്
കയ്യില്‍ തടയുന്നു
കൈതപൂക്കുന്നോരാ കുന്നിന്‍ നെറുകയില്‍
നീണ്ടൊരു ശ്വാസമെടുക്കാതെ
ഇനിയെങ്ങിനെ ഞാന്‍
ആത്മഹത്യ ചെയ്യും !
__________________________________
5) ഒരു തുള്ളി സ്നേഹം മതി
മുറികൂടും ,അകം തെളിയും
ആകെത്തളിര്‍ക്കും.
__________________________________
6) കാലത്തിന്‍റെ വയലിന്‍ കമ്പികളില്‍
നൃത്തം ചെയ്യുന്ന മനുഷ്യരാണ് നാം !
ഇലത്തുമ്പില്‍ ധ്യാനിക്കുന്ന
പ്രഭാതത്തിലെ
മഞ്ഞുതുള്ളിയാകട്ടെ
നിന്‍റെ ദൈവം , ഗുരുവും !
________________
7)തീരത്തടിഞ്ഞൊരു ശംഖില്‍
ബാക്കിയാകുന്ന
നിശബ്ദതയുടെ നിറവാണ്
എന്റെ കവിത .
_____________________
ചിത്രം എന്‍റെ ചീരപ്പൂവുകള്‍ 💜💚💜

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "